കുപ്രസിദ്ധ കുറ്റവാളി റിപ്പർ ജയാനന്ദൻ ആദ്യമായി പരോളിൽ പുറത്തിറങ്ങി; 17 വർഷത്തിന് ശേഷമുള്ള പരോൾ അഭിഭാഷകയായ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ
സ്വന്തം ലേഖകൻ
തൃശൂർ: കുപ്രസിദ്ധ കുറ്റവാളി റിപ്പർ ജയാനന്ദൻ പതിനേഴ് വർഷത്തെ ജയിൽ വാസത്തിനിടെ ആദ്യമായി പരോളിൽ പുറത്തിറങ്ങി. രണ്ടു ദിവസത്തേക്ക് പൊലീസ് സാന്നിധ്യത്തിലാണ് പരോൾ. ഹൈക്കോടതി അഭിഭാഷകയായ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് പരോൾ ലഭിച്ചത്. മൂത്ത മകളുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാനായി രണ്ട് ദിവസത്തെ എസ്കോട്ട് പരോളാണ് ഹൈക്കോടതി അനുവദിച്ചത്. രാവിലെ ഒൻപതിനു പുറത്തിറങ്ങിയ ജയാനന്ദനെ ഇന്ന് വൈകിട്ട് 5 ന് ജയിലിൽ തിരികെ എത്തിക്കും.
മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ജയാനന്ദന് പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യയാണ് ഹർജി നൽകിയത്. സംസ്ഥാന സർക്കാർ പരോളിനെ എതിർത്തിരുന്നു. മകൾ തന്നെ അമ്മക്ക് വേണ്ടി ഹൈകോടതിയിൽ ഹാജരായി. ഒടുവിൽ ഹൈക്കോടതി പരോൾ അനുവദിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് പകൽ വീട്ടിലായിരിക്കും ജയാനന്ദൻ കഴിയുക. നാളെ വടക്കുംനാഥ ക്ഷേത്രത്തിലാണ് മകളുടെ വിവാഹം. നാളെ പൊലീസിനൊപ്പമാകും ക്ഷേത്രത്തിലെത്തുക. രാവിലെ 9 മുതൽ 5 വരെ വിവാഹത്തിൽ സംബന്ധിക്കാം.
കൊടുംകുറ്റവാളിയായ റിപ്പർ ജയാനന്ദനെ വീയൂർ അതീവ സുരക്ഷാ ജയിലിലായിരുന്നു തടവിൽ പാർപ്പിച്ചിരുന്നത്. 24 കേസുകളിൽ പ്രതിയാണ് ജയാനന്ദൻ. സ്ത്രീകളെ തലക്കടിച്ച് ആഭരണം തട്ടിയെടുക്കലായിരുന്നു ഇയാളുടെ രീതി.