
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയ്‌ക്കെതിരെ ആദ്യം പരസ്യമായി ആരോപണമുന്നയിച്ച നടി റിനി ആൻ ജോർജ് സിപിഎം വേദിയില്‍.
സൈബർ ആക്രമണത്തിനെതിരെയുള്ള പ്രതിഷേധ പരിപാടിയിലാണ് റിനി പങ്കെടുത്തത്. കൊച്ചിയില്‍ നടന്ന പരിപാടിയില്‍ മുൻമന്ത്രി കെ കെ ശൈലയ്‌ക്കൊപ്പം നടി വേദി പങ്കിട്ടു.
‘എനിക്കൊരു യുവ നേതാവില്‍ നിന്ന് വളരെ മോശമായ സമീപനം നേരിടേണ്ടി വന്നുവെന്നാണ് ഞാൻ തുറന്നുപറഞ്ഞത്. എന്നാല്‍പ്പോലും ഒരു പ്രസ്ഥാനത്തെ വേദനിപ്പിക്കേണ്ട, ദുഃഖിപ്പിക്കേണ്ട എന്നുകരുതി. ഞാൻ ആ പ്രസ്ഥാനത്തിന്റെ പേര് പറയുകയോ, വ്യക്തിയുടെ പേര് പറയുകയോ ചെയ്തിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരെയെങ്കിലും വേദനിപ്പിക്കണമെന്നോ ആരെയെങ്കിലും തകർക്കണമെന്നോ ആയിരുന്നില്ല എന്റെ ഉദ്ദേശം.
എനിക്ക് ആകെ ഒരു ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാഷ്ട്രീയത്തില്‍ കടന്നുവരുന്ന യുവ നേതാക്കള്‍ ഇങ്ങനെയാണോ ആകേണ്ടത് എന്ന ചോദ്യം മാത്രമാണ് ഞാൻ ചോദിച്ചത്.
രാഷ്ട്രീയത്തില്‍ കടന്നുവരുന്ന നേതാക്കന്മാർ സ്ത്രീകളോട് എങ്ങനെ പെരുമാറണം, ധാർമികതയോടെ അവർ മുന്നോട്ടുപോകണമെന്ന കാര്യം മാത്രമാണ് ഞാൻ പങ്കുവയ്ക്കാൻ ശ്രമിച്ചത്. പേര് പറയുകയോ, പ്രസ്ഥാനത്തിന്റെ പേര് പറയുകയോ ഒന്നും ചെയ്യാതെ തന്നെ എനിക്ക് നേരെ വലിയ തോതിലുള്ള, ഭയാനകമായ സൈബർ ആക്രമണമാണ് പൊട്ടിപ്പുറപ്പെട്ടത്.’- റിനി പറഞ്ഞു.