
കാഞ്ഞങ്ങാട് പഞ്ചായത്തിൽ വിവരാവകാശം നൽകിയാൽ വീട്ടിൽ കയറി മർദ്ദിക്കും
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: പഞ്ചായത്തിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയ വ്യക്തിയെ വീട്ടിൽക്കയറി മർദിച്ചു. വേലാശ്വരം രൂപ നിവാസിലെ ടി.വി.നാരായണനെയാണ് കഴിഞ്ഞ ദിവസം ഒരു സംഘം രാത്രി വീട്ടിൽക്കയറി കഴുത്തുഞെരിക്കുകയും അടിക്കുകയും ചെയ്തത്. താൻ രഹസ്യമായി കൊടുത്ത അപേക്ഷയിലെ വിവരങ്ങൾ എങ്ങനെയാണ് ചോർന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് നാരായണൻ പറഞ്ഞു. സ്വകാര്യ ആസ്പത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹം ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകി.
കാറും വീടുമുള്ളതും കുടുംബാംഗം ഗൾഫിലുള്ളതുമായ കുടുംബങ്ങൾക്ക് ബി.പി.എൽ. കാർഡ് അനുവദിച്ചത് നിയമപരമായി ചോദ്യംചെയ്യുന്നതിനു വേണ്ടി അജാനൂർ ഗ്രാമപ്പഞ്ചായത്തിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി. ആറു വീട്ടുകാരുടെ നമ്പർ സഹിതം നൽകിയ അപേക്ഷയിൽ വീടിന്റെ വിസ്തീർണവും മറ്റും ചോദിച്ചിരുന്നു. അപേക്ഷയിൽ പറഞ്ഞ ചില വീട്ടുകാർ ബുധനാഴ്ച രാത്രി സംഘടിച്ചെത്തി നാരായണനെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
