
കോട്ടയത്തിന്റെ പ്രാദേശിക ചലച്ചിത്ര മേളയ്ക്ക് തുടക്കമായി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ കാന്തൻ വ്യാഴാഴ്ച പ്രദർശനത്തിന്
സ്വന്തം ലേഖകൻ
കോട്ടയം: അക്ഷരനഗരത്തിന്റെ കനവുകൾക്ക് സിനിമയുടെ നിറംപകർന്ന് പ്രാദേശിക ചലച്ചിത്ര മേളയ്ക്ക് തുടക്കമായി. ബുധനാഴ്ച രാവിലെ 9.30 ന് അനശ്വര തീയറ്ററിലെ ചടങ്ങിലായിരുന്നു പ്രാദേശിക ചലച്ചിത്ര മേളയ്ക്ക് തുടക്കമായത്. ചലച്ചിത്ര ഗ്രന്ധകാരനും ആദ്യ കാല ചലച്ചിത്ര പ്രവർത്തകനുമായ എം.എം വർക്കി തിരിതെളിച്ചു.
ചലച്ചിത്ര മേളയിൽ വ്യാഴാഴ്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ കാന്തൻ ദി ലവർ ഓഫ് കളർ പ്രദർശിപ്പിക്കും. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ചിത്രം ഇതിന് ശേഷം ആദ്യമായാണ് ഒരു വേദിയിൽ പ്രദർശിപ്പിക്കുന്നത്.
രാവിലെ 9.30 ന് കൊളംബിയൻ ചിത്രമായ ദി ബ്രൈബ് ഓഫ് ഹെവൻ എന്ന ചിത്രം പ്രദർശിപ്പിച്ചു.
തുടർന്ന് സ്ളീപ്പ് ലെസ് ലി യുവേഴ്സ്, ബിലാത്തിക്കുഴൽ, ഡാർക്ക് റൂം, കൊടേഷ്യൻ തുടങ്ങിയ ചിത്രങ്ങളും പ്രദർശിപ്പിച്ചു. തുടർന്ന് ഡിജിറ്റൽ കാലത്തെ ചലച്ചിത്ര വിദ്യാഭ്യാസ മൂല്യം എന്ന വിഷയത്തിൽ ഓപ്പൺ ഫോറം നടന്നു. ഓപ്പൺഫോറത്തിൽ നിരവധി സിനിമാ പ്രേമികൾ പങ്കെടുത്തു. ചർച്ചയും സിനിമകളുടെ വിശദാംശങ്ങളും ഇവിടെ സിനിമാ പ്രേമികൾ പങ്കു വച്ചു. വിനോദ് സുകുമാരനും, ഡോ.പി .എസ് രാധാകൃഷ്ണൻ ചർച്ചകളിൽ പങ്കെടുത്തു. ചരിത്രവും സംസ്‌കാരവും ചലച്ചിത്ര വിദ്യാഭ്യാസത്തിൽ നിന്ന് അകലുന്നത് ആശങ്കാജനകമാണെന്ന് ഓപ്പൺ ഫോറം അഭിപ്രായപ്പെട്ടു.
ജൂൺ സിനിമയുടെ സംവിധായകൻ അഹമ്മദ് കബീർ , തിരക്കഥാകൃത്തുക്കളായ ലിബിൻ വർഗീസ് , ജീവൻ ബേബി മാത്യുസ് എന്നിവരെ ഓപ്പൺ ഫോറത്തിൽ ആദരിച്ചു.
സംവിധായകൻ മൃണാൾ സെന്നിനോടുള്ള ആദര സൂചകമായി ഭുവൻ ഷോം പ്രദർശിപ്പിച്ചു. തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തെ വേദിയിലായിരുന്നു ചിത്രം പ്രദർശിപ്പിച്ചത്.
ചലച്ചിത്ര മേളയിൽ വ്യാഴാഴ്ച രാവിലെ 9.30 ന് ബിജുകുമാർ ദാമോദരന്റെ ഇന്ത്യൻ സിനിമ പെയിന്റിംഗ് ലൈഫ് പ്രദർശിപ്പിക്കും. ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് ഷരീഫ് എസ്സായുടെ മലയാള ചിത്രം കാന്തൻ ദ ലവർ ഓഫ് കളർ പ്രദർശിപ്പിക്കുന്നത്. ഉച്ചയ്ക്ക് 2.30 ന് ബിനു ഭാസ്‌കർ സജിത് നാരായണന്റെ മലയാള ചിത്രം കോട്ടയം പ്രദർശിപ്പിക്കും. വൈകിട്ട് ആറിന് അനാമിക ഹസ്‌കറിന്റെ ഹിന്ദി ചലച്ചിത്രം ടേക്കിംഗ് ദി ഹോൾസ് ടു ഈറ്റ് ജിലേബീസ് പ്രദർശിപ്പിക്കും. രാത്രി എട്ടിന് മോണിക്ക ലൈറാനയുടെ അർജന്റീനിയൻ ചലച്ചിത്രം ദി ബെഡും പ്രദർശിപ്പിക്കും. അനശ്വര തീയറ്ററിലാണ് പ്രദർശനം നടക്കുക. ആത്മയും, ചലച്ചിത്ര അക്കാദമിയും ചേർന്നാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.
വൈകിട്ട് ഏഴിന് തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തെ ഓപ്പൺ വേദിയിൽ വൈകിട്ട് 6.30 ന് പെരുന്തച്ചൻ പ്രദർശിപ്പിക്കും. മേളയുടെ ഭാഗമായി വൈകിട്ട് 4.45 ന് നടക്കുന്ന ഓപ്പൺ മലയാള സിനിമയിലെ നവഅഭിനയ ശൈലികൾ എന്ന വിഷയത്തിൽ എ.ചന്ദ്രശേഖർ പങ്കെടുക്കും. കാന്തൻ സിനിമയുടെ സംവിധായകനും മേളയിലെ ഓപ്പൺ ഫോറത്തിൽ പങ്കെടുക്കും.