
സ്വന്തം ലേഖകൻ
കോഴിക്കോട്: വ്ലോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. മൃതദേഹം ഖബറടക്കിയ പാവണ്ടൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ കോഴിക്കോട് തഹസിൽദാർ പ്രേംലാലിന്റെ സാന്നിധ്യത്തിൽ ഫോറൻസിക് മേധാവി ഡോ. ലിസ, എ.ഡി.എം ചെൽസാ സിനി, താമരശ്ശേരി ഡി.വൈ.എസ്.പി.ടി.കെ അഷറഫ് എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ് മോർട്ടം നടപടികൾ.
ഖബറിടത്തിലേക്ക് മാധ്യമ പ്രവർത്തകർക്കോ നാട്ടുകാർക്കോ പ്രവേശനമില്ല. രാവിലെ 9.30 ഓടെയാണ് നടപടികൾ ആരംഭിച്ചത്. രാവിലെ 8 മണിയോടെ പൊലീസുകാർ സ്ഥലത്തെത്തി ക്യാമ്പ് ചെയ്തിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദുബൈയിൽ മരിച്ചനിലയിൽ കണ്ടെത്തിയ റിഫയെ ഇക്കഴിഞ്ഞ മാർച്ച് മൂന്നിനാണ് പാവണ്ടൂരിൽ ഖബറടക്കിയത്. മാര്‍ച്ച് ഒന്നിന് രാത്രിയായിരുന്നു ദുബൈയിലെ ഫ്ലാറ്റില്‍ റിഫയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ദുബൈയില്‍വെച്ച് റിഫയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് റിഫയുടെ ഭര്‍ത്താവ് മെഹ്നാസും സുഹൃത്തുക്കളും കബളിപ്പിച്ചെന്ന് കുടുംബം നേരത്തേ ആരോപിച്ചിരുന്നു.
ഖബറടക്കാൻ തിടുക്കം കൂട്ടിയതും കുടുംബത്തിന് സംശയം ജനിപ്പിച്ചിരുന്നു. പൊലീസില്‍ നല്കിയ പരാതിയിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇതേതുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.
റിഫയുടെ മരണത്തില്‍ ഭര്‍ത്താവിനും സുഹൃത്തിനും എതിരെ തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്ന് പിതാവ് റാഷിദ് അറിയിച്ചിരുന്നു. റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഭര്‍ത്താവ് മെഹ്നാസിന് എതിരെ തങ്ങളുടെ പക്കല്‍ തെളിവുണ്ട്. ഭര്‍ത്താവിന്റെ സുഹൃത്ത് ജംഷാദിനും മരണത്തില്‍ പങ്കുണ്ട്. മെഹ്നാസ് പറയുന്നത് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ്. പൊലീസ് ഇവരെ ചോദ്യം ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടു.
സംഭവത്തില്‍ മെഹ്നാസിനെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തിരുന്നു. യൂട്യൂബിലെ ലൈക്കിന്റെയും സബ്ക്രിബ്ഷന്റെയും പേരില്‍ മെഹ്നാസ് റിഫയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പത്ത് വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് മെഹ്നാസിനെതിരെ ചുമത്തിയിട്ടുള്ളത്.