
കോന്നി സിവിൽ സപ്ലൈസ് ഗോഡൗണിൽ നിന്നു അരിയും ഗോതമ്പും കടത്തി ; കടത്തിയത് 800 ക്വിൻറൽ അരിയും ഗോതമ്പും ; വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയത് 36 ലക്ഷം രൂപയുടെ തിരിമറി ; ഉദ്യോഗസ്ഥർക്കെതിരെ കേസ് ; ധാന്യങ്ങൾ കടത്തിയ ലോറി ഡ്രൈവർക്കെതിരെയും കേസ്
സ്വന്തം ലേഖകൻ
പത്തനംതിട്ട: കോന്നി സിവിൽ സപ്ലൈസ് ഗോഡൗണിൽ നിന്നു ഭക്ഷ്യധാന്യം കടത്തിയ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. 36 ലക്ഷം രൂപയുടെ അരിയും ഗോതമ്പും കടത്തിയെന്നായിരുന്നു വകുപ്പുതല വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയത്. ഗോഡൗൺ ചുമതലയുണ്ടായിരുന്ന അനിൽ കുമാർ, ജയദേവ് എന്നീ ഉദ്യോഗസ്ഥർക്കെതിരെയാണ് കേസ്.
ഒക്ടോബർ മാസത്തിൽ സിവിൽ സപ്ലൈസ് വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 800 ക്വിൻറൽ അരിയും ഗോതമ്പും കടത്തിയെന്നാണ് എഫ്ഐആർ. 36 ലക്ഷം രൂപയുടെ തിരിമറിയാണ് കണ്ടെത്തിയത്. ഉദ്യോഗസ്ഥർക്കു പുറമേ ലോറി ഡ്രൈവറേയും പ്രതി ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജിപിഎസ് സംവിധാനം ഉൾപ്പെടെ ക്രമീകരിച്ചാണ് ഭക്ഷ്യധാന്യങ്ങൾ ഗോഡൗണുകളിലേക്കും പിന്നീട് റേഷൻ കടകളിലേക്കും കൊണ്ടു പോകുന്നത്. സിവിൽ സപ്ലൈസ് വകുപ്പിൻറെ ഓഡിറ്റ് റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്യുക.
ഭക്ഷ്യധാന്യങ്ങൾ കടത്തിയ ലോറി ഉൾപ്പെടെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാണ്. ക്രമക്കേട് കണ്ടെത്തിയതിനു പിന്നാലെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് കേസ്. ധാന്യം എങ്ങനെ കടത്തി എന്നതടക്കമുള്ള വിഷയങ്ങളിൽ വിശദമായ അന്വേഷണം തുടരും.