
കുറ്റിക്കാട്ടില്‍ 20 ചാക്ക് അരി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; റേഷന്‍ കടയില്‍ നിന്നുളള അരിയെന്ന് നാട്ടുകാർ; പൊലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖിക
വര്‍ക്കല: വെട്ടൂര്‍ വലയന്‍കുഴി റോഡരികിലെ കുറ്റിക്കാട്ടില്‍ 20 ചാക്ക് അരി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
ചൊവ്വാഴ്ച രാവിലെയാണ് അരിചാക്കുകൾ ഉപേക്ഷിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടത്.
വിവരമറിയിച്ചതിനെ തുടര്‍ന്ന് വെട്ടൂര്‍ ഗ്രാമപഞ്ചായത്തംഗം എസ് സുനില്‍ സ്ഥലത്തെത്തുകയും വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓട്ടോറിക്ഷയിലാണ് അരിച്ചാക്കുകള്‍ കൊണ്ടുവന്ന് കുറ്റിക്കാട്ടില്‍ തളളിയതെന്നാണ് ലഭിക്കുന്ന വിവരം. സ്ഥലത്തെത്തിയ പൊലീസ് ഡ്രൈവറെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു.
വര്‍ക്കല താലൂക്ക് ആശുപത്രിക്ക് സമീപമുളള കടയില്‍ നിന്നും എവിടെയെങ്കിലും കൊണ്ടുപോയി കുഴിച്ചിടാന്‍ ഏല്പിച്ചതാണെന്നാണ് ഡ്രൈവര്‍ പൊലീസിനെ അറിയിച്ചത്. എന്നാല്‍ റേഷന്‍ കടയില്‍ നിന്നുളള അരിയാണ് ഇത്തരത്തില്‍ കൊണ്ടു തളളിയതെന്ന് സംഭവസ്ഥലത്ത് കൂടിയ നാട്ടുകാര്‍ ആരോപിച്ചു.
സംഭവം കേട്ട് തടിച്ചുകൂടിയ തൊഴിലാളി സ്ത്രീകള്‍ അമര്‍ഷത്തോടെയാണ് സംഭവത്തില്‍ പ്രതികരിച്ചത്. ജോലിയും കൂലിയുമില്ലാതെ കോറോണക്കാലത്ത് നാട്ടുകാര്‍ കടുത്ത പ്രതിസന്ധിയെ നേരിടുമ്പോള്‍ ഇത്രയും ഭക്ഷ്യധാന്യം പാഴാക്കികളഞ്ഞത് നീതീകരിക്കാനാവില്ലെന്നും അഞ്ചോ പത്തോ രൂപ വിലകുറച്ച് തന്നിരുന്നെങ്കില്‍ തങ്ങള്‍ വാങ്ങുമായിരുന്നെന്നും അവര്‍ പറയുന്നു.
അരിയുടെ സാമ്പിള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് പരിശോധനയ്ക്കയക്കുമെന്നും പരിശോധനഫലം കിട്ടിയശേഷം കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
പൊലീസിന്‍റെ ഇടപെടലിനെ തുടര്‍ന്ന് അരി കൊണ്ടു തളളിയ ഡ്രൈവര്‍ തന്നെ അവ തിരിച്ചെടുത്ത് കൊണ്ടുപോയി. സംഭവത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.