
റവ.ഡോ. ജോസ് പുലവേലിക്കു നാടും വീടും ചേര്‍ന്ന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി; പൗരോഹിത്യത്തിന്‍റെ വിശുദ്ധിയില്‍ അധ്യാപനത്തില്‍ തിളങ്ങിയ റവ.ഡോ. ജോസ് പുലവേലിക്കു അന്ത്യാഞ്ജലി അര്‍പ്പിച്ചത് ആയിരങ്ങള്‍
സ്വന്തം ലേഖകൻ
കുറവിലങ്ങാട്: പൗരോഹിത്യത്തിന്‍റെ വിശുദ്ധിയില്‍ അധ്യാപനത്തില്‍ തിളങ്ങിയ റവ.ഡോ. ജോസ് പുലവേലിക്കു നാടും വീടും ചേര്‍ന്ന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി. ജോസച്ചന്‍റെ കര്‍മഭൂമിയായിരുന്ന അല്‍ഫോൻസാ കോളജിലും ബാല്യകൗമാരങ്ങള്‍ പിന്നിട്ട് പൗരോഹിത്യത്തിന്‍റെ വിളി സ്വീകരിച്ച കുറവിലങ്ങാടും ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനെത്തിയത്.
പാലാ അല്‍ഫോന്‍സാ കോളജില്‍ നടന്ന പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്ക് കോളജ് മാനേജരും രൂപത പ്രോട്ടോ സിഞ്ചെല്ലൂസുമായ മോണ്‍. ജോസഫ് തടത്തില്‍ നേതൃത്വം നല്‍കി.മേവിടയിലേയും കുറവിലങ്ങാടേയും സഹോദരങ്ങളുടെ വീട്ടിലും നിരവധിപേരെത്തി അന്ത്യയാത്രാമൊഴിയേകി. അജപാലകശുശ്രൂഷ ചെയ്തിരുന്ന കരൂര്‍ തിരുഹൃദയപള്ളിയില്‍ ഇടവകജനം കണ്ണീരൊഴുക്കിയാണ് വിടചൊല്ലിയത്. കരൂര്‍ തിരുഹൃദയ ദേവാലയത്തില്‍ രാമപുരം ഫൊറോനവികാരി റവ.ഡോ.ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വസതിയില്‍നടന്ന ശുശ്രൂഷകള്‍ക്കു മാര്‍ ജേക്കബ് മുരിക്കൻ കാര്‍മികത്വം വഹിച്ചു. കുറവിലങ്ങാട് പള്ളിയില്‍ നടന്ന രണ്ടാംഘട്ട ശുശ്രൂഷകളില്‍ പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഡോ. ജോസഫ് തടത്തില്‍ മുഖ്യകാര്‍മികനായി.
വിശുദ്ധ കുര്‍ബാനയിലും തുടര്‍ശുശ്രൂഷകളിലും പാലാ രൂപതാധ്യക്ഷൻ മാര്‍ ജോസഫ് കല്ലറങ്ങാട്, ചിക്കാഗോ രൂപത മുൻ അധ്യക്ഷൻ മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവര്‍ കാര്‍മികത്വം വഹിച്ചു. അല്‍ഫോൻസാ കോളജിനെ ജനകീയ കോളജാക്കി മാറ്റുന്നതില്‍ ഫാ. ജോസ് പുലവേലില്‍ പ്രകടിപ്പിച്ചിരുന്ന അധ്വാനം ഏറെ ശ്രദ്ധേയമാണെന്ന് മാര്‍ കല്ലറങ്ങാട് സന്ദേശത്തില്‍ പറഞ്ഞു.
പാലാ രൂപത വികാരി ജനറാള്‍മാര്‍, ചാൻസിലര്‍, പ്രൊക്യുറേറ്റര്‍, പാലാ അല്‍ഫോൻസാ കോളജ് പ്രിൻസിപ്പല്‍ ഫാ. ഷാജി ജോണ്‍, ഫൊറോന വികാരിമാര്‍, ഇടവക വികാരിമാര്‍ തുടങ്ങിയവര്‍ ശുശ്രൂഷകളില്‍ സഹകാര്‍മികരായി. പാലാ അല്‍ഫോൻസാ കോളജിലെ അധ്യാപകരും അനധ്യാപകരും വിദ്യാര്‍ഥിനികളും ജോസച്ചന്‍റെ ചിത്രം പതിച്ച കാര്‍ഡ് വസ്ത്രത്തില്‍ ചേര്‍ത്തു കുത്തിയാണ് സംസ്‌കാരശുശ്രൂഷകളില്‍ പങ്കെടുത്തത്.
ജോസ് കെ. മാണി എംപി, തോമസ് ചാഴികാടന്‍ എംപി, മാണി സി. കാപ്പന്‍ എംഎല്‍എ, പാലാ നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ, യുഡി എഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്ബില്‍, ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍, വിവിധ കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.