play-sharp-fill
റീജനറേറ്റിവ് ചികിത്സയ്ക്ക് മാത്രമായി ദക്ഷിണേന്ത്യയിലെ ആദ്യ ക്ലിനിക്ക് ‘റീജെന്‍കെയര്‍’  കൊച്ചിയില്‍

റീജനറേറ്റിവ് ചികിത്സയ്ക്ക് മാത്രമായി ദക്ഷിണേന്ത്യയിലെ ആദ്യ ക്ലിനിക്ക് ‘റീജെന്‍കെയര്‍’ കൊച്ചിയില്‍

സ്വന്തം ലേഖകൻ

കൊച്ചി: അസ്ഥി, മുഖചര്‍മം, പുരുഷന്‍മാരിലെ പ്രത്യുല്‍പാദന, യൂറോളജി പ്രശ്നങ്ങള്‍ക്ക് (ആന്‍ഡ്രോളജി) റീജനറേറ്റിവ് ചികിത്സ നല്‍കുന്ന അത്യാധുനിക സൗകര്യങ്ങളോടെയുള്ള ക്ലിനിക്ക് റീജെന്‍കെയര്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ദക്ഷിണേന്ത്യയിലെ തന്നെ ആദ്യ റീജനറേറ്റിവ് തെറാപ്പി ക്ലിനിക്കില്‍ കായിക പരിക്കുകള്‍, ആമവാതം, മുട്ട്, തോള്‍, ഇടുപ്പ് എന്നിവയിലെ തേയ്മാനം, ടെന്നിസ് എല്‍ബോ തുടങ്ങിയ പ്രധാന അസ്ഥി സംബന്ധമായ പ്രശ്നങ്ങള്‍ക്കും മുടികൊഴിച്ചില്‍, അപകടത്തെ തുടര്‍ന്നുള്ള പാടുകള്‍, ചുളിവുകള്‍ തുടങ്ങിയ സൗന്ദര്യ പ്രശ്നങ്ങള്‍ക്കും ലളിതമായ പ്രതിവിധി ലഭ്യമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രോളോതെറാപ്പി ഉപയോഗിച്ച് മുഖകാന്തി വര്‍ധിപ്പിക്കാനും പ്ലേറ്റ്ലെറ്റ് പ്രോളോതെറാപ്പി ഉപയോഗിച്ചുള്ള ബോട്ടോക്സ് രഹിത ആന്റി ഏജിങ് പ്രതിവിധിക്ക് പുറമേ ഡയബെറ്റിക് അള്‍സറിനും ക്ലിനിക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാക്കുന്നു.

പേറ്റന്റ് ചെയ്യപ്പെട്ട പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ (പിആര്‍പി) ഇഞ്ചക്ഷനാണ് ഓര്‍ത്തോപീഡിക്, കോസ്മെറ്റോളജി, ആന്‍ഡ്രോളജി പ്രശ്നങ്ങള്‍ക്ക് ഉപയോഗിക്കുന്നതെന്ന് റീജെന്‍കെയറിലെ ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. വിനീത് എം.ബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സന്ധി വേദനകള്‍, പരിക്ക് മൂലമുള്ള അസ്ഥി വേദനകള്‍, അപകടം മൂലമുണ്ടായിട്ടുള്ള പാടുകള്‍, മുഖത്തെ പാടുകള്‍, ചുളിവുകള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ശസ്ത്രക്രിയ രഹിതവും ചെലവിടുന്ന പണത്തിന് അനുസൃതവും ഏറെ ഫലപ്രദമായതുമാണ് റീജെന്‍കെയര്‍ ഇഞ്ചക്ഷനുകള്‍.

താക്കോല്‍ദ്വാര ശസ്ത്രക്രിയയുമായി താരതമ്യം ചെയ്യുമ്പോള്‍ രോഗിക്ക് സുഖം പ്രാപിക്കാന്‍ വളരെ കുറഞ്ഞ സമയം മതിയാകുമെന്നതാണ് ഈ പ്രക്രിയയുടെ സവിശേഷത.

രോഗിയുടെ ശരീരത്തില്‍ നിന്ന് തന്നെ എടുക്കുന്ന രക്തത്തില്‍ നിന്നും പ്ലേറ്റ്ലെറ്റ് സമ്പുഷ്ട പ്ലാസ്മ വേര്‍തിരിച്ചെടുത്ത് ബാധിക്കപ്പെട്ട ഭാഗത്ത് കുത്തിവെയ്ക്കുകയാണ് ഈ ചികിത്സയില്‍ ചെയ്യുന്നത്.

വിദഗ്ധ റീജനറേറ്റിവ് ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് ഡെര്‍മ പി, ഓര്‍ത്തോജന്‍ പി എന്നീ പ്ലേറ്റ്ലെറ്റ് പ്രോളോതെറാപ്പി ഇഞ്ചക്ഷനുകള്‍ നല്‍കുന്നതെന്ന് ക്ലിനിക്കിലെ കോസ്മെറ്റോളജിസ്റ്റ് ഡോ. അശ്വതി മോഹന്‍ പറഞ്ഞു.

സ്ത്രീകളിലും പുരുഷന്‍മാരിലും ഉണ്ടാകുന്ന വന്‍തോതിലുള്ള മുടികൊഴിച്ചിലിന് റീജനറേറ്റിവ് ചികിത്സയിലുള്ള ഏറ്റവും ആധുനിക പ്രക്രിയയാണ് ഡെര്‍മ പി. അലോപീഷിയ, ചുളിവുകള്‍, നിറം മാറ്റം, സൂര്യരശ്മി ഏല്‍ക്കുന്നതിലൂടെയുണ്ടാകുന്ന ഫോട്ടോ ഡാമേജ് എന്നീ അവസ്ഥകള്‍ക്കുള്ള ചികിത്സ ലഭ്യമാക്കുന്നതിന് പുറമേ ഫേസ് ലിഫ്റ്റ്, ഡെര്‍മല്‍ ഇന്‍പ്ലാന്റ്, സ്‌കാര്‍ കറക്ഷന്‍ തുടങ്ങിയ പുനര്‍നിര്‍മാണ പ്രക്രിയകളും ഇവിടെ ചെയ്യുന്നു.

എല്ലാ ഓര്‍ത്തോപീഡിക്, കോസ്മെറ്റോളജി, ആന്‍ഡ്രോളജി ചികിത്സകളും വളരെ ലളിതവും ഫലപ്രദവും സാമ്പത്തികമായി താങ്ങാവുന്നതും വെറും 30 മിനിറ്റ് കൊണ്ട് പൂര്‍ത്തിയാകുന്നതുമാണെന്ന് ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ സ്പെഷ്യലിസ്റ്റ് ഡോ. വിനു രാജേന്ദ്രന്‍ പറഞ്ഞു.

സ്റ്റെം സെല്ലുകള്‍, പ്ലേറ്റ്ലെറ്റ് സമ്പുഷ്ടമായ പ്ലാസ്മ എന്നിങ്ങനെയുള്ള മനുഷ്യ ശരീരത്തിലെ തന്നെ പ്രാഥമിക രോഗശമന ഘടകങ്ങള്‍ ഉപയോഗിച്ചുള്ള സ്വാഭാവിക പ്രക്രിയകളാണ് ഓര്‍ത്തോജന്‍ പി-യും ഡെര്‍മ പി-യും.

രോഗിയുടെ തന്നെ രക്തം ഉപയോഗിക്കുന്നതിലൂടെ അതില്‍ മറ്റ് പദാര്‍ഥങ്ങള്‍ ഒന്നും കലരുന്നില്ലെന്ന് മാത്രമല്ല അതുകൊണ്ട് എന്തെങ്കിലും പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുമില്ലെന്നും ഡോ. വിനു പറഞ്ഞു.

കായികതാരങ്ങള്‍ക്കും എപ്പോഴും പ്രവര്‍ത്തനസജ്ജരായ ആളുകള്‍ക്കും ഓര്‍ത്തോജന്‍ പി ചികിത്സ ഏറെ ഫലപ്രദമാണ്. കാരണം ഇവര്‍ക്ക് എത്രയും വേഗത്തില്‍ സുഖംപ്രാപിച്ച് തങ്ങളുടെ പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങാനാകും.

ആന്റീരിയര്‍ ക്രൂഷ്യേറ്റ് ലിഗമെന്റ് (എസിഎല്‍), പോസ്റ്റീരിയര്‍ ക്രുഷ്യേറ്റ് ലിഗമെന്റ് (പിസിഎല്‍) എന്നിങ്ങനെയുള്ള സ്പോര്‍ട്സുമായി ബന്ധപ്പെട്ടുള്ള പരിക്കുകള്‍ക്ക് ഓര്‍ത്തോജന്‍ പി ചികിത്സ ഏറെ വിജയകരമാണെന്ന് ഡോ. വിനീത് പറഞ്ഞു.

മുട്ടിലെ തേയ്മാനത്തിന് സ്റ്റിറോയ്ഡ്, ഹയാലുറോണിക് ആസിഡ് ഇഞ്ചക്ഷനുകളേക്കാള്‍ ഓര്‍ത്തോജന്‍ പി ഏറെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.