കൊറിയറിലൂടെ അയച്ച കവറില്‍ എംഡിഎംഎ ; ബാങ്ക് വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്ന് ഭീഷണി ; റിട്ട.പൊലീസുകാരന്റെ മകളും ഇന്‍സ്‌പെക്ടറുടെ ബന്ധുവുമായ യുവതി തട്ടിപ്പിന് ഇരയായി ;34 കാരിയെ ഭീഷണിപ്പെടുത്തി തട്ടിപ്പ് സംഘം കൈക്കലാക്കിയത് നാല് ലക്ഷം രൂപ
സ്വന്തം ലേഖകൻ
ആലപ്പുഴ : ആലപ്പുഴ മണ്ണഞ്ചേരിയില്‍ റിട്ടയേഡ് പൊലീസുകാരന്റെ മകളും ഇന്‍സ്‌പെക്ടറുടെ ബന്ധുവുമായ യുവതി തട്ടിപ്പിന് ഇരയായി. കൊറിയറിലൂടെ അയച്ച കവറില്‍ എംഡിഎംഎ ഉണ്ടായിരുന്നെന്നും കൊറിയര്‍ അയച്ച യുവതിയുടെ ബാങ്ക് വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും ഭീഷണിപ്പെടുത്തി തട്ടിപ്പ് സംഘം കൈക്കലാക്കിയത് നാല് ലക്ഷം രൂപ. മണ്ണഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാട്ടൂരിലാണ് സംഭവം.
കാട്ടൂര്‍ സ്വദേശിനിയായ 34 കാരിയാണ് തട്ടിപ്പിന് ഇരയായത്. കൊറിയര്‍ മുഖാന്തരം അയച്ച കവറില്‍ എം.ഡി.എം.എ. ഉണ്ടെന്നും മുഹമ്മദാലി എന്നയാള്‍ ഇവരുടെ വ്യക്തിവിവരങ്ങള്‍ എടുത്ത് വിവിധ ബാങ്കുകളിലായി ഇരുപതോളം അക്കൗണ്ടുകള്‍ തുടങ്ങിയതായും തട്ടിപ്പുസംഘം യുവതിയെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാങ്ക് അക്കൗണ്ടിലുള്ള പണം ഉടന്‍ പിന്‍വലിക്കുമെന്നും അല്ലാത്തപക്ഷം അക്കൗണ്ടിലുള്ള മുഴുവന്‍ പണവും ഉടന്‍ റിസര്‍വ് ബാങ്കിന്റെ അക്കൗണ്ടിലേക്ക് മാറ്റണമെന്നും ഇല്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും തട്ടിപ്പുസംഘം യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇത് വിശ്വസിച്ച യുവതി തട്ടിപ്പുസംഘം നല്‍കിയ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ടുലക്ഷം രൂപവീതം രണ്ടുതവണയായി ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തു.
ഇതരസംസ്ഥാനക്കാരന്റെ പേരിലുള്ളതാണ് പണമയച്ച അക്കൗണ്ട് നമ്പര്‍. ഇതോടെയാണ് താന്‍ തട്ടിപ്പിനിരയായിയെന്ന് യുവതിക്ക് മനസ്സിലായത്. തുടര്‍ന്ന് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.