
കൊല്ലം : ഇരവിപുരത്തെ സ്ഥാനാർത്ഥി നിർണയത്തെ തുടർന്ന് രാജി പ്രഖ്യാപിച്ച് ആർഎസ്പി നേതാവ് എൻ നൗഷാദ്. ആർഎസ്പി ഇരവിപുരം മണ്ഡലം സെക്രട്ടറിയാണ് എൻ നൗഷാദ്. ഇരവിപുരത്തെ സ്ഥാനാർത്ഥി നിർണ്ണയം വിജയ സാധ്യത പരിശോധിക്കാതെയാണെന്ന് നൗഷാദ് പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ചാണ് രാജി വെക്കുന്നത്. സ്ഥാനാർത്ഥി ചർച്ചയില്‍ ഇരവിപുരത്തേക്ക് പരിഗണിച്ചിരുന്നവരില്‍ ഒരാളാണ് നൗഷാദ്.
ഇരവിപുരത്തെ സ്ഥാനാർത്ഥിയെ ചൊല്ലി ആർഎസ്പിയില് തർക്കം മുറുകിയിരുന്നു. എൻ കെ പ്രേമചന്ദ്രന്റെ മകൻ കാർത്തിക് പ്രേമചന്ദ്രനെ തന്നെ ഇരവിപുരത്ത് മത്സരിപ്പിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചായിരുന്നു ഒരു വിഭാഗം ഉണ്ടായിരുന്നത്. കാർത്തികിനെ മത്സരിപ്പിച്ചാല്‍ കുടുംബാധിപത്യം എന്ന വിമർശനം കേള്‍ക്കേണ്ടി വരുമെന്നാണ് എതിർ വിഭാഗം പറഞ്ഞത്. ഒടുവില്‍ ആർവൈഎഫ് സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു മോഹനെയാണ് ഇരവിപുരത്തെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തത്. കാർത്തിക് പ്രേമചന്ദ്രനെയും എം എസ് ഗോപകുമാറിനെയും തള്ളിക്കൊണ്ടാണ് സമവായ സ്ഥാനാർത്ഥിയെ തിരഞ്ഞെടുത്തത്.


