
റിസർവ് ചെയ്ത ബെർത്ത് അനുവദിച്ചില്ല ; റെയിൽവേക്ക് ഉപഭോക്തൃ കമ്മീഷന്‍റെ പിഴ ; നഷ്ടപരിഹാരമായി 25,000 രൂപയും കോടതി ചെലവായി 5,000 രൂപയും നൽകാൻ വിധി
തിരുവനന്തപുരം: റിസർവ് ചെയ്ത ബെർത്ത് അനുവദിക്കാത്ത റെയിൽവേക്ക് ഉപഭോക്തൃ കമ്മീഷന്‍റെ പിഴ. മലപ്പുറം കോട്ടക്കൽ പുലിക്കോട് തൈക്കാട് ജംഷീദിന്‍റെ പരാതിയിൽ മലപ്പുറം ഉപഭോക്തൃ കമീഷന്‍റേതാണ് വിധി. പ്രസിഡന്‍റ് കെ. മോഹൻദാസാണ് നഷ്ടപരിഹാരമായി 25,000 രൂപയും കോടതി ചെലവായി 5,000 രൂപയും വിധിച്ചത്. പാലക്കാട് റെയിൽവേ ഡിവിഷൻ മാനേജർ, ഐ.ആർ.സി.ടി.സി, ബംഗളൂരു ഡിവിഷനൽ റെയിൽവേ ഓഫിസ് എന്നിവരെ എതിർകക്ഷികളാക്കിയായിരുന്നു ഹരജി.
2024 ഏപ്രിൽ 25ന് യശ്വന്ത്പുർ എക്സ്പ്രസിലാണ് (16527) പരാതിക്കാരൻ തൽക്കാലിൽ സ്ലീപ്പർ ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാൽ തനിക്ക് അനുവദിച്ച എസ് വൺ കോച്ചിലെ 79 നമ്പർ ബെർത്തിൽ റിസർവ് ചെയ്യാത്ത അഞ്ച് പേർ യാത്ര ചെയ്യുന്നുണ്ടായിരുന്നു. അവർ പരാതിക്കാരന് ബെർത്ത് ഒഴിഞ്ഞ് കൊടുത്തില്ല. തൊട്ടടുത്ത ദിവസം തിരൂർ റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്ക് രേഖാമൂലം നൽകിയ പരാതി സ്വീകരിക്കാൻ തയാറായില്ല.
ഐ.ആർ.സി.ടി.സിക്ക് ഇ-മെയിലായി നൽകിയ പരാതിയിലും മറുപടി ലഭിച്ചില്ല. തുടർന്ന് വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ശേഖരിച്ചാണ് പരാതിയുമായി ഉപഭോക്തൃ കമീഷനെ സമീപിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
