ലോകകപ്പ് സെമി ഫൈനൽ: റിസർവ് ദിനത്തിലെ കളിയിലും ഇന്ത്യയ്ക്ക് മേധാവിത്വം; ന്യൂസിലൻഡ് സ്‌കോർ 250 ൽ താഴെ ഒതുക്കി ഇന്ത്യ

ലോകകപ്പ് സെമി ഫൈനൽ: റിസർവ് ദിനത്തിലെ കളിയിലും ഇന്ത്യയ്ക്ക് മേധാവിത്വം; ന്യൂസിലൻഡ് സ്‌കോർ 250 ൽ താഴെ ഒതുക്കി ഇന്ത്യ

സ്വന്തം ലേഖകൻ

മാഞ്ചസ്റ്റർ: ലോകകപ്പ് സെമി ഫൈനലിൽ റിസർവ് ദിനത്തിലെ കളിയിലും മേധാവിത്വം പുലർത്തി ഇന്ത്യ. ബുധനാഴ്ച കളി ആരംഭിച്ചപ്പോൾ ഇന്ത്യയ്ക്ക് വേണ്ട് ജസ്പ്രീത് ബുംറയും, ഭുവനേശ്വർകുമാറുമാണ് ബൗൾ ചെയ്തത്. 221 അഞ്ച് എന്ന നിലയിൽ ബാറ്റിംങിന് ഇറങ്ങിയ ന്യൂസിലൻഡ് വാലറ്റത്തെ ഭുവേശ്വർകുമാറും ജസ്പ്രീത് ബുംറയും ചേർന്ന് വരിഞ്ഞ് മുറുക്കുകയായിരുന്നു. അവസാന ഓവറിൽ ഒരു ബൗണ്ടറി പോലും വഴങ്ങാതെ കളിച്ച ജസ്പ്രീത് ബുംറയാണ് 250 കടക്കാനുള്ള ന്യൂസിലൻഡ് ശ്രമങ്ങൾ തടഞ്ഞത്. അൻപത് ഓവറിൽ എട്ടു വിക്കറ്റിന് 239 റണ്ണാണ് ന്യൂസിലൻഡ് നേടിയത്. ഇന്ത്യയ്ക്ക് വിജയിക്കാൻ 240 റൺ വേണം.
സെമിഫൈനലിന്റെ ആദ്യ ദിവസം 218 ന് അഞ്ച് എന്ന നിലയിൽ 47.1 ഓവറിലാണ് ന്യൂസിലൻഡ് കളി അവസാനിപ്പിച്ചത്. 89 പന്തിൽ 73 റണ്ണെടുത്ത റോസ് ടെയ്‌ലറും, ഒൻപത് പന്തിൽ അത്ര തന്നെ റണ്ണെടുത്ത് ലാതവുമായിരുന്നു കളി അവസാനിപ്പിക്കുമ്പോൾ ക്രീസിൽ. കഴിഞ്ഞ ദിവസത്തെ സ്‌കോറിൽ നിന്നും ഒരു റൺ മാത്രം കൂട്ടിച്ചേർന്ന റോസ് ടെയ്‌ലറെ ഉജ്വലമായ റണ്ണൗട്ടിലൂടെ രവീന്ദ്ര ജഡേജ 48 -ാം ഓവറിന്റെ ആദ്യ പന്തിൽ തന്നെ പുറത്താക്കി. സ്‌കോർ 225 ൽ എത്തിയപ്പോൾ ജഡേജയുടെ ഉജ്വല ക്യാച്ചിലൂടെ ലാതം പുറത്ത്. വിക്കറ്റ് ഭുവനേശ്വർ കുമാറിനായിരുന്നു. പിന്നീട് എം.ജെ ഹെൻട്രിയെ കോഹ്ലിയുടെ കൈകളിൽ എത്തിച്ച് ഭുവേശ്വർ കുമാർ എട്ടാം വിക്കറ്റും വീഴ്തി. രണ്ടു പന്തിൽ ഒരു റൺ മാത്രമായിരുന്നു ഹെൻട്രിയുടെ സമ്പാദ്യം. അവസാന ഓവറിൽ അതീവ ജാഗ്രതയോടെ പന്തെറിഞ്ഞ ബുംറ ന്യൂസിലൻഡിനെ വരിഞ്ഞു മുറുക്കിക്കളഞ്ഞു.
74 റണ്ണെടുത്ത റോസ് ടെയ്‌ലറും, 67 റണ്ണെടുത്ത് കെയിൻ വില്യംസണുമാണ് ന്യൂസിലൻഡ് നിരയിൽ തിളങ്ങിയത്. 10 ഓവറിൽ ഒരു മെയ്ഡൻ അടക്കം 43 റൺ വഴങ്ങിയ ഭുവനേശ്വർകുമാർ മൂന്ന് വിക്കറ്റ് വീഴ്ത്തി. 10 ഓവറിൽ 3.9 റൺ ശരാശരിയിൽ 39 റൺ മാത്രം വഴങ്ങിയ ബുംറ ഒരു മെയ്ഡനും, ഒരു വിക്കറ്റും സ്വന്തമാക്കി.
ഇന്ത്യൻ ഓപ്പണർമാർ എത്രനേരം പ്രതിരോധിച്ചു നിൽക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ ഫൈനൽ സാധ്യതകൾ.