സ്വന്തം ലേഖിക
കോട്ടയം: ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കല്‍ പഞ്ചായത്തിലെ പ്ലാപ്പള്ളി, കവാലി മേഖലയില്‍ നിന്നു കാണാതായ മുഴുവന്‍ പേരുടെയും മൃതദേഹം കണ്ടു കിട്ടിയതായി സഹകരണ- രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.
കാഞ്ഞിരപ്പള്ളി താലൂക്കിലെ 13 പേരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. ഇളംകാട് ഒട്ടലാങ്കല്‍ ക്ലാരമ്മ(65), മാര്‍ട്ടിന്‍(48), സിനി മാര്‍ട്ടിന്‍(45), സ്‌നേഹ മാര്‍ട്ടിന്‍(14), സോന മാര്‍ട്ടിന്‍ (12), സാന്ദ്ര മാര്‍ട്ടിന്‍(10), ഏന്തയാര്‍ ഇളംതുരുത്തിയില്‍ സിസലി(50), ഇളംകാട് മുണ്ടകശേരി റോഷ്ണി വേണു(48) ഇളംകാട് ആറ്റുചാലില്‍ സോണിയ ജോബി (45), അലന്‍ ജോബി(14), കൂവപ്പള്ളി സ്രാമ്പിക്കല്‍ രാജമ്മ(64), ഇളംകാട് ഓലിക്കല്‍ ഷാലറ്റ്(29) ഇളംകാട് പന്തലാട്ട് സരസമ്മ മോഹന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി, കോട്ടയം ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയത്. ഇവരുടെ ശവസംസ്‌ക്കാരചടങ്ങുകള്‍ക്കായി 10000 രൂപ അനുവദിച്ചിട്ടുണ്ട്. പരുക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ സൗജന്യമായി ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
മേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിച്ചിട്ടില്ലെന്നും റോഡുകള്‍ എത്രയും വേഗത്തില്‍ ഗതാഗതയോഗ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂട്ടിക്കല്‍ സെന്റ് ജോര്‍ജ്ജ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. 48 കൂടുംബങ്ങളിലെ 148 പേരാണ് ഇവിടെയുള്ളത്. ഏന്തയാറിലെ ജെ.ജെ മര്‍ഫി സ്‌കൂളിലും അദ്ദേഹം സന്ദര്‍ശനം നടത്തി.