വീട്ടിലിരുന്നു ടിവി കാണാൻ 400 രൂപ..! ടി.ആർ.പി റേറ്റിങിനു പിന്നിലെ മുട്ടൻ തട്ടിപ്പുകൾ പുറത്താകുന്നു; മലയാളത്തിലെ വമ്പൻ ചാനലുകളുടെ റേറ്റിങിനു പിന്നിലും കള്ളകളികളുണ്ടെന്നു സംശയം
തേർഡ് ഐ ബ്യൂറോ
കൊച്ചി: അർണബ് ഗോസ്വാമിയുടെ റിപബ്ലിക്ക് ചാനലിന്റെ റേറ്റിങിനു പിന്നിലെ തട്ടിപ്പുകൾ പുറത്തു വന്നതോടെ മലയാളത്തിലെയും ചാനൽ സിംഹങ്ങളുടെ റേറ്റിംങ് അവകാശ വാദങ്ങൾ പൊള്ളയാണെന്ന ആരോപണം ഉയരുന്നു. വീട്ടിലിരുന്നു ചാനൽ കാണുന്നതിനു അർണബ് ഗോസ്വാമിയുടെ റിപബ്ലിക്ക് ടി വി 400 രൂപയാണ് നൽകിയിരുന്നതെന്ന വാദമാണ് ഉയരുന്നത്. ഇതേ രീതിയിൽ തന്നെയാണ് മലയാളം ചാനലുകളും റേറ്റിംങ് വർദ്ധിപ്പിക്കുന്നതെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.
ഇതിനിടെ, ടിആർപി റേറ്റിങ് വിവാദത്തിൽ റിപബ്ലിക് ടിവിക്കെതിരായ കുരുക്കുകൾ മുറുകുന്നുണ്ട്. ടിആർപി റേറ്റിങ് ഉയരാൻ റിപബ്ലിക് ടിവി കൃത്രിമം കാണിച്ചതിന് മുംബൈ പോലിസിന് കൂടുതൽ തെളിവുകൾ ലഭിച്ചു. കേസിൽ അറസ്റ്റിലായ വിശാൽ ഭണ്ഡാരി റിപബ്ലിക് ടിവി കാണാൻ പണം വാഗ്ദാനം ചെയ്തിരുന്നെന്ന് സാക്ഷികൾ പോലിസിന് മൊഴി നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാർക് മീറ്റർ സ്ഥാപിച്ചിട്ടുള്ള വീടുകളിലുള്ളവർക്കാണ് വിശാൽ റിപബ്ലിക് ടിവി കാണാൻ മാസാടിസ്ഥാനത്തിൽ പണം വാഗ്ദാനം ചെയ്തത്. എല്ലാ ദിവസവും പ്രത്യേക സമയങ്ങളിൽ റിപബ്ലിക് ടിവിയുടെ ചാനൽ വെക്കാനാണ് ഇവരോട് ആവശ്യപ്പെട്ടത്. ഇങ്ങനെ ടിആർപി റേറ്റിങിൽ കൃത്രമം കാണിച്ചതിനുള്ള തെളിവുകളാണ് പോലിസ് ശേഖരിക്കുന്നത്.
വീട്ടിൽ ബാർക് മീറ്റർ വെക്കുന്നതിന് മാസം 483 രൂപ തനിക്ക് തരാമെന്ന് വാഗ്ദാനം ചെയ്തിരുന്നെന്ന് മറ്റൊരു സാക്ഷിയും മൊഴി നൽകി. ‘2020 ജനുവരിയിൽ വിശാൽ ഭണ്ഡാരിയും ദിനേഷ് വിശ്വകർമയും എന്റെ വീട്ടിൽ ടിആർപി റീഡിങ് പരിശോധിക്കാൻ വരാറുണ്ടായിരുന്നു. അവരെന്നോട് അപ്പോഴെല്ലാം റിപബ്ലിക് ചാനൽ കാണാൻ പറഞ്ഞു. ഞാനത് ചെയ്യില്ലെന്നും എനിക്ക് ഇഷ്ടമല്ലെന്നും ഞാനവരോട് മറുപടി പറഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.
ദിവസവും രണ്ട് മണിക്കൂർ വീതം റിപബ്ലിക് ടിവി കണ്ടാൽ 400 രൂപ അധികം തരാമെന്ന് മറ്റൊരു സാക്ഷി പറഞ്ഞു. ഞാനത് സമ്മതിച്ചപ്പോൾ അവർ എനിക്ക് പണം നൽകി. ഞാൻ റിപബ്ലിക് ടിവി കാണാറേ ഇല്ലായിരുന്നു. പക്ഷേ, അവരെനിക്ക് പണം വാഗ്ദാനം ചെയ്തതു മുതൽ ഞാൻ കാണാൻ തുടങ്ങിയെന്ന് സാക്ഷി പറഞ്ഞു.
റിപബ്ലിക് ടിവി കാണുന്ന കുടുംബങ്ങളുടെ എണ്ണത്തിൽ വളരെ പെട്ടന്ന് ക്രമാതീതമായ വർധനയുണ്ടായപ്പോഴാണ് ടിആർപി ഏജൻസി ഇക്കാര്യം ശ്രദ്ധിക്കാൻ തുടങ്ങിയതെന്ന് പോലിസ് പറഞ്ഞു. ബാർകിന് വേണ്ടി മീറ്ററുകൾ സ്ഥാപിച്ച ഹൻസ റിസർച്ച് എന്ന കമ്ബനി മുംബൈ പോലിസിൽ പരാതി നൽകിയിരുന്നു. എവിടെയെല്ലാമാണ് ബാർക് മീറ്റർ സ്ഥാപിച്ചതെന്ന ഡാറ്റ ചില മുൻജീവനക്കാർ ചോർത്തി വിറ്റെന്നാണ് ഹൻസ പരാതി നൽകിയത്.
ഇതിനിടെ, റപബ്ലിക്ക് ചാനൽ റിപ്പോർട്ടർ പ്രദീപ് ഭണ്ഡാരിക്ക് സമൻസ്. നടി കങ്കണ റണാവത്തിന്റെ ഓഫിസിലെ അനധികൃത നിർമാണം നഗരസഭ പൊളിച്ചുനീക്കുന്നതിനിടെ വാർത്ത പൊലിപ്പിക്കാൻ ആളുകളെ വിളിച്ചുകൂട്ടിയതുമായി ബന്ധപ്പെട്ടാണ് സമൻസ്.
നടൻ സുശാന്ത് സിങ് രജ്പുതിന് നീതിക്കായി പോരാടിയതിലെ പ്രതികാരമാണ് സമൻസെന്ന് പ്രദീപ് ആരോപിച്ചു. റിപ്പബ്ലിക് ടി.വി, ഫക്ത് മറാത്തി, ബോക്‌സ് സിനിമ ചാനലുകൾ ടി.ആർ.പി റേറ്റ് കൃത്രിമമായി വർധിപ്പിക്കാൻ ചാനൽ ഉപഭോക്താക്കൾക്ക് കൈക്കൂലി നൽകിയെന്ന് കഴിഞ്ഞ ദിവസം മുംബൈ പൊലീസ് കമീഷണർ പരംബീർ സിങ് വാർത്തസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ടി.ആർ.പി നിരീക്ഷണം നടത്തുന്ന ഹൻസ് റിസർച്ച് ഗ്രൂപ് നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.
ഹൻസ് നൽകിയ പരാതിയിൽ തങ്ങളുടെ പേരല്ല മറ്റൊരു ചാനലിന്റെ പേരാണുള്ളതെന്ന് റിപ്പബ്ലിക് ടി.വി അധികൃതർ ആരോപിച്ചു. എന്നാൽ, പരാതിയിൽ പേരില്ലെങ്കിലും അറസ്റ്റിലായവരും സാക്ഷികളും റിപ്പബ്ലിക് ടി.വിക്കെതിരെയാണ് മൊഴി നൽകിയതെന്നാണ് പൊലീസിന്റെ വിശദീകരണം.