റിപ്പബ്ലിക് ദിനത്തിൽ ഏറ്റുമാനൂരിലെ ട്രെയിൻ യാത്രക്കാർക്ക് ദക്ഷിണ റെയിൽവേയുടെ കലക്കൻ സമ്മാനം; 16309/10 എക്സ്പ്രസ്സ്‌ മെമുവിന് ഇന്നുമുതൽ ഏറ്റുമാനൂരിൽ സ്റ്റോപ്പ്

Spread the love

കോട്ടയം (ഏറ്റുമാനൂർ): റിപ്പബ്ലിക് ദിനത്തിൽ ദക്ഷിണ റെയിൽവേ വിവിധ സ്റ്റേഷനുകളിൽ പ്രഖ്യാപിച്ച സ്റ്റോപ്പുകളുടെ കൂട്ടത്തിൽ 16309/10 എക്സ്പ്രസ്സ്‌ മെമുവിന് ഏറ്റുമാനൂരിലെ സ്റ്റോപ്പും പരിഗണിച്ചു. യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസിന്റെ നേതൃത്വത്തിൽ ഏറ്റുമാനൂരിൽ എക്സ്പ്രസ്സ്‌ മെമു നിർത്തുന്നതിന്റെ ആവശ്യകത അറിയിച്ച് ദക്ഷിണ റെയിൽവേ ഉപദേശക സമിതി അംഗമായ കൊടിക്കുന്നിൽ സുരേഷ് എം പിയ്ക്കും ഡിവിഷണൽ മാനേജർക്കും, നിവേദനം നൽകിയിരുന്നു.

video
play-sharp-fill

ഇതിൻ്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ഡിവിഷണൽ ഓഫീസിൽ നടന്ന ജി.എം മീറ്റിംഗിൽ യാത്രക്കാർക്ക് ജനറൽ മാനേജരുമായി നേരിട്ട് സംവദിക്കാൻ കൊടിക്കുന്നിൽ സുരേഷ് എം പി അവസരം ഒരുക്കി. ഈ മീറ്റിങ്ങിന് ഒടുവിലാണ് റെയിൽവേ ബോർഡിലേയ്ക്ക് സ്റ്റോപ്പിന് ശുപാർശ ചെയ്തുകൊണ്ട് ജനറൽ മാനേജർ ശ്രീ ആർ.എൻ സിംഗ് ന്റെ ഓഫീസിൽ നിന്ന് കൊടിക്കുന്നിൽ സുരേഷ് എം പി യ്‌ക്ക് കത്തും നൽകിയിരുന്നു.

മെഡിക്കൽ കോളേജ്, ഐ സി എച്ച്, ഐ ടി ഐ, ബ്രില്യന്റ് കോളേജ്, എം.ജി യൂണിവേഴ്സിറ്റി അടക്കം നിരവധി സർക്കാർ അർദ്ധ സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാരെയും വിദ്യാർത്ഥികളെയും മറ്റു ഓഫീസ് ആവശ്യങ്ങളുമായി ഏറ്റുമാനൂരിനെ ആശ്രയിക്കുകയും ചെയ്യുന്ന നിരവധി യാത്രക്കാരെയും പ്രതിനിധീകരിച്ച് ഫ്രണ്ട്‌സ് ഓൺ റെയിൽസ് കോട്ടയം ജില്ലാ സെക്രട്ടറി ശ്രീജിത്ത് കുമാർ യോഗത്തിൽ സംസാരിക്കുകയും സ്റ്റോപ്പിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചക്ക് 01.10 നുള്ള 66308 കൊല്ലം എറണാകുളം മെമുവിന് ശേഷം, എറണാകുളം ഭാഗത്തേയ്ക്ക് നീണ്ട ഇടവേള കഴിഞ്ഞ് വൈകുന്നേരം 04.34 നുള്ള ഈ സർവീസ് വിദ്യാർത്ഥികളും അധ്യാപകരും ഏറെക്കാലമായി ആഗ്രഹിച്ചിരുന്നു. നൂറുകണക്കിന് യാത്രക്കാർക്ക് പുതിയ സ്റ്റോപ്പ്‌ പ്രയോജനപ്പെടുന്നതാണ്.

കോട്ടയം വഴിയുള്ള ഇരട്ടപ്പാതയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത കേരളത്തിലെ ആദ്യത്തെ എക്സ്പ്രസ്സ്‌ മെമുവാണ് 16309/10. കോട്ടയത്ത് നിന്ന് പുറപ്പെട്ടാൽ പിറവം, തൃപ്പൂണിത്തുറ സ്റ്റേഷനിൽ മാത്രമായിരുന്നു ഇതുവരെ സ്റ്റോപ്പ്‌ ഉണ്ടായിരുന്നത്.

ഏറ്റുമാനൂരിലെ ട്രെയിൻ സമയക്രമം ഇങ്ങനെ

▪️ട്രെയിൻ നമ്പർ 16309: എറണാകുളത്ത് നിന്ന് കായംകുളത്തേയ്ക്കുള്ള എക്സ്പ്രസ്സ്‌ മെമു ഏറ്റുമാനൂരിൽ രാവിലെ എത്തുന്നതും പുറപ്പെടുന്നതുമായ സമയം :09.42/09:43

▪️ട്രെയിൻ നമ്പർ 16310: കായംകുളത്ത് നിന്ന് എറണാകുളത്തേയ്ക്കുള്ള എക്സ്പ്രസ്സ്‌ മെമു ഏറ്റുമാനൂർ എത്തുന്നതും പുറപ്പെടുന്നതുമായ സമയം :04:34/04:35

ഫ്രണ്ട്‌സ് ഓൺ റെയിൽസിന്റെയും ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്ന എല്ലാ യാത്രക്കാരുടെയും സന്തോഷത്തിൽ പങ്കുചേരുന്നതായി കൊടിക്കുന്നിൽ സുരേഷ് എം പി അറിയിച്ചു. കേരളത്തിലെ റെയിൽയാത്രാക്ലേശങ്ങളിൽ സമഗ്രമായ ഇടപെടൽ നടത്തുന്ന ദക്ഷിണ റെയിൽവേ ഉപദേശക സമിതി അംഗമായ കൊടിക്കുന്നിൽ സുരേഷ് എം പി യ്‌ക്ക് യാത്രക്കാർ നന്ദി അറിയിച്ചു.