റിപബ്ലിക്ക് ദിനത്തിലെ ട്രാക്ടർ റാലിയിൽ തീരില്ല..! കർഷകരുടെ പ്രതിഷേധം ചൊവ്വാഴ്ച ഡൽഹിയെ വിറപ്പിയ്ക്കും; അടുത്തത് ഞെട്ടിക്കുന്ന സമരമുറ; പാർലമെന്റിനെ വിറപ്പിയ്ക്കാനൊരുങ്ങി കർഷകർ
തേർഡ് ഐ ബ്യൂറോ
ന്യൂഡൽഹി: രാജ്യത്തെ വിറപ്പിച്ച് മാസങ്ങളായി സംയുക്ത കർഷക യൂണിയനുകൾ തുടരുന്ന സമരം അടുത്ത ഘട്ടത്തിലേയ്ക്കു കടക്കുന്നു. കർഷകരുടെ സമരത്തിന് ലോകത്തെമ്പാടും നിന്നും പിൻതുണ ലഭിക്കുന്നതോടെയാണ് രാജ്യം ഇതുവരെ കാണാത്ത തരത്തിലുള്ള സമരമുഖങ്ങൾക്കു കർഷകർ തയ്യാറെടുക്കുന്നത്. ചൊവ്വാഴ്ച റിപബ്ലിക്ക് ദിനത്തിൽ രാജ്യത്തെ വിറപ്പിച്ച ട്രാക്ടർ റാലിയ്‌ക്കൊപ്പം വൻ പ്രതിഷേധത്തിനു തന്നെയാണ് രാജ്യം തയ്യാറെടുക്കുന്നുത്.
കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെയുള്ള സമരം വ്യാപിപ്പിക്കാനാണ് കർഷക സംഘടനകൾ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ബജറ്റ് അവതരണ ദിനമായ ഫെബ്രുവരി ഒന്നിന് പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്ന് കർഷക സംഘടനകളുടെ യോഗത്തിന് ശേഷം ക്രാന്തികാരി കിസാൻ യൂണിയൻ നേതാവ് ദർശൻ പാൽ മാധ്യമങ്ങളോട് പറഞ്ഞു. പല സ്ഥലങ്ങളിൽ നിന്നാകും പാർലമെന്റ് വളയുകയെന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, റിപ്പബ്ലിക് ദിനമായ ചൊവ്വാഴ്ച നടത്താൻ തീരുമാനിച്ച ട്രാക്ടർ റാലിയിൽ നിന്ന് പിന്നോട്ടില്ലെന്നും കർഷകർ വ്യക്തമാക്കി. ഒൻപത് ഭാഗങ്ങളിൽ നിന്നും റാലി നടത്തുമെന്നും സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.
രാവിലെ 11.30ഓടെ റിപ്പബ്ലിക് ദിന ആഘോഷങ്ങൾ അവസാനിപ്പിച്ച ശേഷം റാലി നടത്താനാണ് കർഷകർക്ക് ഡൽഹി പൊലീസ് അനുമതി നൽകിയിരിക്കുന്നത്. ഇതിനായി റൂട്ടു മാപ്പും നൽകിയിട്ടുണ്ടുണ്ട്. തങ്ങളുടെ പ്രകടനം സമാധാനപരമായിരിക്കുമെന്ന് കർഷക നേതാക്കളും അറിയിച്ചിട്ടുണ്ട്.ഡൽഹി അതിർത്തികളായ തിക്രിയിലും സിംഘുവിലും ട്രാക്ടർ റാലിയുടെ റിഹേഴ്സൽ നടത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കർഷകർ ട്രാക്ടറുകളുമായി ഡൽഹി അതിർത്തികളിലേക്ക് എത്തുകയാണ്.