
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരം ആര്‍ഡിഒ കോടതിയിലെ തൊണ്ടി മോഷണത്തില്‍ പ്രതി പിടിയില്‍. മുന്‍ സീനിയര്‍ സൂപ്രണ്ട് ശ്രീകണ്ഠന്‍ നായരെയാണ് പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക പ്രയാസം വന്നപ്പോഴാണ് തൊണ്ടി സ്വര്‍ണം മോഷ്ടിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി.
ഇന്നു പുലര്‍ച്ചെയാണ് പേരൂര്‍ക്കടയില്‍ വീട്ടില്‍ നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ആര്‍ഡിഒ കോടതിയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന നൂറു പവനിലധികം സ്വര്‍ണവും, ഇതുകൂടാതെ വെള്ളി ആഭരണങ്ങളും പണവുമാണ് മോഷണം പോയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കളക്ടറിലേറ്റില്‍ നിന്നും തൊണ്ടിമുതലുകള്‍ കാണായാതതിന് കഴിഞ്ഞ മാസം 31നാണ് സബ് കളക്ടറുടെ പരാതിയില്‍ പേരൂര്‍ക്കട പൊലീസ് കേസെടുത്തത്. കളക്ടേറ്റില്‍ നിന്നും തൊണ്ടിമുതലുകള്‍ മോഷ്ടിച്ച കേസ് വിജിലന്‍സിന് കൈമാറാന്‍ റവന്യൂവകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു.
ഇക്കാര്യത്തില്‍ ഉത്തരവ് വൈകുന്നതില്‍ വിമര്‍ശനം മുറുകുന്നതിനിടെയാണ് പ്രതിയെ അറസ്റ്റ് ചെയ്ത് പേരൂര്‍ക്കട പൊലീസ് അന്വേഷണം ക്ലൈമാക്സിലേക്ക് എത്തിച്ചത്. ആര്‍ഡിഒ കോടതി ലോക്കറിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ തന്നെയാണ് മോഷത്തിന് പിന്നിലെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ പൊലീസിനെ വ്യക്തമായിരുന്നു. പൊലീസിന്റെ വിശദമായ പരിശോധനയില്‍ ഏതാണ്ട് 110 പവന്‍ സ്വര്‍ണം മോഷണം പോയെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
സീനിയര്‍ സൂപ്രണ്ടുമാരായി ചുമതലയേറ്റെടുക്കുമ്പോള്‍ തൊണ്ടിമുതലുകള്‍ തൂക്കി തിട്ടപ്പെടുത്തി രജിസ്റ്ററില്‍ രേഖപ്പെടുത്തിവേണം ഓരോ ഉദ്യോഗസ്ഥനും സ്ഥാനമേറ്റെടുക്കേണ്ടത്. പക്ഷെ ഈ മാനദണ്ഡം ഉദ്യോഗസ്ഥര്‍ കൃത്യമായി പാലിച്ചിട്ടില്ല. വിജിലന്‍സ് അന്വേഷണം വന്നാല്‍ സ്വര്‍ണം മോഷ്ടിച്ച ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ചവരുത്തിയവര്‍ക്കെതിരെയും കേസെടുക്കാം.
തൊണ്ടിമുതലുകളുടെ ചുമതലയുള്ള സീനിയര്‍ സൂപ്രണ്ടായി ഒരു വര്‍ഷത്തോളം ശ്രീകണ്ഠന്‍ നായര്‍ പ്രവര്‍ത്തിച്ചിരുന്നു. ഇക്കാലയളവിലാണ് മോഷം നടന്നത്. 2020 മാര്‍ച്ചിലാണ് ഈ പദവിയിലേക്ക് എത്തിയത്. 2021 ഫെബ്രുവരിയില്‍ ഇതേ പദവിയിലിരുന്ന് വിരമിക്കുകയും ചെയ്തു. അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ തന്നെ ഇദ്ദേഹത്തെ പൊലീസ് സംശയിച്ചിരുന്നു. വിശദമായ അന്വേഷണത്തില്‍ ചില സ്വകാര്യ സ്ഥാപനങ്ങളില്‍ ഇയാള്‍ വലിയ അളവില്‍ സ്വര്‍ണം പണയം വച്ചെന്നും ചിലയിടത്ത് സ്വര്‍ണ്ണം നേരിട്ട് വിറ്റെന്നും പൊലീസ് കണ്ടെത്തി.
പ്രതി ഒറ്റയ്ക്കാണ് മോഷണം ആസൂത്രണം ചെയ്തതെന്നും നടപ്പാക്കിയതെന്നുമാണ് പൊലീസിന്റെ നിലവിലെ നിഗമനം. ആര്‍ഡിഒ ഓഫീസിലെ വേറേതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്നറിയാന്‍ ഉദ്യോഗസ്ഥനെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണസംഘം. സ്വകാര്യ ധനകാര്യസ്ഥാപനങ്ങളില്‍ ശ്രീകണ്ഠന്‍ നായര്‍ പണയം വച്ച സ്വര്‍ണ്ണത്തില്‍ നല്ലൊരു പങ്കും കുടിശ്ശിക അടയ്ക്കാത്ത കാരണം ലേലത്തില്‍ വിറ്റു പോയെന്നാണ് സൂചന.
ആത്മഹത്യ പോലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മരിച്ചവരുടെ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം അവരുടെ ആഭരണങ്ങള്‍ പോലീസ് ആര്‍ഡിഒ കോടതിക്കു കൈമാറും. പിന്നീട് അവകാശികള്‍ രേഖാമൂലം ആര്‍ഡിഒയ്ക്ക് അപേക്ഷ നല്‍കുമ്പോള്‍ അര്‍ഹത പരിശോധിച്ച് ഉത്തരവിറക്കി അതു തിരിച്ചുനല്‍കും. മരണം കൊലപാതകമെന്നു തെളിഞ്ഞാല്‍ ആഭരണങ്ങളും വില പിടിപ്പുള്ള വസ്തുക്കളും മജിസ്‌ട്രേട്ട് കോടതിയിലേക്കു മാറ്റും.
മുരുക്കുംപുഴ സ്വദേശിയുടെ ആഭരണങ്ങള്‍ തിരികെ ലഭിക്കാന്‍ ഇപ്രകാരം കുടുംബാംഗങ്ങള്‍ അപേക്ഷ നല്‍കുകയും ആര്‍ഡിഒ ഉത്തരവിടുകയും ചെയ്തു. എന്നാല്‍, ലോക്കറില്‍ ഈ ആഭരണങ്ങള്‍ കണ്ടില്ല. തുടര്‍ന്ന് ആര്‍ഡിഒ പ്രത്യേക സംഘത്തെ നിയോഗിച്ചു നടത്തിയ പരിശോധനയില്‍ 2010 മുതല്‍ 2019 വരെയുള്ള കാലത്തെ തൊണ്ടിമുതലുകള്‍ നഷ്ടപ്പെട്ടതായി വ്യക്തമായി. തുടര്‍ന്നാണ് പരാതി നല്‍കിയത്. തൊണ്ടിമുതലുകള്‍ അടങ്ങിയ പാക്കറ്റ് തുറന്ന് പരിശോധിച്ചപ്പോള്‍ സ്വര്‍ണത്തിന് പകരം മുക്കുപണ്ടം വച്ചതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.