play-sharp-fill
റെന്റ് എ കാറില്‍ കറങ്ങി മോഷണം; സ്ത്രീകള്‍ ഉള്‍പ്പെട്ട ഹൈടെക് മോഷണസംഘം പൊലീസ് പിടിയില്‍

റെന്റ് എ കാറില്‍ കറങ്ങി മോഷണം; സ്ത്രീകള്‍ ഉള്‍പ്പെട്ട ഹൈടെക് മോഷണസംഘം പൊലീസ് പിടിയില്‍

സ്വന്തം ലേഖകന്‍

കായംകുളം: വള്ളിക്കുന്നം സ്‌റ്റേഷന്‍ പരിധിയിലെ ചൂനാട് മോഷണം നടത്തിയ സ്ത്രീകള്‍ അടക്കമുള്ള സംഘത്തെ മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലാക്കി പൊലീസ്. കറ്റാനം ഇലപ്പക്കുളം തോട്ടിന്റെ തെക്കേതില്‍ സജിലേഷ് (23, കരുനാഗപ്പള്ളി കാരൂര്‍കടവ് മീതു ഭവനത്തില്‍ സിധിന്‍ സേതു(21), കരുനാഗപ്പള്ളിയില്‍ വാടക താമസക്കാരായ എറണാകുളം കുമ്പളങ്ങി താന്നിക്കല്‍ പ്രീത(29), തിരുവനന്തപുരം വെഞ്ഞാറമൂട് പൂവന്‍വിളവത്ത് അനു(36) എന്നിവരാണ് പിടിയിലായത്. സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന മാര്‍ക്കറ്റിനുള്ളിലായിരുന്നു മോഷണം.

ചൂനാട് മാര്‍ക്കറ്റിലെ കബീറിന്റെ സിറ്റി ബേക്കറിയിലാണ് വെള്ളിയാഴ്‌ചെ പുലര്‍ച്ചെ മോഷണം നടന്നത്. തെക്കേ ജംഗ്ഷനിലെ ഷംനാദിന്റെ ഉടമസ്ഥതയിലുള്ള ജാസ്മിന്‍ ജൂവലേഴ്‌സ് കുത്തി തുറക്കാന്‍ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. ഒരാഴഅച മുന്‍പും സംഘം ജ്വല്ലറി കുത്തിത്തുറക്കാന്‍ ശ്രമിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.എല്‍ 29 പി 6639 ടാറ്റ ടിയാഗോ കാറിലാണ് സംഘം എത്തിയത്. ബേക്കറിയുടെ മുന്‍ വശത്ത് ഇരുമ്പ് ഷീറ്റ് ഉപയോഗിച്ച് സ്ഥാപിച്ച പൂട്ട് തകര്‍ത്താണ് അകത്ത് കയറിയത്. ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന 20000രൂപയുടെ സാധനങ്ങളാണ് കവര്‍ന്നത്. ഗ്യാസ് കട്ടര്‍ ഉള്‍പ്പെടെ ഇവര്‍ മുന്‍കൂട്ടി കരുതിയിരുന്നു.

രണ്ട് മണിക്കൂറോളം മാര്‍ക്കറ്റില്‍ ചെലവഴിച്ചിരുന്നു. സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച കാറിന്റെ ചിത്രവും ഗ്യാസ് സിലിണ്ടറുമാണ് മോഷ്ടാക്കളെ പിന്തുടരാന്‍ സഹായിച്ചത്. ദേഹമാസകലം മൂടിയ വസ്ത്രവും ധരിച്ച് മുഖം മറച്ചാണ് സംഘം എത്തിയത്. ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. റെന്റ് എ കാര്‍ എടുത്താണ് സംഘം മോഷണത്തിനായി സഞ്ചരിച്ചിരുന്നത്. പിടിവീഴുമെന്നായപ്പോള്‍ മൂന്നാറിലേക്ക് കടക്കാനും ശ്രമിച്ചു. എന്നാല്‍ ജിപിആര്‍എസ് സംവിധാനമുണ്ടായിരുന്ന കാറിന്റെ സഞ്ചാരപാത പിന്തുടര്‍ന്ന് വഴിമധ്യേ പൊലീസ് പിടികൂടി. ഇവരെപ്പറ്റി തുടര്‍ അന്വേഷണം നടത്തുമെന്ന് സി.ഐ ഡി. മിഥുന്‍ അറിയിച്ചു. എസ് ഐ അന്‍വര്‍ സാദത്ത്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മനീഷ്, ജിഷ്ണു, ഷാജി എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇവരെ വ്യാപാരികള്‍ ആദരിച്ചു.