രഞ്ജി ട്രോഫി കേരളത്തിന് തോൽവി: മധ്യപ്രദേശിനോട് തോറ്റത് അഞ്ചു വിക്കറ്റിന്; സച്ചിന്റെയും വിഷ്ണുവിന്റെയും  സെഞ്ച്വറി പാഴായി; വിഷ്ണു വിനോദ് കളിയിലെ താരം 

രഞ്ജി ട്രോഫി കേരളത്തിന് തോൽവി: മധ്യപ്രദേശിനോട് തോറ്റത് അഞ്ചു വിക്കറ്റിന്; സച്ചിന്റെയും വിഷ്ണുവിന്റെയും സെഞ്ച്വറി പാഴായി; വിഷ്ണു വിനോദ് കളിയിലെ താരം 

സ്‌പോട്‌സ് ഡെസ്‌ക്
തിരുവനന്തപുരം: രഞ്ജിട്രോഫി ക്രിക്കറ്റിൽ എലൈറ്റ് ഗ്രൂപ്പിൽ കേരളത്തിന് ആദ്യ തോൽവി. മധ്യപ്രദേശ് അ്ഞ്ചു വിക്കറ്റിനാണ് കേരളത്തെ തകർത്തത്. ഇതോടെ ഗ്രൂപ്പ് ചാമ്പ്യൻമാരായി അടുത്ത ഘട്ടത്തിൽ പ്രവേശിക്കാമെന്ന കേരളത്തിന്റെ മോഹങ്ങൾക്ക് കനത്ത തിരിച്ചടിയായി.
കേരളം രണ്ടാമിന്നിംഗ്‌സിൽ കെട്ടി ഉയർത്തി 191 റണ്ണിന്റെ ലീഡ് അഞ്ചു വിക്കറ്റ് കയ്യിലിരിക്കെ അവസാന സേഷനിൽ മധ്യപ്രദേശ് നേടുകയായായിരുന്നു. കേരളത്തിനു വേണ്ടി വിഷ്ണു വിനോദ് 193 ഉം, സച്ചിൻ ബേബി 143 റണ്ണും രണ്ടാം ഇന്നിങ്‌സിൽ നേടി.
സ്‌കോർ കേരളം – 63, 455 മധ്യപ്രദേശ്് – 328, 194/5
മൂന്നാം ദിവസം കളി നിർത്തിയ കേരളത്തിന് 102 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 309 റണ്ണുണ്ടായിരുന്നു. സെഞ്ച്വറി നേടിയ വിഷ്ണു വിനോദും, ബേസിൽ തമ്പിയുമായിരുന്നു മൂന്നാം ദിവസം അവസാനം വരെ കാവൽ നിന്നത്. ശനിയാഴ്ച കളി തുടങ്ങിയ ശേഷം പൊരുതി നിന്ന കേരളം 455 ലാണ് കീഴടങ്ങിയത്. എല്ലാ ബാറ്റ്‌സ്മാൻമാരും പുറത്തായെങ്കിലും 193 റണ്ണുമായി വിഷ്ണു ഒരറ്റത്ത് പൊരുതാൻ തയ്യാറായി തന്നെ നിൽക്കുന്നുണ്ടായിരുന്നു. ഒപ്പമുള്ളവരുടെ പിൻതുണ നഷ്ടമായതോടെ വിഷ്ണുവിന് അർഹിക്കുന്ന ഇരട്ടസെഞ്ച്വറിയും ലഭിച്ചില്ല. 282 പന്തിൽ 23 ഫോറും ഒരു സിക്‌സും പറത്തിയാണ് വിഷ്ണു കേരളത്തിനു വേണ്ടി കളത്തിൽ പോരാടിയത്. 107 പന്തിൽ 57 പന്തെടുത്ത ബേസിൽ തമ്പി ആദ്യാവസാനം വിഷ്ണുവിന് മികച്ച പിൻതുണ നൽകി. 451 ൽ ബേസിൽ പുറത്തായതിനു പിന്നാലെ വിഷ്ണു ഒരു ഫോർ പറത്തി അതി വേഗം ഇരട്ടസെഞ്ച്വറിയിൽ എത്താൻ ശ്രമിച്ചു. എന്നാൽ, പിന്നാലെ സ്‌ട്രൈക്ക് ലഭിച്ചെത്തിയ സന്ദീപ് വാര്യർ ഒരു പന്ത് മാത്രം നേരിട്ട് ക്യാച്ച് നൽകി മടങ്ങിയതോടെ രണ്ടാം ഇന്നിംഗ്‌സിലെ കേരളത്തിന്റെ ചെറുത്ത് നിൽപ്പ് അവസാനിച്ചു. കെ.ആർ സെൻ മധ്യപ്രദേശിനു വേണ്ടി മൂന്നു വിക്കറ്റ് വീഴ്ത്തി. അവേഷ് ഖാൻ രണ്ടും, എംഎൻ ഹീരവാണിയും, എസ്.എസ് ജെയിനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗിനിറങ്ങിയ മധ്യപ്രദേശിന് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. എ.വി ബിർളയും എം.ഡി മിശ്രയും ചേർന്ന് 34 റൺ വരെ എത്തെിച്ചെങ്കിലും 42 റണ്ണിൽ രണ്ടാം വിക്കറ്റും നഷ്ടമായി. 108 ന് മൂന്നും, 114 ൽ നാലാം വിക്കറ്റും നഷ്ടമായെങ്കിലും 63 റണ്ണെടുത്ത ആർ.എസ് പട്ടീധാറും, ആറ് റണ്ണെടുത്ത എസ്.എസ് ശർമ്മയും ചേർന്ന് മധ്യപ്രദേശിനെ വിജയ വഴിയിൽ തിരികെ എത്തിക്കുകയായിരുന്നു. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്നുണ്ടാക്കിയ കൂട്ടുകെട്ട് പൊളിക്കാനാവാതെ വന്നതോടെയാണ് മധ്യപ്രദേശ് വിജയം എത്തിപ്പിടിച്ചത്. ഇരട്ടസെഞ്ച്വറിക്കരിയെ നിന്ന വിഷ്ണു വിനോദ് തന്നെയാണ് മത്സരത്തിലെ താരം.
പരാജയപ്പെട്ടെങ്കിലും മൂന്നു കളികളിൽ നിന്നും 13 പോയിന്റ് നേടിയ കേരളം തന്നെയാണ് എലൈറ്റ് ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്ത്. രണ്ടു വിജയവും ഒരു പരാജയവുമാണ് കേരളത്തിനുള്ളത്. കഴിഞ്ഞ കളിയിൽ കേരളത്തോടു പരാജയപ്പെട്ട ബംഗാളിന് നാലു കളികളിൽ നിന്ന് പന്ത്രണ്ട് പോയിന്റ് മാത്രമാണ് ഉള്ളത്. പന്ത്രണ്ടു പോയിന്റുമായി ഹൈബരാബാദ് മൂന്നാം സ്ഥാനത്തുണ്ട്. ഒരു കളി ബാക്കി നിൽക്കേ കേരളം അടുത്ത റൗണ്ടിലേയ്ക്കുള്ള പ്രവേശന സാധ്യത ബാക്കിയായിട്ടുണ്ട്.