
വിജയരാഘവന്റെ മോശം പരാമർശം: വനിതാ കമ്മീഷനെതിരെ ആഞ്ഞടിച്ചു രമ്യ ഹരിദാസ്
സ്വന്തംലേഖകൻ
തൃശൂർ : എൽഡിഎഫ് കണ്‍വീനർ എ.വിജയരാഘവൻ തനിക്കെതിരേ മോശം പരാമർശം നടത്തിയതിനെതിരെ നൽകിയ പരാതിയിൽ സംസ്ഥാന വനിതാ കമ്മീഷൻ ഇതുവരെ അന്വേഷിച്ചിട്ടില്ലെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. ഇതു വളരെ ഖേദകരമാണ്. എന്നാൽ, കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥിയായ കെ.സുധാകരനെതിരെ പത്രവാർത്ത കണ്ട് നടപടിയെടുക്കാൻ തയാറായ കമ്മീഷൻ തന്റെ കാര്യത്തിൽ മൗനം പാലിക്കുകയാണ്.
വനിതാ കമ്മീഷനെതിരേ എന്തു നിലപാട് സ്വീകരിക്കണമെന്നു യുഡിഎഫ് നേതാക്കളുമായി ആലോചിച്ചു തീരുമാനിക്കുമെന്നും രമ്യ പറഞ്ഞു. തെക്കുംകര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അവർ.മുഖ്യമന്ത്രി പിണറായി വിജയനെ ആദരിക്കുന്ന വ്യക്തിയാണു താൻ. ഒരു ദളിത് പെണ്‍കുട്ടിക്കെതിരെ തന്റെ പാർട്ടിയിലെ ഒരു നേതാവ് വ്യക്തിഹത്യ നടത്തിയിട്ട് അതിനെതിരെ അദ്ദേഹം ഒരു വാക്കു പോലും ശബ്ദിക്കാതിരുന്നതു വളരെ മോശമായിപ്പോയി. ചരിത്രം മാറ്റിയെഴുതുന്ന ഒരു വിധിയെഴുത്താവും ആലത്തൂരിൽ നടക്കുകയെന്നും രമ്യ അവകാശപ്പെട്ടു.