play-sharp-fill
അച്ഛൻ ഒരു വിജ്ഞാനകോശം, ഒപ്പം നല്ലയൊരു സുഹൃത്തും ; പെണ്‍കുട്ടികൾ എന്നപേരില്‍ ഒരിടത്തും മാറിനില്‍ക്കരുത്, സ്വയംപര്യാപ്തത ശീലമാക്കി ഉയരങ്ങളിൽ എത്തണമെന്നാണ് അച്ഛന്റെ ആഗ്രഹം ; നീറുന്ന ഓർമ്മകളുമായി നവീൻ ബാബുവിന്റെ മക്കള്‍

അച്ഛൻ ഒരു വിജ്ഞാനകോശം, ഒപ്പം നല്ലയൊരു സുഹൃത്തും ; പെണ്‍കുട്ടികൾ എന്നപേരില്‍ ഒരിടത്തും മാറിനില്‍ക്കരുത്, സ്വയംപര്യാപ്തത ശീലമാക്കി ഉയരങ്ങളിൽ എത്തണമെന്നാണ് അച്ഛന്റെ ആഗ്രഹം ; നീറുന്ന ഓർമ്മകളുമായി നവീൻ ബാബുവിന്റെ മക്കള്‍

സ്വന്തം ലേഖകൻ

പത്തനംതിട്ട: ‘അച്ഛനെ ഒരു വിജ്ഞാനകോശമായിട്ടായിരുന്നു ഞങ്ങള്‍ കണ്ടിരുന്നത്. ഒപ്പം നല്ലയൊരു സുഹൃത്തായും’ – നവീൻ ബാബുവിന്റെ മക്കളായ നിരഞ്ജനയും നിരുപമയും.

ഉത്തരം കിട്ടാത്തവരായി മക്കള്‍ വളരരുതെന്ന് ആഗ്രഹിച്ച അച്ഛനെ നീറുന്ന ഒരു ഓർമയായി അവശേഷിപ്പിക്കുകയായിരുന്നു കണ്ണൂരിലെ യാത്രയയപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കളോട് അദ്ദേഹം ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു ‘നിങ്ങള്‍ പെണ്‍കുട്ടികളാണ് എന്നപേരില്‍ ഒരിടത്തും മാറിനില്‍ക്കരുത്. സ്വയംപര്യാപ്തത ശീലമാക്കണം.’ അച്ഛനെ അത്രമേല്‍ സ്നേഹിച്ച ഈ കുട്ടികളില്‍ ഈ വാക്കുകള്‍ ചെലുത്തിയ സ്വാധീനം ചെറുതായിരുന്നില്ല. പഠനത്തിലും ജീവിതത്തിലും കുട്ടികള്‍ അത് പ്രാവർത്തികമാക്കി. നിരഞ്ജന ഫുഡ് ടെക്നോളജിയില്‍ ബി.ടെക് കഴിഞ്ഞ് ജോലിക്ക് ശ്രമിക്കുന്നു. നിരുപമ നീറ്റ് കൗണ്‍സലിങ് കാത്തിരിക്കുന്നു.

നല്ല വായനശീലമുള്ള അച്ഛനോട് എന്തുസംശയം ചോദിച്ചാലും ഉത്തരമുണ്ടാകുമെന്ന് മക്കള്‍ക്കറിയാമായിരുന്നു. ഇംഗ്ലീഷിലെ മിക്കവാറും വാക്കുകളുടേയും അർഥം ഇവർ ചോദിക്കുന്നത് അച്ഛനോടായിരുന്നു. അദ്ഭുതപ്പെടുത്തുന്ന ഒരു നിഘണ്ടുവായിട്ട് അച്ഛനെ തോന്നിയിട്ടുണ്ടെന്ന് നിരഞ്ജന പറയുന്നു. ഓട്ടോമൊബൈലില്‍ പോളിടെക്നിക് ഡിപ്ലോമക്കാരനാണ് നവീൻ ബാബു. അവധിക്കുവന്നാല്‍ നാലുപേരും വീട്ടില്‍ ഒന്നിച്ചിരുന്ന് ഒരു സിനിമ പതിവായിരുന്നു.

രണ്ടുമക്കളേയും 18 വയസ്സ് പൂർത്തിയായപ്പോള്‍ത്തന്നെ ഡ്രൈവിങ് ലൈസൻസ് എടുപ്പിക്കാൻ നവീൻ ബാബു മുന്നിട്ടുനിന്നു. ലൈസൻസ് എടുത്തശേഷം വാഹനമോടിച്ച്‌ പരിചയിക്കാൻ മക്കളെ സഹായിച്ചിരുന്നു. കണ്ണൂരില്‍നിന്ന് തീവണ്ടിയില്‍ ചെങ്ങന്നൂരിലെത്തുന്ന അച്ഛനെ കൂട്ടിക്കൊണ്ടുവരാൻ അമ്മയേയുംകൂട്ടി മക്കളാണ് പോകാറുള്ളത്. അത്തരമൊരു യാത്രയായിരുന്നു ചൊവ്വാഴ്ച പുലർച്ചെയുമുണ്ടായത്. പക്ഷേ, അന്നുമുതല്‍ ഈ പെണ്‍കുട്ടികളുടെ സന്തോഷം ഇല്ലാതാവുകയായിരുന്നു.