യു പ്രതിഭയ്ക്ക് എതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിൽ നടപടിക്കൊരുങ്ങുന്നു; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നടപടിയെടുക്കാൻ നിർദ്ദേശം നൽകി

Spread the love

കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു പ്രതിഭയ്ക്ക് എതിരെയുള്ള അധിക്ഷേപ പരാമര്‍ശത്തില്‍ നടപടിയെടുക്കാന്‍ നിര്‍ദേശം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കുകയാണ് സിപിഐഎം. കേന്ദ്ര കമ്മിറ്റി അംഗം സിഎസ് സുജാതയുടെ നേതൃത്വത്തില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കായംകുളത്ത് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. തിരഞ്ഞെടുപ്പില്‍ വിഷയം പ്രചാരണായുധമാക്കാനാണ് എല്‍ഡിഎഫ് നീക്കം. വിവാദങ്ങള്‍ക്ക് പിന്നാലെ മുസ്ലിം ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് മണ്ഡലം പ്രസിഡന്റ് എ ഇര്‍ഷാദിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇര്‍ഷാദിനെതിരെ സ്വീകരിച്ച നടപടി ഉയര്‍ത്തി കാട്ടിയാണ് യുഡിഎഫിന്റെ പ്രതിരോധം.

video
play-sharp-fill

കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ആയിരുന്നു മുസ്ലിം ലീഗ് നേതാവും കായംകുളം യുഡിഎഫ് കണ്‍വീനറുമായ എ ഇര്‍ഷാദിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. സിറ്റിംഗ് എംഎല്‍എയായ പ്രതിഭയുടെ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നതിനിടെയാണ് അധിക്ഷേപകരമായ പ്രസ്താവന. സംഭവം വിവാദമായതോടെ പ്രതിഷേധവുമായി എല്‍ഡിഎഫ് രംഗത്തെത്തി. പ്രസ്താവന ഒരാളെ മാത്രം ലക്ഷ്യമിട്ടു കൊണ്ടല്ലെന്നും പൊതുരംഗത്തുള്ള മുഴുവന്‍ സ്ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.