
ഉരുട്ടിക്കൊല : റിമാൻഡിൽ കഴിയുന്ന പോലീസുകാരെ ജാമ്യത്തിലിറക്കാൻ നിർബന്ധിത പണപ്പിരിവ് ; നെടുങ്കണ്ടം കമ്പംമെട്ട് പോലീസ് സ്‌റ്റേഷനുകളിൽ പിരിക്കുന്നത് ഒരാളിൽ നിന്ന് 10000 രൂപവരെ
സ്വന്തം ലേഖിക
നെടുങ്കണ്ടം: രാജ്കുമാറിന്റെ കസ്റ്റഡിമരണക്കേസിൽ റിമാൻഡിൽ കഴിയുന്ന പോലീസുകാരെ ജാമ്യത്തിലിറക്കാൻ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലും കമ്ബംമെട്ട് പോലീസ് സ്റ്റേഷനിലും നിർബന്ധിത പണപ്പിരിവ്.
രണ്ട് സ്റ്റേഷനുകളിലെയും ഓരോ പോലീസുകാരിൽനിന്നും 5000 മുതൽ 10,000 രൂപവരെയാണ് രണ്ട് മുതിർന്ന പോലീസുകാരുടെ നേതൃത്വത്തിൽ പിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കസ്റ്റഡിമരണക്കേസിൽ നെടുങ്കണ്ടം മുൻ എസ്.ഐ. കെ.എ.സാബു, എ.എസ്.ഐ. സി.ബി.റെജിമോൻ, പോലീസ് ഡ്രൈവർമാരായ സജീവ് ആന്റണി, പി.എസ്.നിയാസ്, എ.എസ്.ഐ.യും റൈറ്ററുമായ റോയി പി.വർഗീസ്, സി.പി.ഒ. ജിതിൻ കെ.ജോർജ്, ഹോംഗാർഡ് കെ.എം.ജെയിംസ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ഇതിൽ എസ്.ഐ. കെ.എ.സാബു, പോലീസ് ഡ്രൈവർ സജീവ് ആന്റണി, എ.എസ്.ഐ. സി.ബി.റെജിമോൻ, സി.പി.ഒ. ജിതിൻ കെ.ജോർജ് എന്നിവർക്ക് കഴിഞ്ഞ ദിവസങ്ങളിൽ ജാമ്യം കിട്ടിയിരുന്നു. ബാക്കിയുള്ള പോലീസുകാരെകൂടി ജാമ്യത്തിലിറക്കുന്നതിനുവേണ്ടിയാണ് തുകയെന്നാണ് പറയുന്നത്.
പിരിച്ച തുക റിമാൻഡിലുള്ള പോലീസുകാരുടെ ബന്ധുക്കളെ ഏൽപ്പിച്ചു. എന്നാൽ ചില പോലീസുകാർ പിരിവ് നൽകാൻ തയ്യാറായില്ല. അവരോട് നെടുങ്കണ്ടം സ്റ്റേഷനിലെ ചില മുതിർന്ന പോലീസുകാർ കർശനമായി പണം ആവശ്യപ്പെട്ടതായി സൂചനയുണ്ട്.
കമ്പമെട്ടിലും പിരിവ് നടത്താൻ ചില പോലീസുകാരെ നിയോഗിച്ചിരുന്നു. എന്നാൽ സ്ഥലംമാറിയെത്തിയ പോലീസുകാരിൽ ചിലർ തുക നൽകാൻ തയ്യാറായില്ല. പിരിവ് നൽകാത്തവരെ സ്ഥലംമാറ്റുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. കുറ്റക്കാരായ പോലീസുകാരെ സംരക്ഷിക്കാൻ സേനയ്ക്കുള്ളിൽ ശ്രമം നടക്കുന്നതായി കേസിന്റെ തുടക്കത്തിലേ ആരോപണം ഉയർന്നിരുന്നു. സർക്കാർ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് പോലീസുകാരെ ജാമ്യത്തിലിറക്കാനുള്ള ശ്രമങ്ങൾ ഊർജിതമായത്.