
തിരുവനന്തപുരം: കുടുംബശ്രീയും രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോയുമായി കൈകോർത്ത് പതിനായിരം വനിതകൾക്ക് തൊഴിൽ നൽകുന്ന പദ്ധതി സംസ്ഥാനത്ത് ആരംഭിക്കുകയാണെന്ന് മന്ത്രി എംമബി രാജേഷ് പറഞ്ഞു. തൊഴിൽ ക്യാമ്പയിന്‍റെ ഭാഗമായി കുടുംബശ്രീയും റിലയൻസുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തിൽ ഇത്രയും പേർക്ക് തൊഴിൽ ലഭ്യമാക്കുന്നത്. ഡിജിറ്റൽ ഉൽപന്നങ്ങളുടെ വിപണനവും, വർക്ക് ഫ്രം ഹോമായി കസ്റ്റമർ കെയർ ടെലി കോളിംഗും ഉൾപ്പെടെയുള്ള തൊഴിലുകളിലേക്കാണ് കുടുംബശ്രീ വനിതകളെ പരിഗണിക്കുക.
തൊഴിലിനായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് എല്ലാ പരിശീലനവും റിലയൻസ് നൽകും, ആകർഷകമായ വേതനവും ലഭ്യമാക്കും. ഇതിനായി കുടുംബശ്രീയും റിലയൻസ് പ്രോജക്ട്സ് ആൻഡ് പ്രോപ്പർട്ടി മാനേജ്മെന്റ് സർവീസസ് ലിമിറ്റഡും തമ്മിൽ ധാരണാ പത്രം ഒപ്പുവച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ റിലയൻസ് ടെലികോം ഡിവിഷനായ ജിയോയുടെ വിവിധ വിഭാഗങ്ങളിൽ നിന്നു ലഭ്യമാകുന്ന ഡിജിറ്റൽ ഉൽപന്നങ്ങളുടെ വിപണനവും മറ്റ് ഡിജിറ്റൽ സേവനങ്ങളും നൽകുന്നതിനാണ് കുടുംബശ്രീ വനിതകളുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. തൊഴിൽ അവസരങ്ങളുടെ എണ്ണത്തിന് അനുസൃതമായി യോഗ്യരായ കുടുംബശ്രീ വനിതകളുടെ പട്ടിക അതത് കുടുംബശ്രീ സി.ഡി.എസുകൾ വഴി റിലയൻസിന് ലഭ്യമാക്കും. ഫ്രീലാൻസ് മാതൃകയിലായിരിക്കും ഇവരുടെ ജോലി. ചെയ്യുന്ന ജോലിക്കനുസരിച്ചാണ് ഇവർക്കുള്ള വേതനം ലഭിക്കുന്നത്.
നിലവിൽ ജിയോയിൽ ഈ രംഗത്ത് തൊഴിൽ ചെയ്യുന്നവർക്ക് പ്രതിമാസം 15000 രൂപയിലേറെ വരുമാനം ലഭിക്കുന്നുണ്ട്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ജിയോ കസ്റ്റമർ അസോസിയേറ്റ്സിന്റെ കീഴിൽ ടെലികോളിങ്ങ് മേഖലയിൽ മുന്നൂറു പേർക്ക് വർക്ക് ഫ്രം ഹോം ജോലിയും നൽകുന്നുണ്ട്. പുറത്തു പോയി ജോലി ചെയ്യാൻ താത്പര്യമില്ലാത്ത വീട്ടമ്മമാരായ കുടുംബശ്രീ വനിതകൾക്ക് ഇത് ഏറെ സഹായകമാകും

Whatsapp Group 1 | Whatsapp Group 2 |Telegram Group