സ്വന്തം ലേഖകൻ
കൊച്ചി: നഗ്നശരീരത്തിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ രഹ്‌ന ഫാത്തിമ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കേസിൽ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷൻ സിഐക്ക് മുന്നിലാണ് കീഴടങ്ങിയത്.
കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ സുപ്രീം കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രായപൂർത്തിയാകാത്ത മക്കളെ തന്റെ അർധ നഗ്ന ശരീരത്തിൽ ചിത്രം വരയ്ക്കാൻ അനുവദിക്കുകയും ഒപ്പം അതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനുമാണ് കേസ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രഹ്നയ്‌ക്കെതിരെ പോക്‌സോ, ഐടി നിയമങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.യുട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ സംസ്ഥാന സൈബർ ഡോം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്.
കേസിൽ ജാമ്യമില്ലാ വകുപ്പു പ്രകാരം പൊലീസ് കേസെടുത്തതോടെ രഹ്ന ഒളിവിൽ പോകുകയും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുകയുമായിരുന്നു.
ഇന്ന് വൈകീട്ട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുമെന്ന് രഹന ഫാത്തിമ നേരത്തെ ഫെയ്‌സ്ബുക്കിൽ കുറിച്ചിരുന്നു. സാമൂഹിക മാറ്റത്തിനും ലിംഗ സമത്വത്തിനും സ്ത്രീ ശരീരത്തെ അമിത ലൈംഗികവത്കരിക്കുന്നതിന് എതിരെയും പോരാടാൻ പിന്തുണ നൽകിയ എല്ലാവരോടും സ്‌നേഹം. നമ്മൾ ആയിരുന്നു ശരിയെന്നു കാലം തെളിയിക്കട്ടെയെന്നും രഹ്ന ഫെയ്‌സ്ബുക്കിൽ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രഹ്ന പൊലീസ് സ്റ്റേഷനിലെത്തി സി.ഐയ്ക്ക് മുന്നിൽ
കീഴടങ്ങിയത്.