കഴിഞ്ഞ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കണം; മീനച്ചിലാർ വറ്റിവരണ്ടപ്പോൾ ഈരാറ്റുപേട്ടയും സമീപ പഞ്ചായത്തുകളും കടുത്ത ജലക്ഷാമത്തിൽ; മീനച്ചിലാറ്റിൽ റഗുലേറ്റർ കം ബ്രിഡ്ജ് അനിവാര്യം

Spread the love

ഈരാറ്റുപേട്ട:

video
play-sharp-fill

മീനച്ചിലാർ വറ്റിവരണ്ടതോടെ ഈരാറ്റുപേട്ട നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കടുത്ത ജലക്ഷാമം രൂക്ഷമായി തുടരുകയാണ്. വർഷങ്ങളായി നിലനിൽക്കുന്ന ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമായി മീനച്ചിലാറ്റിൽ റഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു.

ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ജലവിഭവ വകുപ്പ് പഠനം നടത്തിയിരുന്നു. പാലത്തിന് ആവശ്യമായ അപ്രോച്ച് റോഡിനായി സ്ഥലം കണ്ടെത്തി നൽകാമെന്ന് നഗരസഭ ഒരു വർഷം മുൻപ് കൗൺസിൽ പ്രമേയം മുഖേന ജലവിഭവ വകുപ്പിനെ അറിയിച്ചിട്ടുമുണ്ട്. എന്നാൽ ഇതുവരെ പദ്ധതിക്കായി ആവശ്യമായ ഫണ്ട് അനുവദിക്കാൻ ജലവിഭവ വകുപ്പ് തയ്യാറായിട്ടില്ല. കഴിഞ്ഞ വർഷം സംസ്ഥാന ബജറ്റിൽ ഈരാറ്റുപേട്ട വടക്കേക്കരയിൽ മീനച്ചിലാറ്റിൽ റഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കുന്നതിനായി ടോക്കൺ പ്രൊവിഷൻ ഉൾപ്പെടുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലങ്കര ഡാമിലെ വെള്ളം മീനച്ചിൽ താലൂക്കിലേക്ക് എത്തിക്കുന്നതിനുള്ള മലങ്കര ജലസേചന പദ്ധതി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിൽ ഒതുങ്ങി നിൽക്കുകയാണ്. പദ്ധതി തുടർനടപടികളിലേക്ക് കടക്കാത്ത സാഹചര്യത്തിൽ, മീനച്ചിലാറ്റിനെ പരമാവധി പ്രയോജനപ്പെടുത്തി റഗുലേറ്റർ കം ബ്രിഡ്ജ് പോലുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ ഈരാറ്റുപേട്ടയിലെയും സമീപ പഞ്ചായത്തുകളിലെയും ജലക്ഷാമത്തിന് പരിഹാരം കണ്ടെത്താനാകുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

മഴക്കാലത്ത് നഗരസഭ പ്രദേശത്തിലൂടെ ഒഴുകുന്ന ആറുകളിലെ വെള്ളം സംഭരിച്ച് നിർത്താനും, വടക്കേക്കരയെയും അരുവിത്തുറയെയും ബന്ധിപ്പിക്കുന്ന തരത്തിൽ ഈരാറ്റുപേട്ട മുക്കട ഭാഗത്ത് മീനച്ചിലാറ്റിൽ റഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കണമെന്ന ആവശ്യം വർഷങ്ങളായി നാട്ടുകാർ ഉന്നയിച്ചുവരികയാണ്.

ഇലക്ട്രിക് സംവിധാനത്തിലൂടെ റഗുലേറ്ററിലെ ഷട്ടറുകൾ ഉയർത്തിയും താഴ്ത്തിയും നദിയിലെ ജലനിരപ്പ് നിയന്ത്രിക്കാൻ സാധിക്കുന്നതാണ് പദ്ധതിയുടെ പ്രത്യേകത. ബ്രിഡ്ജ് പണി പൂർത്തിയാകുന്നതോടെ വേനൽക്കാലത്ത് അൽമനാർ സ്കൂൾ ഭാഗം, തെക്കനാറിൽ–മറ്റക്കാട് ഉൾപ്പെടുന്ന പ്രദേശങ്ങളിൽ നദിയിലെ ജലനിരപ്പ് ഏകദേശം ഒന്നര മീറ്റർ വരെ ഉയരുമെന്നാണ് വിലയിരുത്തൽ.

ഇതിലൂടെ നദീതീരങ്ങളിലെ കിണറുകളിൽ ജലസമൃദ്ധി വർധിക്കുകയും, ജനകീയ ജലസേചന പദ്ധതികളെ ആശ്രയിച്ചുള്ള കിണറുകളിൽ ധാരാളം വെള്ളം ലഭിക്കുകയും ചെയ്യും. പദ്ധതി നടപ്പിലാകുന്നതോടെ നഗരസഭ പ്രദേശത്തെ ജലക്ഷാമം ഗണ്യമായി കുറയുകയും സമീപ പഞ്ചായത്തുകൾക്കും ആശ്വാസമാകുകയും ചെയ്യും.

പദ്ധതിപ്രകാരം ശേഖരിക്കുന്ന വെള്ളം പൈപ്പുകൾ വഴി മറ്റക്കാട്, തേവരുപാറ, കൊട്ടുകാപ്പള്ളി, വഞ്ചാങ്കൽ, നടയ്ക്കൽ, കരിയാത്തോട്ടം, ഈറ്റിലക്കയം, വാക്കാപറമ്പ്, അരുവിത്തുറ, മുത്താരംകുന്ന്, വല്ല്യച്ചൻമല, മുരിക്കോലി തുടങ്ങിയ പ്രദേശങ്ങളിൽ ടാങ്കുകൾ നിർമിച്ച് വീടുകളിലേക്ക് വിതരണം ചെയ്യാനും സാധിക്കും.

കൂടാതെ, ഈ ബ്രിഡ്ജ് വഴി ഈരാറ്റുപേട്ട ടൗണിലെ ഗതാഗതം തിരിച്ചുവിടാൻ കഴിയുന്നതോടെ നഗരത്തിൽ പതിവായി ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകുകയും, വർഷംതോറും സംഭവിക്കുന്ന വെള്ളപ്പൊക്കം നിയന്ത്രിക്കാനും സഹായകരമാകുമെന്ന് നാട്ടുകാർ പ്രതീക്ഷിക്കുന്നു.