പ്രാദേശിക ചലച്ചിത്ര മേള അഞ്ചാമത് എഡിഷന് മാർച്ച് അഞ്ചിന് തിരിതെളിയും: മേളയിൽ ഇക്കുറി മൂന്നു ദിവസങ്ങളിലായി പ്രദർശിപ്പിക്കുക പതിനഞ്ച് ചിത്രങ്ങൾ; കാന്തനും, അങ്ങ് ദൂരെ ഒരു ദേശത്തും പ്രദർശിപ്പിക്കും

പ്രാദേശിക ചലച്ചിത്ര മേള അഞ്ചാമത് എഡിഷന് മാർച്ച് അഞ്ചിന് തിരിതെളിയും: മേളയിൽ ഇക്കുറി മൂന്നു ദിവസങ്ങളിലായി പ്രദർശിപ്പിക്കുക പതിനഞ്ച് ചിത്രങ്ങൾ; കാന്തനും, അങ്ങ് ദൂരെ ഒരു ദേശത്തും പ്രദർശിപ്പിക്കും

സ്വന്തം ലേഖകൻ

കോട്ടയം: ആർട്ടിസ്റ്റ് അസോസിയേഷൻ ഫോർ തീയറ്റർ ആൻഡ് മ്യൂസിക് (ആത്മയും) ചലച്ചിത്ര അക്കാദമിയും ചേർന്ന് നടത്തുന്ന പ്രാദേശിക ചലച്ചിത്ര മേള മാർച്ച് അഞ്ചു മുതൽ എട്ട് വരെ കോട്ടയം അനശ്വര തീയറ്ററിൽ നടക്കും. ചലച്ചിത്ര മേളയുടെ ഭാഗമായി ഓപ്പൺ ഫോറവും, ഓപ്പൺ സ്‌ക്രീനിംങും നടക്കും. കഴിഞ്ഞ അഞ്ചു വർഷമായി വൻ ജനപങ്കാളിത്തത്തോടെ നടക്കുന്ന ചലച്ചിത്രമേളയുടെ അഞ്ചാമത് എഡിഷന് മാർച്ച് അഞ്ച് ചൊവ്വാഴ്ച വൈകിട്ട് ആറിന് പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് പ്രശസ്ത സംവിധായകനും കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ ഹരികുമാർ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിൽ കെ.സുരേഷ് കുറുപ്പ് എംഎൽഎ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ , മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് , നഗരസഭ അധ്യക്ഷ ഡോ.പി.ആർ സോന, മുൻ എംഎൽഎ വി.എൻ വാസവൻ, വി.ബി ബിനു എന്നിവർ പ്രസംഗിക്കും. തുടർന്ന് ഓപ്പൺ സ്‌ക്രീനിംഗിൽ അന്തരിച്ച സംവിധായകൻ ലെനിൻ രാജേന്ദ്രനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ സിനിമയായ മീനമാസത്തിലെ സൂര്യൻ പ്രദർശിപ്പിക്കും.

മാർച്ച് ആറ് ബുധനാഴ്ച രാവിലെ 9.30 മുതലാണ് പ്രദർശനം ആരംഭിക്കുന്നത്. ദി ബൈബ് ഓഫ് ഹെവൻ, ദി സൈലൻസ്, ബിലാത്തിക്കുഴൽ , സ്‌ളീപ്പ്‌ലെസ് ലി യുവേഴ്‌സ്, മനോഹർ ആൻഡ് ഐ, ദി ഡാർക്ക് റൂം, പെയിന്റിംഗ് ലൈഫ്, ദി ഫ്ളൈറ്റ്, കോട്ടയം, ടേക്കിംഗ് ദി ഹോൾസ് ടു ഈറ്റ് ജിലേബീസ്, ദി ബെഡ്, എ പെയിന്റിംഗ് ലെസൺ, ഹ്യൂമൻ ഓഫ് സംവൺ, ദി പ്രെറ്റി ഐയ്ഡ് ഗേൾ, ഇൻ എ ലാൻഡ് ഓഫ് എവേ, ദി ഹണ്ടർ എന്നീ ചിത്രങ്ങളാണ് പ്രദർശനത്തിനായി എത്തുന്നത്. ഓപ്പൺ സ്‌ക്രീനിംഗിന്റെ ഭാഗമായി എല്ലാ ദിവസവും വൈകിട്ട് 6.30 ന് പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് ചിത്രങ്ങൾ പ്രദർശിപ്പിക്കും. ലെനിൻ രാജേന്ദ്രൻ, മൃണാൾ സെൻ, അജയൻ എന്നിവരുടെ ചിത്രങ്ങളാണ് ഓപ്പൺ വേദിയിൽ സൗജന്യമായി പ്രദർശിപ്പിക്കുക. മീനമാസത്തിലെ സൂര്യൻ, പെരുന്തച്ചൻ, ഭൂവൻ ഷോം, വചനം എന്നീ ചിത്രങ്ങളാവും ഇവിടെ പ്രദർശനത്തിന് ഉണ്ടാകുക. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ കാന്തൻ, അങ്ങ് ദൂരെ ഒരു ദേശത്ത് തുടങ്ങിയ ചിത്രങ്ങൾ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏഴിന് ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് കാന്തന്റെ ആദ്യ പ്രദർശനം. എട്ടിന് വൈകിട്ട് ആറിന് അങ്ങ് ദൂരെ ഒരു ദേശത്തും പ്രദർശിപ്പിക്കും.

എല്ലാ ദിവസവും രാവിലെ 9.30 , 12.00 , ഉച്ചയ്ക്ക് 2.30 , വൈകിട്ട് ആറ് രാത്രി 8.30 എന്നിങ്ങനെയാണ് പ്രദർശന സമയം. എല്ലാ ദിവസവും വൈകിട്ട് 4.45 മുതൽ 4.45 വരെ സിനിമകളെ സംബന്ധിക്കുന്ന ഓപ്പൺഫോറവും ഉണ്ടാകും. ഓപ്പൺ ഫോറത്തിൽ ആറിന് ഡിജിറ്റൽ കാലത്തെ ചലച്ചിത്ര വിദ്യാഭ്യാസത്തിന്റെ മൂല്യം എന്ന വിഷയത്തിലും, ഏഴിന് മലയാള സിനിമയിലെ നവ അഭിനയ ശൈലികൾ, എന്ന വിഷയങ്ങളിൽ ചർച്ചയും, എട്ടിന് ചലച്ചിത്ര മേളയുടെ അവലോകനവും നടക്കും. മേളയുടെ വിവിധ ഘട്ടങ്ങളിലെ സെഷനുകളിൽ കാന്തന്റെ ഡയറക്ടർ ഷെറീഫ് , അങ്ങ് ദൂരെ ഒരു ദേശത്തിലെ നായികയും അണിയറ പ്രവർത്തകരും അടക്കമുള്ളവർ പങ്കെടുക്കും.

ഇറാൻ ഫിലിം ഫെസ്റ്റിവൽ, ബെർലിൻ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിലെ ലോക പ്രീമിയർ വിഭാഗം, കാൻ ചലച്ചിത്ര മേള, ഐ.എഫ്.എഫ്.കെ , മുംബൈ, കൊൽക്കത്ത, ഗോവ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച ഏറ്റവും മികച്ച ചിത്രങ്ങളാണ് പ്രാദേശിക ചലച്ചിത്ര മേളയുടെ ഭാഗമായി പ്രദർശനത്തിൽ എത്തിച്ചിരിക്കുന്നതെന്ന് ആത്മ പ്രസിഡന്റ് ആർടിസ്റ്റ് സുജാതൻ, ഫിലിം സൊസൈറ്റി പ്രസിഡന്റ് പ്രദീപ് നായർ, ഫെസ്റ്റിവൽ കമ്മിറ്റി ചെയർമാൻ ജോഷി മാത്യു, സെക്രട്ടറി സജി കോട്ടയം, ജനറൽ കൺവീനർ ബിനോയ് വേളൂർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. മുൻ വർഷങ്ങളിലേതിനു സമാനമായി വൻ പങ്കാളിത്തമാണ് ഡെലിഗേറ്റ് പാസിനുള്ള അപേക്ഷകളിൽ കോട്ടയത്ത് ഇക്കുറിയും ലഭിച്ചിരിക്കുന്നത്. പ്രായപൂർത്തിയായവർക്ക് മാത്രമാണ് ചലച്ചിത്ര മേളയിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ചലച്ചിത്ര മേളയെ കോട്ടയം ഏറ്റെടുത്തു കഴിഞ്ഞതായും ഇവർ പറഞ്ഞു.