
സ്വന്തം ലേഖകൻ
പത്തനംതിട്ട: റീല്‍സ് ചിത്രീകരണം അതിരുവിട്ട് അപകടത്തിലേക്ക് നയിച്ചപ്പോള്‍ നാട്ടുകാർ ബാനർ എഴുതി മുന്നറിയപ്പ് സ്ഥാപിച്ചു. ഇരുചക്രവാഹനത്തില്‍ റീല്‍സ് എടുത്താല്‍ കൈയുംകാലും തല്ലിയൊടിക്കും.
ഉന്നതനിലവാരത്തില്‍ പണിത മനയ്ക്കച്ചിറ-കവിയൂർ-കിഴക്കൻമുത്തൂർ റോഡിലാണ് റീല്‍സെടുക്കാനുള്ള പാച്ചില്‍ അപകടത്തിന് വഴി തുറക്കുന്നത്. മുത്തൂർ-മനയ്ക്കച്ചിറ റോഡിലെ നാട്ടുകടവ് പാലത്തിന് സമീപമാണ് ഓട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ബാനർ കെട്ടിയത്. യുവാക്കള്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ പുതുതലമുറബൈക്ക് ഓട്ടോറിക്ഷയിലിടിച്ച് അപകടം ഉണ്ടായതിനെ തുടർന്നാണ് പരസ്യതാക്കീത് പ്രത്യക്ഷപ്പെട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കവിയൂരില്‍നിന്ന് തിരുവല്ല നഗരത്തിലേക്ക് എത്തുന്ന വഴിയിലാണ് നാട്ടുകടവ് പാലം. കഴിഞ്ഞദിവസം നാല് യുവാക്കള്‍ ചേർന്ന് നടത്തിയ റീല്‍സ് ചിത്രീകരണത്തിനിടെയാണ് ബൈക്ക് ഓട്ടോറിക്ഷക്ക് പിന്നില്‍ ഇടിച്ചത്. കവിയൂർ ദിശയില്‍നിന്നും വന്ന ബൈക്ക് ഓടിക്കൊണ്ടിരുന്ന ഓട്ടോയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു.
ഓട്ടോറിക്ഷ പാലത്തിന്റെ ഇടതുഭാഗത്തേക്ക് മറിഞ്ഞു. ഡ്രൈവർ കിഴക്കൻമുത്തൂർ നാലുവേലില്‍ സണ്ണിക്ക് പരിക്കേറ്റു. വലതുഭാഗത്തേക്ക് തെറിച്ച ബൈക്ക് ഓടിച്ചിരുന്ന കൊട്ടാരക്കര പവിത്രേശ്വരം സ്വദേശി ജഗന്നാഥൻ നമ്ബൂതിരി(19) കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. ബൈക്ക് പലകഷണങ്ങളായി. ജഗന്നാഥനേയും സുഹൃത്തും ബൈക്ക് ഉടമയുമായ കല്ലൂപ്പാറ സ്വദേശി രാഹുല്‍(19)നെയും നാട്ടുകാർ തടഞ്ഞ് പോലീസില്‍ ഏല്പിച്ചു. ഇവർക്കൊപ്പം ഉണ്ടായിരുന്ന രണ്ടുപേർ മറ്റൊരുബൈക്കില്‍ രക്ഷപ്പെട്ടു. പരാതി ഇല്ലാത്തതിനാല്‍ പോലീസ് കേസ് രജിസ്റ്റർചെയ്തില്ല. യുവാക്കളെ താക്കീതുനല്‍കി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.