
സ്വന്തം ലേഖകൻ
ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ പാതി മത്സരങ്ങൾ പിന്നിടുമ്പോൾ ഇത്തവണത്തെ ടൂർണമെന്റിൽ പിറന്ന റെക്കോർഡുകൾ ഇവയൊക്കെ. ഏറ്റവും കൂടുതൽ 350ൽ അധികം ടീം ടോടലുകൾ പിറന്ന ലോകകപ്പ് ആണ് ഇത്തവണത്തേത്. എട്ട് തവണ. 2015ലെ ഏഴ് തവണ എന്ന റെക്കോർഡ് ആണ് ഇത്തവണ മറികടന്നത്.
ഒരു ലോകകപ്പിൽ പിറക്കുന്ന ഏറ്റവും ഉയർന്ന ടീം ടോട്ടലാണ് ഡൽഹിയിൽ ശ്രീലങ്കയ്ക്കെതിരെ ദക്ഷിണാഫ്രിക്ക നേടിയ 428 എന്ന സ്കോർ. 2015ൽ അഫ്ഗാനിസ്ഥാനെതിരെ ആസ്ത്രേലിയ നേടിയ 417 റൺസ് ആണ് തിരുത്തികുറിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശ്രീലങ്കക്കെതിരെ 345 റൺസ് ചേസ് ചെയ്ത പാകിസ്താന്റെ പേരിലാണ് ഏറ്റവും ഉയർന്ന ചേസിങ് എന്ന റെക്കോർഡ്. 2011ൽ ഇംഗ്ലണ്ടിനെതിരെ അയർലൻഡ് പിന്തുടർന്ന 328 റൺസ് എന്ന റെക്കോർഡ് ആണ് മറികടന്നത്. നെതർലൻഡ്സിന് എതിരായ മത്സരത്തിൽ ആസ്ത്രേലിയയുടെ ഗ്ലെൻ മാക്സവെൽ ഏകദിന ലോകകപ്പിലെ അതിവേഗ സെഞ്ച്വറി റെക്കോർഡ് മറികടന്നു. 40 പന്തുകളിൽ ആയിരുന്നു മാക്സവെലിന്റെ അതിവേഗ സെഞ്ച്വറി.
ഏകദിന ക്രിക്കറ്റിൽ 40ാം ഓവറിൽ ബാറ്റ് ചെയ്യാനെത്തി സെഞ്ച്വറി നേടുന്ന ആദ്യ താരമായി മാറി ഗ്ലെൻ മാക്സവെൽ. ഈ ഏകദിന ലോകകപ്പിൽ തന്നെ ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രം ഏറ്റവും വേഗതയേറിയ സെഞ്ച്വറിയാണ് താരം മറികടന്നത്. ശ്രീലങ്കയ്ക്കെതിരെയുള്ള മത്സരത്തിൽ 49 പന്തിലായിരുന്നു മർക്രമിന്റെ സെഞ്ച്വറി നേട്ടം. 2011ൽ അയർലൻഡ് താരം കെവിൻ ഓബ്രയൻ 50 പന്തിൽ നിന്ന് സെഞ്ച്വറി നേടിയിരുന്നു.
ഒരു ലോകകപ്പ് മത്സരത്തിൽ ടീമിലെ മൂന്ന് ബാറ്റർമാർ സെഞ്ച്വറി നേടുക എന്ന നേട്ടം ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ക്വിന്റൻ ഡീ കോക്ക്, റസി വാൻഡർ ദുസൻ, ഐഡൻ മാർക്രം എന്നിവരാണ് ദക്ഷിണാഫ്രിക്കക്കായി സെഞ്ച്വറി നേടിയത്.
ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ ക്വിന്റൻ ഡീ കോക്ക് നേടിയ 174 റൺസാണ് ലോകകപ്പിൽ ഒരു വിക്കറ്റ് കീപ്പർ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ. 2007ൽ ശ്രീലങ്കക്കെതിരെ ആസ്ത്രേലിയയുടെ ആദം ഗിൽക്രിസ്റ്റ് നേടിയ 149 റൺസ് ആണ് ഡീ കോക്ക് മറികടന്നത്.
ഏറ്റവും കൂടുതൽ സിക്സറുകൾ പിറന്ന ടൂർണമെൻറ്, ഏറ്റവും കൂടുതൽ സെഞ്ച്വറികൾ പിറന്ന ലോകകപ്പ് എന്നീ റെക്കോർഡുകളിൽ രണ്ടാം സ്ഥാനത്താണ് ഇത്തവണത്തെ ലോകകപ്പ്. വൈകാതെ ഈ റെക്കോർഡുകളും പഴങ്കഥയാകും.