ക്യാമറ, ബാറ്ററി, ഡിസ്‌പ്ലെ കിടിലം; റിയല്‍മി 15ടി സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ ലോഞ്ച് പ്രഖ്യാപിച്ചു

Spread the love

ദില്ലി: 7,000 എംഎഎച്ച് ബാറ്ററിയും 50 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും 60 വാട്‌സ് വയേര്‍ഡ് ചാര്‍ജിംഗും സഹിതമുള്ള പുത്തന്‍ സ്‌മാര്‍ട്ട്‌ഫോണ്‍ ചൈനീസ് ബ്രാന്‍ഡായ റിയല്‍മി സെപ്റ്റംബര്‍ 2ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. റിയല്‍മി 15ടി (Realme 15T) എന്നാണ് ഈ ഹാന്‍ഡ്‌സെറ്റിന്‍റെ പേര്. ലോഞ്ചിന് മുന്നോടിയായി ഫോണിന്‍റെ ഫീച്ചറുകള്‍ റിയല്‍മി പുറത്തുവിട്ടു.

മികച്ച സ്പെസിഫിക്കേഷനുകളോടെ റിയല്‍മിയുടെ പുത്തന്‍ സ്‌മാര്‍ട്ട്‌ഫോണ്‍ റിയല്‍മി 15ടി ഇന്ത്യയിലേക്ക് വരികയാണ്. സെപ്റ്റംബര്‍ 2ന് ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. ബാറ്ററി കപ്പാസിറ്റി, ചിപ്പ്, ക്യാമറ സ്പെസിഫിക്കേഷനുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ കമ്പനി പുറത്തുവിട്ടു. മീഡിയടെക് ഡൈമന്‍സിറ്റി 6400 മാക്‌സ് ചിപ്പിലാണ് റിയല്‍മി 15ടിയുടെ നിര്‍മ്മാണം. മൂന്ന് നിറങ്ങളില്‍ ഫോണ്‍ ഇന്ത്യയില്‍ ലഭ്യമാകും. നിലവിലുള്ള റിയല്‍മി 15 സീരീസ് (റിയല്‍മി 15, റിയല്‍മി 15 പ്രോ) എന്നീ ഫോണുകളുടെ നിരയിലേക്കാണ് റിയല്‍മി 15ടി എത്തുക. 4000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് ഉറപ്പുവരുത്തുന്ന 6.57 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെ, 7.79 എംഎം കട്ടി. 181 ഗ്രാം ഭാരം, മാറ്റ് 4ആര്‍ ഡിസൈന്‍, 50 എംപി പ്രധാന ക്യാമറ, മറ്റൊരു സെക്കന്‍ഡറി ക്യാമറ, 50 എംപി സെല്‍ഫി ക്യാമറ, എഐ എഡിറ്റ് ജെനീ, എഐ സ്‌നാപ് മോഡ്, എഐ ലാന്‍ഡ്‌സ്‌കേപ്, എഐ ബ്യൂട്ടിഫിക്കേഷന്‍, സ്‌മാര്‍ട്ട് ഇമേജ് മാറ്റിംഗ് തുടങ്ങിയ ഫീച്ചറുകള്‍ ഈ ക്യാമറയ്ക്ക് അനുബന്ധമായുണ്ടാകും.

7,000 എംഎഎച്ചിന്‍റെ കരുത്തുറ്റ ബാറ്ററി റിയല്‍മി 15ടിയ്ക്കുണ്ടാകും. 60 വാട്‌സ് വയേര്‍ഡ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന സ്‌മാര്‍ട്ട്ഫോണില്‍ 10 വാട്സ് റിവേഴ്‌സ് ചാര്‍ജിംഗ് സൗകര്യവുമുണ്ടാകും. 25.3 മണിക്കൂര്‍ വരെ യൂട്യൂബ് പ്ലേബാക്ക്, 128.4 മണിക്കൂര്‍ സ്‌പോട്ടിഫൈ സ്‌ട്രീമിംഗ്, 13 മണിക്കൂര്‍ വരെ ഗെയിമിംഗ് എന്നിവ റിയല്‍മി 15ടി വാഗ്‌ദാനം ചെയ്യുന്നു. 6050 എംഎം എയര്‍ഫ്ലോ വേപര്‍ ചേമ്പര്‍ കൂളിംഗ് സിസ്റ്റമാണ് മറ്റൊരു പ്രത്യേകത. വെള്ളത്തിലും പൊടിയിലും നിന്നുള്ള രക്ഷയ്ക്ക് ഐപി 68, ഐപി 69 റേറ്റിംഗ് റിയല്‍മി 15ടിയ്ക്ക് ലഭിച്ചിട്ടുണ്ട്. 12 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും നല്‍കുന്ന റിയല്‍മി 15ടി സെപ്റ്റംബര്‍ രണ്ടിന് ഇന്ത്യയില്‍ പുറത്തിറങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group