ആർഡിഒയും സബ്ബ് കളക്ടറുമായിരുന്ന പി വിഷ്ണുരാജിനെതിരെ 463 കോടതിയലക്ഷ്യക്കേസുകൾ; ഒടുവിൽ വിവരാവകാശ പ്രകാരമുള്ള ക്രമക്കേടിൽ താക്കീത്; ഉദ്യോഗസ്ഥരുടെ അഹങ്കാരം കാണണമെങ്കില്‍ ആർഡിഒ ഓഫീസില്‍ എത്തിയാമതിയെന്ന് പരാതിക്കാരൻ

Spread the love

കൊച്ചി: ഫോർട്ടുകൊച്ചി ആർഡിഒയും സബ്ബ് കളക്ടറുമായിരുന്ന പി വിഷ്ണുരാജിനെതിരായ ഹൈക്കോടതിയിലെ കോടതിയലക്ഷ്യക്കേസ് വിവരങ്ങള്‍ വിവരാവകാശ പ്രകാരം നല്‍കാൻ വീഴ്ച വരുത്തിയതിൽ മാപ്പപേക്ഷ നൽകി.
ഓഫീസ് സൂപ്രണ്ടും പൊതുവിവരാവകാശ ഓഫീസറും കൂടിയായ വി വി ജയേഷാണ് സംസ്ഥാന വിവരാവകാശ കമ്മിഷന് മാപ്പ് അപേക്ഷ നല്‍കിയത്.

കൃത്യമായ വിവരങ്ങള്‍ അനുവദിക്കാത്തതിനും അപേക്ഷകന്റെ അപ്പീലിന് താൻ തന്നെ മറുപടി നല്‍കിയതിനും ജയേഷ് മാപ്പു ചോദിച്ചു. അപ്പീലധികാരിയായ സബ്ബ് കളക്ടറാണ് മറുപടി നല്‍കേണ്ടിയിരുന്നത്. അന്ന് അപ്പീലധികാരിയും വിഷ്ണുരാജ് തന്നെയായിരുന്നു. തുടർന്ന് അപേക്ഷകനായ പള്ളുരുത്തി സ്വദേശി പി.എസ്. ബാബു സുരേഷാണ് വി.വി.ജയേഷിനും സബ്ബ് കളക്ടർക്കുമെതിരെ കമ്മിഷനെ സമീപിച്ചത്.

ഭൂമിയുടെ തരംമാറ്റ അപേക്ഷകളുടെ ആധിക്യം കാരണം ജോലിഭാരം കൂടിയെന്നും മതിയായ ജീവനക്കാർ ഓഫീസിലില്ലെന്നും ആവശ്യപ്പെട്ട വിവരങ്ങള്‍ ക്രോഡീകരിച്ചു വച്ചിട്ടില്ലെന്നും മറ്റുമാണ് ജയേഷ് വിവരാവകാശ കമ്മിഷൻ മുമ്പാകെ ബോധിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതൊന്നും അംഗീകരിക്കാതെ വിവരങ്ങള്‍ നല്‍കാൻ ഉത്തരവിടുകയായിരുന്നു. തുടർന്നുള്ള വിശദീകരണത്തിലാണ് മാപ്പപേക്ഷ. വി.വി.ജയേഷിന് താക്കീത് നല്‍കിയെന്നും അപേക്ഷകള്‍ക്ക് മറുപടി നല്‍കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും ഇപ്പോഴത്തെ അപ്പീല്‍ അധികാരി സബ് കളക്ടർ കെ മീര സംസ്ഥാന വിവരാവകാശ കമ്മിഷന് സമർപ്പിച്ച വിശദീകരണത്തില്‍ വ്യക്തമാക്കി.

2021 മുതല്‍ 2024 വരെ ഫോർട്ടുകൊച്ചി സബ്ബ് കളക്ടറായിരുന്ന പി വിഷ്ണുരാജിനെതിരെ 463 കോടതി അലക്ഷ്യക്കേസുകളാണ് ഹൈക്കോടതിയിലുണ്ടായിരുന്നത്. ഇതിലേറെയും ഭൂമി തരംമാറ്റക്കേസുകളാണ്. തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടും അവഗണിച്ചതിനെ തുടർന്നാണ് വിധി നടപ്പാക്കാൻ അപേക്ഷകർക്ക് കോടതി കയറേണ്ടി വന്നത്. തുടർന്ന് വിധി നടപ്പാക്കി മാപ്പപേക്ഷ നല്‍കിയാണ് സബ് കളക്ടർ നടപടികളില്‍ നിന്ന് ഒഴിവായത്.

കോടതിയലക്ഷ്യക്കേസുകള്‍:-

2021 : 29

2022 : 185

2023 : 249

ചോദിച്ച കൈക്കൂലി നല്‍കാത്തതിനാണ് അപേക്ഷകനെ ഉദ്യോഗസ്ഥർ കോടതി കയറ്റുന്നത്. അനുകൂല വിധിയുണ്ടായാലും രക്ഷയില്ല. വീണ്ടും കൈക്കൂലി നല്‍കുകയോ കോടതി അലക്ഷ്യഹർജി നല്‍കുകയോ വേണമെന്ന സ്ഥിതി നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കലാണ്.

ഉദ്യോഗസ്ഥരുടെ അഹങ്കാരം കാണണമെങ്കില്‍ ഫോർട്ടുകൊച്ചി ആർ.ഡി.ഒ. ഓഫീസില്‍ വന്നാല്‍ മതി. ഈ ഓഫീസിനുള്ള ഐ.എസ്.ഒ. അംഗീകാരമാണ് കോമഡിയെന്നും പരാതിക്കാരനായ പി.എസ്. ബാബു സുരേഷ് പറയുന്നു.