ആര്‍.ഡി.ഒ. കോടതിയില്‍ നടന്നത് വന്‍ സുരക്ഷാ വീഴ്ച ; കാണാതായത് ആത്മഹത്യകളിലും മരണകാരണം വ്യക്തമാകാത്ത സംഭവങ്ങളിലും ലഭിക്കുന്ന സ്വര്‍ണവും പണവും ; ആര്‍.ഡി.ഒ. കോടതിയില്‍ നടന്നത് സിനിമയെ വെല്ലുന്ന തിരക്കഥയോ?ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: തിരുവനന്തപുരം ആര്‍.ഡി.ഒ. കോടതിയില്‍ നടന്നത് വന്‍ സുരക്ഷാ വീഴ്ച. അസ്വാഭാവികമായി മരിച്ചവരുടെ വസ്തുവകകളാണ് തിരുവനന്തപുരം ആര്‍.ഡി.ഒ.കോടതിയില്‍നിന്നു നഷ്ടമായതെന്നു ആണിപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ആത്മഹത്യ ചെയ്യുന്നവരുടെയും മരണകാരണം വ്യക്തമാകാത്ത സംഭവങ്ങളിലും ലഭിക്കുന്ന സ്വര്‍ണവും പണവുമാണ് ഇന്‍ക്വസ്റ്റിനു ശേഷം ആര്‍.ഡി.ഒ. കോടതികളില്‍ സൂക്ഷിക്കുന്നത്. തര്‍ക്കങ്ങളുള്ളപ്പോഴും അവകാശികളില്ലാത്തപ്പോഴുമാണ് ലോക്കറിലേക്കു മാറ്റുന്നത്.

ഇത്തരത്തില്‍ 2010 മുതല്‍ 2019 വരെ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് നഷ്ടമായത്. ലോക്കറുകള്‍ക്ക് കേടുപാടൊന്നുമില്ലാത്തതിനാല്‍ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍തന്നെയാണ് മോഷണത്തിനു പിന്നിലെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്കറിലുണ്ടായിരുന്ന 72 പവന്‍ സ്വര്‍ണവും 146 ഗ്രാം വെള്ളിയും 48500 രൂപയും നഷ്ടമായതായാണ് പേരൂര്‍ക്കട പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുള്ളത്. കോടതി കേസുകള്‍ അവസാനിച്ച്‌ ആര്‍.ഡി.ഒ.യ്ക്ക് അപേക്ഷ നല്‍കുമ്ബോഴാണ് തൊണ്ടിമുതലുകള്‍ അവകാശികള്‍ക്ക് തിരികെ നല്‍കുന്നത്. എന്നാല്‍, പലപ്പോഴും ലക്ഷങ്ങള്‍ വിലമതിക്കുന്ന തൊണ്ടിമുതലുകള്‍പോലും അവകാശികള്‍ തിരികെ വാങ്ങാറില്ല.

2010-ലെ ഒരു കേസിലെ തൊണ്ടിമുതല്‍ തിരികെ നല്‍കാന്‍ ലഭിച്ച അപേക്ഷയാണ് തട്ടിപ്പു കണ്ടെത്താന്‍ കാരണമായത്. ഈ അപേക്ഷപ്രകാരം ലോക്കറിന്റെ ചുമതലയുള്ള സീനിയര്‍ സൂപ്രണ്ട് ലോക്കര്‍ തുറന്ന് പരിശോധിച്ചിട്ടും സ്വര്‍ണം കണ്ടെത്താനായില്ല. തുടര്‍ന്നാണ് സബ്കളക്ടര്‍ മാധവിക്കുട്ടി ലോക്കറുകളിലെ തൊണ്ടിമുതലുകള്‍ പരിശോധിക്കാന്‍ ഉത്തരവിട്ടത്.

1982 മുതല്‍ 2022 വരെയുള്ള 40 വര്‍ഷത്തെ തൊണ്ടിമുതലുകള്‍ സൂക്ഷിച്ചിരുന്ന ചെസ്റ്റുകളാണ് (പണവും സ്വര്‍ണവും സൂക്ഷിക്കുന്ന ലോക്കറുകള്‍) തുറന്ന് പരിശോധിച്ചത്. അപ്പോഴാണ് 2010 മുതല്‍ 2019 വരെയുള്ള ഒമ്ബതുവര്‍ഷത്തെ തൊണ്ടിമുതലുകള്‍ നഷ്ടമായത് കണ്ടെത്തിയത്.

രണ്ടുവര്‍ഷത്തെ ചുമതലക്കാരെ ചോദ്യം ചെയ്യും

2019 മുതല്‍ ലോക്കറുകളുടെ ചുമതലയുണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാനാണ് പ്രാഥമിക തീരുമാനം. ലോക്കറുകളുടെ ചുമതലയുണ്ടായിരുന്ന അഞ്ച് സീനിയര്‍ സൂപ്രണ്ടുമാരെയാണ് ചോദ്യംചെയ്യുക. 2019-ന് ശേഷമാകാം സ്വര്‍ണം നഷ്ടപ്പെട്ടതെന്നാണ് വകുപ്പുതല അന്വേഷണസംഘത്തിന്റെയും പോലീസിന്റെയും നിഗമനം.

വര്‍ഷങ്ങളായി നടന്ന തട്ടിപ്പല്ലെന്നാണ് പ്രാഥമിക അന്വേഷണസംഘങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ചുരുങ്ങിയകാലം കൊണ്ട് തവണയായി സ്വര്‍ണം മുഴുവന്‍ കടത്തിയിരിക്കാമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

സബ്കളക്ടറും എ.ഡി.എമ്മും അടങ്ങുന്ന സംഘമാണ് വകുപ്പുതല അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ അറിയിച്ചു.പേരൂര്‍ക്കട പോലീസും ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചു.

ലോക്കറിന്റെ ചുമതലയിലുള്ള ഉദ്യോഗസ്ഥരുടെയും ഈ വിഭാഗത്തിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. മോഷണംപോയ വസ്തുവകകള്‍ സൂക്ഷിച്ച കാലഘട്ടത്തില്‍ ലോക്കറിന്റെ ചുമതല വഹിച്ചത് 26 സീനിയര്‍ സൂപ്രണ്ടുമാരാണ്. ആദ്യഘട്ട ചോദ്യംചെയ്യലിനു ശേഷം ആവശ്യമെങ്കില്‍ എല്ലാവരെയും ചോദ്യംചെയ്യും.

വിജിലന്‍സ് അന്വേഷിക്കും

ആര്‍.ഡി.ഒ. കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് റവന്യൂ മന്ത്രി കെ.രാജന്‍ ശുപാര്‍ശ ചെയ്തു.

ലോക്കറില്‍ സീല്‍ ചെയ്ത് സൂക്ഷിച്ച സ്വര്‍ണവും പണവും നഷ്ടപ്പെട്ടെന്ന ആരോപണം അന്വേഷിക്കുന്നതിനാണ് വിജിലന്‍സിനു ശുപാര്‍ശ നല്‍കിയത്. പോലീസ് അന്വേഷണവും വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്