ന്യായവിലയുടെ പകുതി നൽകിയാൽ നിലം നികത്താൻ അനുമതി നൽകും; റവന്യൂവകുപ്പ്

ന്യായവിലയുടെ പകുതി നൽകിയാൽ നിലം നികത്താൻ അനുമതി നൽകും; റവന്യൂവകുപ്പ്


സ്വന്തം ലേഖകൻ

തിരുവനന്തപുരം: ന്യായവിലയുടെ പകുതി നൽകിയാൽ നിലം നികത്താൻ അനുമതി നൽകുന്ന നിയമചട്ടം റവന്യൂവകുപ്പ് പുറത്തിറക്കി. കഴിഞ്ഞ ജൂണിൽ നിയമസഭ അംഗീകരിച്ച നെൽവയൽ തണ്ണീർത്തടം നിലം നികത്തൽ നിയമഭേദഗതിയുടെ ചുവടുപിടിച്ചാണ് ചട്ടം തയാറാക്കിയത്. ഇതനുസരിച്ച്, 2008ലെ നിലംനികത്തൽ നിയമത്തിലെ വ്യവസ്ഥക്കനുസരിച്ച് വില്ലേജുകൾ തയാറാക്കിയ നെൽവയൽ തണ്ണീർത്തടങ്ങളുടെ ഡാറ്റ ബാങ്കിൽ ഉൾപ്പെടുത്താത്ത നിലം നികത്താൻ ആർ.ഡി.ഒക്ക് അനുമതി നൽകാം. 1967 ജൂലൈ നാലിന് മുമ്പ് നികത്തിയതാണെന്ന തെളിവുണ്ടെങ്കിൽ ഫീസ് അടക്കേണ്ടതില്ല. വില്ലേജ് ഓഫിസർ, പ്രാദേശികനിരീക്ഷണ സമിതി എന്നിവയുടെ റിപ്പോർട്ട് അനുസരിച്ചും സ്ഥലപരിശോധന നടത്തിയുമാണ് ആർ.ഡി.ഒ. നിലംനികത്താൻ അനുമതി നൽകേണ്ടത്. നികത്തുന്ന നിലത്തിന്റെ സമീപം അവശേഷിക്കുന്ന നെൽവയലുകൾക്ക് നീരൊഴുക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. നികത്തുന്ന നിലത്ത് 3000 ച. അടിയിലേറെ വിസ്തീർണ്ണമുള്ള കെട്ടിടമാണ് നിർമിക്കുന്നതെങ്കിൽ അധികമുള്ള ഓരോ ചതുരശ്ര അടിക്കും 100 രൂപ നിരക്കിൽ അധിക ഫീസ് നൽകണം.

വിസ്തീർണം 50 സന്റെിൽ കൂടുതലാണെങ്കിൽ 10 ശതമാനം ഭൂമി ജലസംരക്ഷണ നടപടി നടപ്പാക്കേണ്ട തണ്ണീർത്തടമായി രേഖപ്പെടുത്തണം. ഇതിൽ നിർമാണം പാടില്ല. ആർ.ഡി.ഒക്ക് ലഭിക്കുന്ന അപേക്ഷകളിൽ വില്ലേജ് ഓഫിസർ 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം. 50 സെന്റിൽ കൂടുതലാണെങ്കിൽ കൃഷി ഓഫിസറുടെ അഭിപ്രായം തേടണം. രണ്ടര ഏക്കറിൽ അധികമാണെങ്കിൽ കൃഷി, വില്ലേജ് ഓഫിസർമാരുടെ സാന്നിധ്യത്തിൽ ആർ.ഡി.ഒ നേരിട്ട് പരിശോധിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group