video
play-sharp-fill

Thursday, October 9, 2025

‘എല്ലാവരും കാണണേ..സവാരി ഗിരി ഗിരി’; രാവണപ്രഭു റീ റിലീസിൽ കാർത്തികേയന്റെ സ്വന്തം ജാനകി; ചിത്രം ഒക്ടോബർ 10 ന് തിയറ്ററുകളിൽ എത്തും

Spread the love

കോട്ടയം: കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി സിനിമാ മേഖലയിൽ പ്രത്യക്ഷപ്പെട്ടൊരു ട്രെന്റ് ആണ് റീ റിലീസുകൾ. വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത് ഹിറ്റായതും അല്ലാത്തതും പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയതുമായ സിനിമകൾ ആയിരിക്കും ഇത്തരത്തിൽ തിയറ്ററുകളിലേക്ക് എത്തുക. മലയാളത്തിൽ ഈ ട്രെന്റിന് തുടക്കമിട്ടത് മോഹൻലാൽ ചിത്രം സ്ഫടികമാണ്. പിന്നാലെ മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും സിനിമകൾ മാറി മാറി തിയറ്ററുകളിൽ എത്തി. അക്കൂട്ടത്തിലെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് രാവണപ്രഭു. ചിത്രം ഒക്ടോബർ 10ന് തിയറ്ററുകളിൽ എത്തും.

മോഹൻലാൽ ഡബിൾ റോളിൽ എത്തിയ ചിത്രമാണ് രാവണപ്രഭു. മം​ഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും. ദേവാസുരത്തിന്റെ രണ്ടാം ഭാ​ഗമായ ചിത്രത്തിൽ മം​ഗലശ്ശേരി കാർത്തികേയന്റെ കഥയാണ് പറയുന്നത്. ചിത്രത്തിൽ ജാനകി എന്ന നായക കഥാപാത്രമായി എത്തിയത് നടിയും ​ഗായികയുമായ വസുന്ധര ദാസ് ആണ്. ഇപ്പോഴിതാ രാവണപ്രഭു വീണ്ടും തിയറ്ററിൽ എത്തുന്നതിന്റെ ആവേശത്തിലാണ് വസുന്ധരയും. സിനിമ കാണണമെന്നും അവർ പ്രേക്ഷകരോടായി ആവശ്യപ്പെടുന്നുണ്ട്.

“എല്ലാവരും രാവണപ്രഭു വീണ്ടും തിയേറ്ററിൽ വന്നു കാണണം. സവാരി ഗിരി ഗിരി”, എന്നാണ് വസുന്ധര ദാസ് വീഡിയോയിൽ പറയുന്നത്. ഏറെ നാളുകൾക്ക് ശേഷം തങ്ങളുടെ ജാനകിയെ കണ്ട സന്തോഷത്തിലാണ് മലയാളികൾ. കാർത്തികേയന്റെ സ്വന്തം ജാനകി എന്നാണ് ഇവർ കമന്റുകളായി രേഖപ്പെടുത്തുന്നത്. ഒപ്പം മോഹൻലാലും വസുന്ധരയും തമ്മിലുള്ള ചിത്രത്തിലെ ഡയലോ​ഗുകളും കമന്റുകളായി വരുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രഞ്ജിത്തിന്റെ സംവിധാനത്തിൽ 2001ൽ റിലീസ് ചെയ്ത ചിത്രമാണ് രാവണപ്രഭു. മോഹൻലാലിനൊപ്പം സിദ്ദിഖ്, ഇന്നസെന്റ്, നെപ്പോളിയൻ, വസുന്ധര ദാസ് തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആയിരുന്നു സംവിധാനം. അതേസമയം, മോഹൻലാലിന്റെ തന്നെ ഛോട്ടാ മുംബൈയ്ക്ക് ശേഷം തിയറ്ററുകളിൽ എത്തുന്ന റീ റിലീസ് ചിത്രം കൂടിയാണ് രാവണപ്രഭു. 24 വർഷങ്ങൾക്ക് ശേഷമാണ് റി റിലീസ്.