മുതിര്‍ന്ന ഐപിഎസുകാരനായ രവഡാ ചന്ദ്രശേഖർ കേരളാ കേഡറിലേക്ക് മടങ്ങിയെത്തുന്നു ; സീനിയോറിട്ടി പട്ടികയില്‍ സുരേഷ് രാജ് പുരോഹിതും ; എഡിജിപി എംആര്‍ അജിത് കുമാറിന് ഡിജിപി പദവിലഭിക്കാൻ കാലതാമസമെടുക്കാൻ സാധ്യത ; കേന്ദ്രത്തിലുള്ളവര്‍ മടങ്ങിയെത്തുമ്പോൾ ഡിജിപി പദവികൾ മാറിമറിയാൻ സാധ്യത
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അടുത്ത കാലത്തൊന്നും എഡിജിപി എംആര്‍ അജിത് കുമാറിന് ഡിജിപി പദവി കിട്ടില്ല. മുതിര്‍ന്ന ഐപിഎസുകാരനായ രവഡാ ചന്ദ്രശേഖറും കേരളാ കേഡറിലേക്ക് മടങ്ങിയെത്തുമെന്ന റിപ്പോര്‍ട്ടാണ് ഇതിന് കാരണം. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഐബിയിലുളള രവഡാ മടങ്ങിയെത്തുമ്പോള്‍ പോലീസ് മേധാവിയാകാനുള്ള മുതിര്‍ന്ന ഐപിഎസുകാര്‍ക്കിടയിലെ മത്സരവും കടുക്കും.
പോലീസ് മേധാവിയാകാന്‍ നിഥിന്‍ അഗര്‍വാള്‍ കഴിഞ്ഞാല്‍ സീനിയോറിട്ടിയില്‍ ഇതോടെ രവഡാ ചന്ദ്രശേഖര്‍ മുന്നിലെത്തും എത്തും. അതു കഴിഞ്ഞ് യോഗേഷ് ഗുപ്തയും. സിനീയോറിട്ടി മാനദണ്ഡം പാലിക്കപ്പെട്ട് മൂന്നംഗ ചുരുക്കപ്പട്ടിക തയ്യറാക്കിയാല്‍ ഈ മുന്ന് പേരുമാകും വരിക. അങ്ങനെ വന്നാല്‍ ഇതില്‍ നിന്നൊരാളെ സംസ്ഥാന സര്‍ക്കാരിന് പോലീസ് മേധാവിയാക്കേണ്ടി വരും. ഇതിനൊപ്പമാണ് ഡിജിപി പദവിയില്‍ എത്താനുള്ള മറ്റ് ചില ഐപിഎസുകാരുടെ മോഹം നീളുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ്.പി.ജി. ഐ.ജി.യായി കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള എ.ഡി.ജി.പി. സുരേഷ് രാജ് പുരോഹിത് സംസ്ഥാനത്തേക്കു മടങ്ങിയേക്കും എന്ന് ഏതാണ്ട് ഉറപ്പാണ്. ഇതിനൊപ്പം രവഡാ ചന്ദ്രശേഖര്‍ കൂടി എത്തുമ്പോള്‍ പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹേബ് വിരമിക്കുന്നതോടെ സുരേഷ് രാജ് പുരോഹതിന് പോലും കിട്ടാത്ത അവസ്ഥ വരും. അതായത് സുരേഷ് രാജ് പുരോഹിതിനും എം ആര്‍ അജിത് കുമാറിനും ഡി.ജി.പി. തസ്തിക കിട്ടുന്നതും വൈകും.
ഈ മാസം അവസാനത്തോടെ ഡി.ജി.പി. സഞ്ജീബ്കുമാര്‍ പട്‌ജോഷി വിരമിക്കുന്നുണ്ട്. എന്നാല്‍, പ്രത്യേക അനുമതിയോടെ നിഥിന്‍ അഗര്‍വാളിന് ഡി.ജി.പി. തസ്തിക നല്‍കിയിട്ടുള്ളതിനാല്‍ ഡി.ജി.പി. സ്ഥാനക്കയറ്റവും ഉണ്ടാകില്ല. വിജിലന്‍സ് ഡയറക്ടറായിരുന്ന ടി.കെ. വിനോദ് കുമാര്‍ വിരമിച്ച ഒഴിവില്‍ യോഗേഷ് ഗുപ്തയ്ക്ക് ഡി.ജി.പി.യായി സ്ഥാനക്കയറ്റം നല്‍കിയിരുന്നു. അടുത്ത ഏപ്രില്‍ മൂന്നിന് ഡി.ജി.പി. കെ. പത്മകുമാര്‍ വിരമിക്കുന്നതോടെ ക്രമസമാധാന വിഭാഗം എ.ഡി.ജി.പി. മനോജ് എബ്രഹാം ഡി.ജി.പി.യാകാനാണ് സാധ്യത.
അതിന് മുമ്പ് രവഡാ ചന്ദ്രശേഖര്‍ എത്തിയാല്‍ എല്ലാം മാറി മറിയും. പത്മകുമാര്‍ മാറുമ്പോള്‍ രവാഡയ്ക്ക് പദവി കിട്ടും. അങ്ങനെ വന്നാല്‍ ഷെയ്ഖ് ദര്‍വേശ് സാഹിബ് വിരമിക്കുമ്പോള്‍ മനോജ് എബ്രഹാം ഡിജിപി റാങ്കിലെത്തും. അപ്പോള്‍ നിഥിന്‍ അഗര്‍വാളും രവഡാ ചന്ദ്രശേഖറും യോഗേഷ് ഗുപ്തയും മനോജ് എബ്രഹാമുമാകും ഡിജിപി റാങ്കിലുള്ള നാലു പേര്‍.
അതു കഴിഞ്ഞ് സീനിയോറിട്ടി പട്ടികയില്‍ സുരേഷ് രാജ് പുരോഹിത് വരും. നിഥിന്‍ അഗര്‍വാളോ രവാഡാ ചന്ദ്രശേഖറോ വിരമിക്കുമ്പോള്‍ മാത്രമേ സുരേഷ് രാജ് പുരോഹതിന് ഡിജിപിയാകാന്‍ പറ്റൂ. അത് 2026ല്‍ മാത്രമേ നടക്കൂ. ഇതും കഴിഞ്ഞു മാത്രമേ അജിത് കുമാറിന് എഡിജിപി പദം കിട്ടൂ. ഇതിനൊപ്പം ഷേയ്ക്ക് ദര്‍വേഷ് സാഹേബ് ജൂണില്‍ വിരമിക്കുമ്പോള്‍ പകരംവരേണ്ട ആളെ കണ്ടെത്താന്‍ സംസ്ഥാനം നല്‍കുന്ന പട്ടിക ഇക്കുറി നീണ്ടതാകുമെന്നും സൂചനയുണ്ട്.
കുറഞ്ഞത് 30 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയിരിക്കണമെന്ന വ്യവസ്ഥ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ 25 വര്‍ഷമാക്കി ഭേദഗതിചെയ്തിരുന്നു. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ളവര്‍ ഉള്‍പ്പെടെ 16 ഉദ്യോഗസ്ഥരാണ് പോലീസില്‍ 25 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്നവരുള്ളത്. ഡി.ജി.പി., എ.ഡി.ജി.പി. തസ്തികയിലുള്ള ഒന്‍പത് ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തുണ്ട്.
കഴിഞ്ഞ തവണ അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഡി.ജി.പി. യോഗേഷ് ഗുപ്തയും കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്നതിനാല്‍ ഉള്‍പ്പെടാതിരുന്ന ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായ നിഥിന്‍ അഗര്‍വാളും ഇത്തവണ പട്ടികയില്‍ ഉണ്ടാകും. ഇതിനൊപ്പം രവഡാ ചന്ദ്രശേഖറും എത്തുമ്പോള്‍ ഇവര്‍ക്കാകും സീനിയോറിട്ടിയിലെ മുന്‍ഗണന. സംസ്ഥാനം നല്‍കുന്ന പട്ടികയില്‍ മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത് എം.ആര്‍. അജിത്കുമാര്‍, എസ്. ശ്രീജിത്ത്, ബല്‍റാംകുമാര്‍ ഉപാധ്യായ, മഹിപാല്‍ യാദവ്, എച്ച്. വെങ്കിടേഷ്, പി. വിജയന്‍ എന്നിവരും ഉള്‍പ്പെട്ടേക്കും. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള വിജയ് സാഖറെ, അശോക് യാദവ്, ദിനേന്ദ്ര കാശ്യപ്, ടി. വിക്രം, ഗോപേഷ് അഗര്‍വാള്‍ എന്നിവരില്‍ ആരെങ്കിലും സംസ്ഥാനത്തേക്ക് മടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചാല്‍ പട്ടികയില്‍ പിന്നേയും മാറ്റങ്ങളുണ്ടാകും.
ആഭ്യന്തരവകുപ്പ് കണ്ടെത്തുന്ന പേരുകള്‍ പൊതുഭരണ വകുപ്പാണ് ആവശ്യമായ രേഖകള്‍ സഹിതം യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന് കൈമാറുന്നത്. യു.പി.എസ്.സി. ചെയര്‍മാന്‍, ആഭ്യന്തര സെക്രട്ടറി, കേന്ദ്രസേനകളില്‍ ഒന്നിന്റെ മേധാവി, സംസ്ഥാന ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവരടങ്ങിയ സമിതിയാണ് അന്തിമപാനല്‍ തയ്യാറാക്കി സംസ്ഥാനത്തിന് കൈമാറുക. മൂന്നുപേരുടെ പാനലില്‍നിന്ന് സംസ്ഥാനസര്‍ക്കാരിന് ഒരാളെ പോലീസ് മേധാവിയായി നിയമിക്കാനാകും. മാര്‍ച്ചോടെ സംസ്ഥാനം കേന്ദ്രത്തിന് പട്ടികനല്‍കിയേക്കുമെന്നാണ് കരുതുന്നത്.