
മന്ത്രി ജി.ആര്‍ അനിലുമായി റേഷന്‍ ഡീലര്‍മാരുടെ സംഘടനാ നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയം; രാപ്പകൽ സമരത്തിനൊരുങ്ങി തൊഴിലാളികൾ ; നാളെയും മറ്റെന്നാളും റേഷൻ കടകൾ തുറക്കില്ല
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ റേഷന്‍ കടകള്‍ അടിച്ചിട്ട് വ്യാപാരികൾ സമരം ചെയ്യും. ഭരണ – പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതി പ്രഖ്യാപിച്ച സമരത്തില്‍ സംസ്ഥാനത്തെ റേഷന്‍ വിതരണം രണ്ടു ദിവസം പൂര്‍ണമായും മുടങ്ങാനാണ് സാധ്യത.
സമരത്തിന്‍റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ റേഷന്‍ വ്യാപാരികള്‍ രാപ്പകല്‍ പ്രതിഷേധം സംഘടിപ്പിക്കും. നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണു തങ്ങളെന്നും, രണ്ട് ദിവസത്തെ രാപകല്‍ സമരം സൂചന മാത്രമാണെന്നും റേഷന്‍ വ്യാപാരി സംയുക്ത സമരസമിതി അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനിലുമായി റേഷന്‍ ഡീലര്‍മാരുടെ സംഘടനാ നേതാക്കള്‍ നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞതോടെയാണ് തൊഴിലാളികള്‍ സമരത്തിലേക്ക് നീങ്ങിയത്. സംഘടനകള്‍ മുന്നോട്ടു വച്ച ആവശ്യങ്ങള്‍ പെട്ടെന്ന് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി അറിയിക്കുകയായിരുന്നു.
റേഷന്‍ കടകള്‍ നടത്തുന്നവര്‍ക്ക് പ്രതിഫലം നല്‍കുന്നതിന് നിലവിലുള്ള നിബന്ധനകളില്‍ മാറ്റം വരുത്തുക, റേഷന്‍ കടകളിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുക, ക്ഷേമനിധി ബോര്‍ഡ് പുനഃസംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് റേഷന്‍ വ്യാപാരികള്‍ സമരം നടത്തുന്നത്.