play-sharp-fill
കേന്ദ്രസർക്കാർ കനിഞ്ഞില്ലെങ്കിലും ഓണക്കാലത്ത് റേഷൻകടകള്‍വഴി കൂടുതൽ ഭക്ഷ്യധാന്യം ;  തീരുമാനങ്ങൾക്കായി സെക്രട്ടേറിയേറ്റിൽ ഇന്ന് യോഗം

കേന്ദ്രസർക്കാർ കനിഞ്ഞില്ലെങ്കിലും ഓണക്കാലത്ത് റേഷൻകടകള്‍വഴി കൂടുതൽ ഭക്ഷ്യധാന്യം ; തീരുമാനങ്ങൾക്കായി സെക്രട്ടേറിയേറ്റിൽ ഇന്ന് യോഗം

ആലപ്പുഴ : കേന്ദ്രസർക്കാർ കനിഞ്ഞില്ലെങ്കിലും ഓണക്കാലത്ത് റേഷൻകടകള്‍വഴി നീല, വെള്ള കാർഡുടമകള്‍ക്ക് സംസ്ഥാനം പ്രത്യേക ഭക്ഷ്യധാന്യവിഹിതം അനുവദിക്കും.

നിലവിലെ നീക്കിയിരിപ്പു കണക്കാക്കിയായിരിക്കും വിഹിതം നിശ്ചയിക്കുക. ഇതിനായി തിങ്കളാഴ്ച സെക്രട്ടേറിയറ്റില്‍ ഭക്ഷ്യവകുപ്പ് യോഗംചേരും

റേഷൻവിഹിതം ഏറ്റവും കുറവുള്ള നീല, വെള്ള കാർഡുടമകള്‍ക്ക് ഓണക്കാലത്തേക്കു മാത്രമായി പ്രത്യേക റേഷൻ ഭക്ഷ്യധാന്യം അനുവദിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോടാവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതുവരെ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞവർഷം അഞ്ചുകിലോ അരി വീതമാണ് നീല, വെള്ള കാർഡുകാർക്ക് പ്രത്യേകം അനുവദിച്ചിരുന്നത്. ഇക്കുറി അത്രയും നല്‍കാനുള്ള ഭക്ഷ്യധാന്യമുണ്ടാകുമോയെന്നതില്‍ ആശങ്കയുണ്ട്.

കഴിഞ്ഞവർഷം മാസംതോറും 10 കിലോവരെ അരിയാണ് വെള്ളക്കാർഡുകാർക്ക് സാധാരണ റേഷൻവിഹിതമായി നല്‍കിയിരുന്നത്. എന്നാല്‍, ആവശ്യത്തിന് അരിയില്ലാത്തതിനാല്‍ ഏതാനും മാസമായി അഞ്ചുകിലോ അരി നല്‍കാനേ കഴിയുന്നുള്ളൂ. 52 ലക്ഷത്തോളം കാർഡുടമകള്‍ വെള്ള, നീല വിഭാഗങ്ങളിലായുണ്ട്.

സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുമാസമായി റേഷൻ വാങ്ങുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. മേയില്‍ 77.04 ലക്ഷം പേരാണ് റേഷൻ വാങ്ങിയത്. ജൂണില്‍ 79.06 ലക്ഷംപേരും ജൂലായില്‍ 78.21 ലക്ഷംപേരും വാങ്ങി. അതിനാല്‍ നീക്കിയിരിപ്പു കുറവായിരിക്കും.

ആകെയുള്ളത് 100 കോടി; ഓണം ഫെയറില്‍ ആശങ്ക

ഓണക്കാലത്തേക്ക് സപ്ലൈകോയ്ക്ക് 100 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിട്ടുള്ളത്. 13 ഇനം സബ്സിഡി സാധനങ്ങളും ലഭ്യമാക്കണമെങ്കില്‍ കരാറുകാരുടെ കുടിശ്ശികയില്‍ പകുതിയെങ്കിലും നല്‍കാൻ കഴിയണം. നിലവില്‍ 600 കോടിയോളമാണ് കുടിശ്ശിക. അതിനാല്‍ ഏതൊക്കെ സബ്സിഡി സാധനങ്ങള്‍ ഓണം ഫെയറില്‍ ലഭ്യമാക്കാമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ഓണക്കാലത്ത് സഹകരിക്കണമെന്ന ആവശ്യവുമായി തിങ്കളാഴ്ച വിതരണക്കാരുമായി ചർച്ചനടത്താനാണു ഭക്ഷ്യവകുപ്പിന്റെ നീക്കം.

ഓണക്കിറ്റ് ഇത്തവണയും എല്ലാവർക്കുമില്ല

കഴിഞ്ഞവർഷത്തെപ്പോലെ ഇക്കുറിയും ഓണക്കിറ്റ് മഞ്ഞക്കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും മാത്രമായി പരിമിതപ്പെടുത്താനാണു സർക്കാർ തീരുമാനം. എന്നാല്‍, കിറ്റില്‍ എത്രയിനം സാധനങ്ങള്‍ ഏതളവില്‍ ഉള്‍പ്പെടുത്തണമെന്നതു സംബന്ധിച്ച്‌ തീരുമാനമായിട്ടില്ല. സപ്ലൈകോയിലെ വിതരണക്കാരുമായി നടത്തുന്ന ചർച്ചയ്ക്കുശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണു വിവരം.