video
play-sharp-fill

സംസ്ഥാനത്ത് 4100 റേഷൻ കടകൾ പൂട്ടാൻ ശുപാർശ: കോട്ടയത്ത് പൂട്ടാൻ നീക്കുള്ളത് 6 കടകൾ: റേഷനരിക്ക് വില കൂട്ടാനും ആലോചന

സംസ്ഥാനത്ത് 4100 റേഷൻ കടകൾ പൂട്ടാൻ ശുപാർശ: കോട്ടയത്ത് പൂട്ടാൻ നീക്കുള്ളത് 6 കടകൾ: റേഷനരിക്ക് വില കൂട്ടാനും ആലോചന

Spread the love

തിരുവനന്തപുരം:ആറു പതിറ്റാണ്ട്‌ സംസ്‌ഥാനത്ത്‌ സുഗമമായി നടന്നുവന്നിരുന്ന റേഷന്‍ വിതരണ സബ്രദായം കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ പശ്‌ചാത്തലത്തില്‍ താറുമാറായികൊണ്ടിരിക്കുകയാണ്‌.
റേഷന്‍ വ്യാപാരികളുടെ വേതന പരിഷ്‌കരണം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച വകുപ്പുതല സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളാണ്‌ റേഷനിങ്ങിന്റെ കടയ്‌ക്ക് കത്തി വച്ചിരിക്കുന്നത്‌. സംസ്‌ഥാനത്തെ 4100-ലധികം റേഷന്‍ കടകള്‍ പൂട്ടാനുള്ള നിര്‍ദേശമടക്കം 26 പ്രധാന ശിപാര്‍ശകളാണ്‌ കണ്‍ട്രോളര്‍ ഓഫ്‌ റേഷനിങ്‌ കെ. മനോജ്‌കുമാര്‍, പൊതുവിതരണ വകുപ്പ്‌ വിജിലന്‍സ്‌ ഓഫീസര്‍ എസ്‌.എസ്‌. അനിദത്ത്‌, ലോ ഓഫീസര്‍ കെ. ഉഷ എന്നിവരടങ്ങുന്ന സമിതി സര്‍ക്കാരിനു നല്‍കിയിരിക്കുന്നത്‌.’

ഒരു കടയില്‍ പരമാവധി 800 കാര്‍ഡ്‌ വരത്തക്കരീതിയില്‍ നിലവിലെ കടകളെ ക്രമീകരിക്കണം. ഇതിലൂടെ സംസ്‌ഥാനത്തെ റേഷന്‍ കടകളുടെ എണ്ണം ഏകദേശം 10,000 ആക്കാന്‍ കഴിയും’ എന്നാണ്‌ പ്രധാന ശിപാര്‍ശകളില്‍ ആറാമതായി ചേര്‍ത്തിരിക്കുന്നത്‌. ‘നിലവില്‍ 15 ക്വിന്റലിനു താഴെ വിതരണം നടത്തുന്ന 85 കടകള്‍ സംസ്‌ഥാനത്തുണ്ട്‌. ഇത്‌ കൂടുതലും തെക്കന്‍ ജില്ലകളിലാണ്‌. ഇത്തരം കടകള്‍ തുടരേണ്ടതുണ്ടോ എന്ന്‌ പരിശോധിക്കേണ്ടതാണ്‌.’ എന്നും ശിപാര്‍ശയുണ്ട്‌. 85 കടകളുടെ ജില്ല തിരിച്ചുള്ള കണക്ക്‌ ഇപ്രകാരമാണ്‌: തിരുവനന്തപുരം- 11, കൊല്ലം- 11, പത്തനംതിട്ട- 19, കോട്ടയം- ആറ്‌, ഇടുക്കി- 22, ആലപ്പുഴ- എട്ട്‌, എറണാകുളം- ഏഴ്‌, തൃശൂര്‍- ഒന്ന്‌. പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌ എന്നീ ജില്ലകളില്‍ 15 ക്വിന്റലിനു താഴെ കച്ചവടമുള്ള ഒരു കട പോലുമില്ല.

കേരളത്തിലെ തെക്കന്‍ ജില്ലകളിലെ റേഷന്‍ കടകളുടെ എണ്ണം വടക്കന്‍ ജില്ലകളിലേതിനെക്കാള്‍ വളരെ കൂടുതലാണ്‌. ഒരു കടയില്‍ പരമാവധി 800 റേഷന്‍ കാര്‍ഡുടമകള്‍ക്ക്‌ എങ്കിലും വിതരണം നടക്കത്തക്ക രീതിയില്‍ കടകളുടെ എണ്ണം ക്രമീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നത്‌ ഉചിതമായിരിക്കുമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്‌.1991 മുതല്‍ 1995 വരെ സംസ്‌ഥാന ഭക്ഷ്യമന്ത്രിയായിരുന്ന സി.എച്ച്‌. മുസ്‌തഫയുടെ ഭരണകാലത്താണ്‌ റേഷന്‍ കടകളുടെ എണ്ണം വര്‍ധിച്ചത്‌. നിലവിലുള്ള റേഷന്‍ കടകളില്‍ 250 കാര്‍ഡുകള്‍ നിലനിര്‍ത്തിക്കൊണ്ട്‌ സമീപ പ്രദേശത്ത്‌ പുതിയ റേഷന്‍ കടകള്‍ ആരംഭിക്കാന്‍ ഉത്തരവ്‌ നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ സാഹചര്യത്തിലാണ്‌ തെക്കന്‍ ജില്ലകളില്‍ നിരവധി പുതിയ റേഷന്‍ കടകള്‍ ആരംഭിച്ചത്‌. തെക്കന്‍ ജില്ലകളിലെ കടകളില്‍ കാര്‍ഡുകളുടെ എണ്ണം കുറയാനിടവന്നതും കച്ചവടം കുറഞ്ഞതും ഈ സാഹചര്യത്തിലാണ്‌.കച്ചവടം കുറവുള്ള കടകള്‍ അടച്ചുപൂട്ടിയാല്‍ കച്ചവടം കൂടുതലുള്ള വ്യാപാരികളുടെ കമ്മീഷനില്‍ വര്‍ധനയുണ്ടാകുമെന്നാണ്‌ സമിതിയുടെ കണ്ടെത്തല്‍. ഒപ്പംതന്നെ മുന്‍ഗണനേതര വിഭാഗത്തിലെ നീല റേഷന്‍ കാര്‍ഡുടമകളുടെ അരിവില കിലോഗ്രാമിന്‌ നാലു രൂപയില്‍നിന്ന്‌ ആറു രൂപയായി ഉയര്‍ത്തിയാല്‍ വ്യാപാരികളുടെ കമ്മീഷന്‍ വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ട്‌ ചൂണ്ടികാട്ടുന്നു. ഇങ്ങനെ അരിവില വര്‍ധിപ്പിച്ചാല്‍ സര്‍ക്കാരിനു പ്രതിമാസം 3.14 കോടി രൂപ അധിക വരുമാനം ലഭിക്കും. ഇതുപോലെ മുന്‍ഗണനേതര കാര്‍ഡുകാരുടെ വിഹിതം സപ്ലൈകോയില്‍നിന്നും എടക്കുമ്പോള്‍ റേഷന്‍ കടക്കാര്‍ ക്വിന്റലിന്‌ 890 രൂപ നിരക്കിലാണ്‌ അടയ്‌ക്കുന്നത്‌.

എന്നാല്‍, സപ്ലൈകോ എഫ്‌.സി.ഐയില്‍ അടയ്‌ക്കുന്നത്‌ 830 രൂപ നിരക്കിലാണ്‌. അതായത്‌ ക്വിന്റലിന്‌ 60 രൂപ അധികമാണ്‌ വ്യാപാരികള്‍ അടയ്‌ക്കുന്നത്‌. ഇതുപ്രകാരം പ്രതിമാസം ഒരു കോടി രൂപ റേഷന്‍ വ്യാപാരികളില്‍നിന്നും സര്‍ക്കാര്‍ ഈടാക്കി വരുന്നുണ്ട്‌. ഇങ്ങനെ അധികം കിട്ടുന്ന തുകയില്‍നിന്ന്‌ റേഷന്‍ വ്യാപാരികളുടെ നിലവിലുള്ള കമ്മീഷന്‍ വര്‍ധിപ്പിക്കാന്‍ കഴിയും.ഇന്ത്യയിലെ ഇതര സംസ്‌ഥാനങ്ങളെ അപേക്ഷിച്ച്‌ ഏറ്റവും മെച്ചപ്പെട്ടതും മാതൃകാപരവുമായ പൊതുവിതരണ സംവിധാനമായിരുന്നു കേരളത്തിലേത്‌. സംസ്‌ഥാനത്ത്‌ നിലനിന്നിരുന്ന സ്‌റ്റാറ്റ്യൂട്ടറി റേഷനിങ്‌ സംവിധാനത്തിന്റെ അലകും പിടിയും തന്നെ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പശ്‌ചാത്തലത്തില്‍ മാറിയിരിക്കുന്നു. ഭരണഘടനയുടെ 47ാം വകുപ്പ്‌ അനുസരിച്ചാണ്‌ 2013 ജൂലൈ അഞ്ചിനു ഭക്ഷ്യ ഭദ്രതാ നിയമം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്‌. റേഷനിങ്‌ വിതരണ രംഗത്തെ പരിഷ്‌ക്കാരം കൂടിക്കൂടി വന്ന്‌ ഒടുവില്‍ ഉപഭോക്‌താക്കള്‍ റേഷന്‍കടകളെ ആശ്രയിക്കാത്ത സ്‌ഥിതിവിശേഷത്തിലേക്ക്‌ നീങ്ങുകയാണ്‌.

കാര്‍ഡുടമകളുടെ തരംതിരിവിലുണ്ടായ വീഴ്‌ച പൂര്‍ണമായും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. വാതില്‍പ്പടി വിതരണം പലയിടങ്ങളിലും പാളിപ്പോകുന്നു. ഗോഡൗണ്‍ സൗകര്യം ഉറപ്പു വരുത്താനായില്ല. പോര്‍ട്ടബിള്‍ സംവിധാനം വന്നതോടുകൂടി കടയുടമകള്‍ തമ്മിലുള്ള കാര്‍ഡുപിടുത്ത മത്സരം തുടരുന്നു. ആശ്രിതര്‍ക്കു പോലും റേഷന്‍ കട തുടര്‍ന്നു നടത്താനുള്ള ലൈസന്‍സ്‌ ലഭിക്കില്ലെന്ന നിലയിലേക്ക്‌ കാര്യങ്ങള്‍ നീങ്ങുന്നു.ഭക്ഷ്യഭദ്രതാ നിയമമനുസരിച്ച്‌ കേരളത്തിലെ പൊതുവിതരണ ശൃംഖലയിലെ നിലവിലുള്ള റേഷന്‍ കാര്‍ഡുകളെ രണ്ട്‌ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. മുന്‍ഗണനാ വിഭാഗമെമെന്നും (പ്രയോറിറ്റി) മുന്‍ഗണനേതര വിഭാഗമെന്നും (നോണ്‍ പ്രയോറിറ്റി).

നഗര പ്രദേശങ്ങളില്‍ 39.50 ശതമാനവും ഗ്രാമപ്രദേശങ്ങളില്‍ 52.63 ശതമാനവുമാണ്‌ മുന്‍ഗണനാ വിഭാഗത്തിലുള്ളത്‌. വിവിധ തരം കാര്‍ഡുകളായതോടെ അവരവര്‍ക്ക്‌ മാസം തോറും ലഭിക്കുന്ന റേഷന്‍ സാധനങ്ങളുടെ അളവു തന്നെ അറിയാന്‍ പറ്റാത്ത സാഹചര്യമാണ്‌. മുന്‍ഗണനാ വിഭാഗത്തില്‍ അന്ത്യോദയ അന്നയോജന (എ.എ.വൈ.) കാര്‍ഡുടമകളും ബി.പി.എല്‍. കാര്‍ഡുടമകളും ഉള്‍പ്പെടും. 2000 ഡിസംബര്‍ 25 മുതലാണ്‌ ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ട പാവപ്പെട്ടവരിലും പാവപ്പെട്ടവരടങ്ങുന്ന എ.എ.വൈ. പദ്ധതി ബി.ജെ.പി. സര്‍ക്കാര്‍ നടപ്പാക്കിയത്‌. മഞ്ഞ നിറത്തിലുള്ള ഈ കാര്‍ഡ്‌ 5.85 ലക്ഷമുണ്ട്‌. പ്രതിമാസം 30 കിലോ അരിയും മൂന്നു കിലോ ഗോമ്പും സൗജന്യമാണ്‌. കൂടാതെ രണ്ട്‌ പായ്‌ക്കറ്റ്‌ ആട്ട എഴു രൂപ നിരക്കിലും ലഭിക്കും.
മുന്‍ഗണനാ വിഭാഗത്തിലുള്ള (പി.എച്ച്‌.എച്ച്‌.) കാര്‍ഡ്‌ പിങ്ക്‌ നിറത്തിലുള്ള ബി.പി.എല്‍. കാര്‍ഡാണ്‌. ഇത്‌ 35.58 ലക്ഷം ഉണ്ട്‌. ഓരോ അംഗത്തിനും നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും ലഭിക്കും.

ആരംഭത്തില്‍ ഇത്‌ പൂര്‍ണമായും സൗജന്യമായിരുന്നെങ്കിലും 2018 ഡിസംബര്‍ ഒന്നു മുതല്‍ കിലോ ഗ്രാമിന്‌ രണ്ടു രൂപ കൈകാര്യ ചെലവ്‌ നല്‍കണം. കാര്‍ഡിന്‌ അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവില്‍നിന്നും മൂന്നു കിലോ കുറച്ച്‌ അതിനു പകരം മൂന്നു പായ്‌ക്കറ്റ്‌ ആട്ട ഒന്‍പതു രൂപ ക്രമത്തില്‍ ലഭിക്കും. മുന്‍ഗണനേതര പൊതുവിഭാഗത്തിലെ (സബ്‌സിഡി) നീല നിറത്തിലുള്ള ഈ കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ടു കിലോ അരി വിതം കിലോയ്‌ക്ക് നാലു രൂപ നിരക്കില്‍ ലഭിക്കും. കൂടാതെ അധികമായി നാലു കിലോ അരി കിലോയ്‌ക്ക് 10.90 രൂപ നിരക്കിലും കിട്ടും.പൊതുവിഭാഗം (എന്‍.പി.എന്‍.എസ്‌.) വെള്ള കാര്‍ഡുകാര്‍ക്ക്‌ അഞ്ചു കിലോ അരി വീതം 10.90 രൂപ നിരക്കില്‍ ലഭിക്കും.

65 വയസ്സുകഴിഞ്ഞ ദരിദ്രരില്‍ ദരിദ്രരായവര്‍ക്ക്‌ അന്നപൂര്‍ണ യോജന പദ്ധതി അനുസരിച്ച്‌ പ്രതിമാസം 10 കിലോ അരി സൗജന്യമായി ലഭിക്കും. 2001 ഫെബ്രുവരി 14 മുതല്‍ ഇതു സംസ്‌ഥാനത്ത്‌ നടപ്പാക്കിയിട്ടുണ്ട്‌. നാല്‍പതിനായിരത്തോളം പേര്‍ ഇപ്പോള്‍ ഈ വിഭാഗത്തിലുണ്ട്‌. മുന്‍ഗണനാപട്ടികയില്‍ ഉള്ളവര്‍ തുടര്‍ച്ചയായി മൂന്നു മാസം റേഷന്‍ വാങ്ങിയില്ലെങ്കില്‍ റേഷന്‍ റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്‌ഥാനങ്ങള്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്‌ അനുവദിച്ചിരിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ വാര്‍ഷിക വിഹിതം 14.25 ലക്ഷം ടണ്ണാണ്‌. സംസ്‌ഥാനത്തിന്‌ മുമ്പ് ലഭിച്ചു കൊണ്ടിരുന്ന ശരാശരി വിഹിതത്തിനെക്കാള്‍ രണ്ടു ലക്ഷം ടണ്‍ ധാന്യത്തിന്റെ കുറവാണ്‌ ഇതുമൂലം നേരിട്ടു കൊണ്ടിരിക്കുന്നത്‌. ഇപ്പോള്‍ പിണറായി സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധിയായിരിക്കുന്ന കെ.വി. തോമസ്‌ കേന്ദ്ര ഭക്ഷ്യ മന്ത്രിയായിരുന്നപ്പോഴായിരുന്നു ഈ തരത്തിലുള്ള വീതം വയ്‌പ് നടന്നത്‌.മുന്‍ഗണനേതര വിഭാഗത്തിലുള്ള നീല, വെള്ള റേഷന്‍ കാര്‍ഡുടമകളില്‍നിന്നും മാസം ഒരു രൂപ വീതം സെസ്‌ പിരിക്കാന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ്‌ ആലോചിക്കുന്നു. റേഷന്‍ വ്യാപാരി ക്ഷേമനിധിയിലേക്ക്‌ പണം കണ്ടെത്താനാണ്‌ സെസ്‌ പിരിവുമായി ഇറങ്ങുന്നത്‌. ആദ്യഘട്ടത്തില്‍ ഒരു വര്‍ഷത്തേക്കായിരിക്കും പിരിവ്‌. നാലു കോടിയിലേറെ രൂപ ഈയിനത്തില്‍ ലഭിക്കുമെന്നാണ്‌ കണക്കുകൂട്ടല്‍.

നീല കാര്‍ഡുടമകള്‍ക്ക്‌ നല്‍കുന്ന അരിയുടെ വില കിലോഗ്രാമിന്‌ നാലു രൂപയില്‍നിന്ന്‌ ആറു രൂപയാക്കാനും വെള്ളക്കാര്‍ഡ്‌ ഉടമകള്‍ക്കുള്ള അരിയുടെ വിലയായി വ്യാപാരികള്‍ അടയ്‌ക്കുന്ന 8.90 രൂപയില്‍ അധികമായി അടയ്‌ക്കുന്ന 60 പൈസ വ്യാപാരികളുടെ വേതന വര്‍ധനയ്‌ക്കും ക്ഷേമനിധി ശക്‌തിപ്പെടുത്തുന്നതിനുമായി ഉപയോഗിക്കാമെന്നു വകുപ്പുതല സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷേമനിധി ഓഫീസിലെ ജീവനക്കാര്‍ക്ക്‌ ശമ്പളവും മറ്റ്‌ ആനുകൂല്യങ്ങളും നല്‍കുന്നതിന്‌ 50 ലക്ഷത്തോളം രൂപ ക്ഷേമനിധി വരുമാനത്തില്‍നിന്നാണ്‌ ചെലവാകുന്നത്‌.2023 മേയ്‌ 14ന്‌ ആരംഭിച്ച കെ- സ്‌റ്റോറുകളുടെ പ്രവര്‍ത്തനം വേണ്ടത്ര മെച്ചപ്പെട്ടിട്ടില്ലെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. ശബരി ഉല്‍പ്പന്നങ്ങള്‍, മില്‍മ ഉല്‍പ്പന്നങ്ങള്‍, ഐ.ഒ.സിയുടെ ചോട്ടു ഗ്യാസ്‌, കുപ്പിവെള്ളം എന്നീ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഒരു വിഭാഗം ലൈസന്‍സികള്‍ കെ- സ്‌റ്റോര്‍ പദ്ധതിയ യോട്‌ മുഖം തിരിഞ്ഞു നില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്‌.ഓരോ കടയിലും വില്‍ക്കുന്ന റേഷന്‍ സാധനങ്ങളുടെ ഓഫ്‌ ടേക്കിന്റെ അടിസ്‌ഥാനത്തിലായിരിക്കണം ഭാവിയില്‍ വ്യാപാരികളുടെ കമ്മീഷന്‍ നിശ്‌ചയിക്കേണ്ടത്‌, പുതിയ റേഷന്‍ കടകള്‍ അനുവദിക്കുന്നത്‌ നിയന്ത്രിക്കുക,

എസ്‌.സി-എസ്‌.ടി. വിഭാഗത്തിന്‌ അനുവദിക്കുന്ന റേഷന്‍ കടകളിലെ സെയില്‍സ്‌മാന്‍ അതേ വിഭാഗത്തില്‍പ്പെട്ടവരാണെന്ന്‌ ഉറപ്പു വരുത്തുക, പൊതുവിതരണ വകുപ്പിന്റെ ലൈസന്‍സുള്ളപ്പോള്‍ റേഷന്‍കട നടത്തുന്നതിന്‌ പഞ്ചായത്ത്‌ ലൈസന്‍സിന്റെ ആവശ്യമുണ്ടോ എന്നു പരിശോധിക്കുക, പഞ്ചസാര വിതരണത്തിന്റെ കമ്മീഷന്‍ 1.50 രൂപയും മണ്ണെണ്ണയുടേത്‌ അഞ്ചു രൂപയുമാക്കുക തുടങ്ങിയ ശിപാര്‍ശകളും സമിതി സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്‌. നാലായിരത്തോളം റേഷന്‍ കടകള്‍ പൂട്ടണമെന്ന സമിതിയുടെ ശിപാര്‍ശയ്‌ക്കതിരേ ശക്‌തമായ സമരത്തിനൊരുങ്ങുകയാണ്‌ റേഷനിങ്‌ രംഗത്തെ സംഘടനകള്‍ എല്ലാം തന്നെ.