
ആലപ്പുഴ: അന്ത്യോദയ അന്നയോജന (എഎവൈ) വിഭാഗത്തിലെ മഞ്ഞക്കാർഡുകാർക്കും കുടുംബത്തിലെ അംഗസംഖ്യയനുസരിച്ച് റേഷൻവിഹിതം നല്‍കാൻ കേന്ദ്രനീക്കം.
കാർഡിലെ ഓരോ അംഗത്തിനും പ്രതിമാസം ഏഴര കിലോ ധാന്യം വീതം നല്‍കാനാണ് കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ നീക്കമെന്നാണ് വിവരം. തിരിമറിയും ദുരുപയോഗവും തടയാനും അർഹരായവർക്ക് കൂടുതല്‍ വിഹിതം നല്‍കാനും ലക്ഷ്യമിട്ടാണിത്.
മഞ്ഞക്കാർഡിന് പ്രതിമാസം 35 കിലോ ധാന്യമാണ് നിലവില്‍ സൗജന്യമായി നല്‍കുന്നത്. ഒന്നോരണ്ടോ അംഗങ്ങള്‍ മാത്രമുള്ള കാർഡുകാർക്കും ഇതു കിട്ടും. അംഗസംഖ്യ കണക്കാക്കി ധാന്യം നല്‍കിയാല്‍ കൂടുതല്‍പ്പേരുള്ള കുടുംബങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് കേന്ദ്രനിലപാട്.
നിലവില്‍ പിങ്ക് (പിഎച്ച്‌എച്ച്), നീല (എൻപിഎസ്) കാർഡുകാർക്ക് അംഗങ്ങളുടെ എണ്ണമനുസരിച്ചാണ് വിഹിതം നല്‍കുന്നത്. ഇതേ മാതൃകയാകും മഞ്ഞക്കാർഡിനും സ്വീകരിക്കുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കിയതോടെയാണ് എഎവൈ വിഭാഗത്തിന് പ്രതിമാസം 35 കിലോ ധാന്യം നല്‍കാൻ തീരുമാനിച്ചത്. ആളെണ്ണം കണക്കാക്കിയുള്ള റേഷൻ നടപ്പാക്കണമെങ്കില്‍ നിയമം ഭേഗതി ചെയ്യണം.
ഒരാളുള്ള കാർഡിനും 35 കിലോ; കേന്ദ്രം അതൃപ്തി അറിയിച്ചു
ഒരാള്‍ മാത്രമുള്ള മഞ്ഞക്കാർഡിന് പ്രതിമാസം 35 കിലോ ധാന്യം നല്‍കുന്നതില്‍ കേന്ദ്രഭക്ഷ്യമന്ത്രാലയം സംസ്ഥാനത്തെ നേരത്തേ അതൃപ്തി അറിയിച്ചിരുന്നു. കേരളത്തില്‍ മഞ്ഞക്കാർഡുള്ള അൻപതിനായിരത്തിലേറെ കുടുംബങ്ങളില്‍ ഒരാള്‍ മാത്രമേയുള്ളൂ. 5,90,517 മഞ്ഞക്കാർഡുകളിലായി 19,31,658 പേരാണുള്ളത്. ഒരു
കാർഡില്‍ ശരാശരി 3.2 പേർ. അതിനാല്‍, കൂടുതല്‍ അംഗങ്ങളുള്ള അർഹരായ കുടുംബങ്ങളെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനായിരുന്നു കേന്ദ്ര നിർദേശം. എന്നാല്‍, എഎവൈ മാനദണ്ഡമനുസരിച്ച് ഇത്തരം ഗുണഭോക്താക്കളെ കണ്ടെത്താനായില്ല. മറ്റു സംസ്ഥാനങ്ങളിലും ഇതേ പ്രശ്നമുണ്ട്.



