
കൊച്ചി: സംസ്ഥാനത്ത് വ്യാജ റേഷൻ കാർഡ് ഉപയോഗിച്ച് തട്ടിപ്പ്.പാവപ്പെട്ടവർക്ക് ലഭിക്കേണ്ട 2,856 കിലോഗ്രാം അരിയും 306 കിലോഗ്രാം ഗോതമ്പും. 324 കവർ ആട്ടയും 20.5 ലിറ്റർ മണ്ണെണ്ണയും തട്ടിയെടുത്തു
146 വ്യാജ റേഷൻ കാർഡുകൾ ഉപയോഗിച്ചായിരുന്നു തിരിമറി. സർക്കാരിനെ ഞെട്ടിച്ച വ്യാജ റേഷൻ കാർഡ് തട്ടിപ്പിൽ നടക്കുന്ന സമഗ്രാന്വേഷണത്തിലാണ് നിർണായക കണ്ടെത്തൽ. 38 മുൻഗണനാ കാർഡുകൾ കൂടി ആക്ടീവാക്കിയതായാണ് വിവരം.
2025 സെപ്തംബറിലാണ് വ്യാജ റേഷൻ കാർഡ് നിർമ്മാണം പുറത്തുവരുന്നത്. തിരുവനന്തപുരം വഞ്ചിയൂർ പൊലീസ് അന്വേഷിക്കുന്ന കേസിൽ, തിരുവനന്തപുരം സിറ്റി റേഷനിംഗ് ഓഫീസിലെ ജീവനക്കാരനും റേഷനിംഗ് ഓഫീസിന് സമീപത്തെ അഞ്ച് റേഷൻകട ഉടമകളുമാണ് പ്രതികൾ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു മുൻഗണനാ കാർഡിന് 2500 മുതൽ 3000 രൂപ വരെ ഈടാക്കിയായിരുന്നു തട്ടിപ്പ്. ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ നെറ്റ്വർക്കിൽ കടന്നുകയറിയാണ് മുൻഗണനാ റേഷൻ കാർഡുകൾ വ്യാജമായി നിർമ്മിച്ചത്. തിരിമറിക്ക് റേഷനിംഗ് ജീവനക്കാരൻ ഒത്താശ ചെയ്തതായാണ് കണ്ടെത്തൽ.
മുൻഗണനാ കാർഡിലെ അംഗങ്ങൾ പുതിയ കാർഡിനായി അപേക്ഷിച്ചാൽ മുൻഗണനാ കാർഡ് തന്നെയാണ് ലഭിക്കുക. ഇത് കണക്കിലെടുത്ത് മുൻഗണനാ കാർഡുള്ളയാളുടെ കാർഡിലേക്ക് ആളെ ചേർക്കുന്നതാണ് ആദ്യം ചെയ്യുക.
അംഗമായി പേര് അപ്ഡേറ്റ് ആയാൽ പിന്നാലെ പുതിയ കാർഡിനുള്ള അപേക്ഷ നൽകും. ഭക്ഷ്യവകുപ്പിന്റെ ഓൺലൈൻ വഴി തന്നെ അപേക്ഷയും അനുമതിയും നൽകുന്നതിനാൽ കാർഡുകൾ ആക്ടീവാക്കാനും സാധിക്കും.
പൂന്തുറയിലെ കുടുംബത്തിന് തോന്നിയ സംശയമാണ് വ്യാജ മുൻഗണനാ റേഷൻ കാർഡ് അന്വേഷണത്തിലേക്ക് നയിച്ചത്. അഞ്ച് അംഗങ്ങളുള്ള റേഷൻ കാർഡിൽ ആറ് അംഗങ്ങളുള്ളതായി കണ്ട റേഷൻകാർഡ് ഉടമ താലൂക്ക് സപ്ലൈ ഓഫീസർക്ക് പരാതി നൽകി.
ഇ പോസ് മെഷീനിൽ ബയോമെട്രിക് സംവിധാനപ്രകാരം വിരൽ പതിപ്പിക്കുമ്പോഴാണ് അതിനൊപ്പം പരിചയമില്ലാത്ത പേര് കണ്ടത്. തട്ടിപ്പിൽ പൊലീസ് അന്വേഷണത്തിന് പുറമേ, വിജിലൻസും കേസ് അന്വേഷിക്കുന്നുണ്ട്.
മുൻഗണനാ കാർഡ് ലഭിക്കാൻ പണം നൽകിയ കാർഡ് ഉടമകളെയെല്ലാം കേസിൽ സാക്ഷികളാക്കാനാണ് നീക്കം



