റേഷൻ കടകൾ ഇനി ഹൈടെക്കാവും; ഭക്ഷ്യസാധനങ്ങളുടെ പണം നൽകാൻ ക്യു.ആ‌ർ കോഡ്; ഫോണിൽ നിന്ന് ഓൺലൈനായി പണം നൽകാം ; വീട്ടിലേക്കാവശ്യമായ നിത്യോപയോഗ സാധനങ്ങൾ മുതൽ ഗ്യാസ് വരെ ; റേഷൻ കടകൾ സ്മാർട്ടാകുന്നു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ ഹൈടെക്കാവുകയാണ്. കാർഡുടമകൾ വാങ്ങുന്ന ഭക്ഷ്യധാന്യങ്ങളുടെ പണം നൽകാൻ കടകളിൽ ക്യു.ആ‌ർ കോഡ് സജ്ജമാക്കും. ഇതോടെ മൊബൈൽ ഫോണിൽ നിന്ന് ഓൺലൈനായി പണം നൽകാം.

ചില്ലറ നൽകേണ്ട ബുദ്ധിമുട്ടിൽ നിന്ന് വ്യാപാരികൾക്കും ആശ്വാസം. സംസ്ഥാനത്തെ എല്ലാ റേഷൻകടളിലും ഓൺലൈൻ പണമിടപാടിനുള്ള സൗകര്യം ഒരുക്കുന്നത് ഭക്ഷ്യവകുപ്പാണ്. എല്ലാ വകുപ്പുകളും പൂർണമായും ഓൺലൈനാകുന്നതിന്റെ ഭാഗമായാണ് റേഷൻ കടകളിൽക്കൂടി ഓൺലൈൻ പണമിടപാടിനുള്ള സൗകര്യം ഒരുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്മാർട്ട് ഫോൺ ഉപയോഗിച്ച് കടകളിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് ഭക്ഷ്യ ധാന്യത്തിന്റെ പണം നൽകാം. റേഷൻ കടകളുടെ പ്രവർത്തനം പൂ‌ർണമായും ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണിത്. ഭക്ഷ്യഭദ്രതാ നിയമമനുസരിച്ച് റേഷൻ വിതരണം നേരത്തേ ഇ-പോസ് യന്ത്രങ്ങൾവഴി ഓൺലൈനാക്കിയിരുന്നു.

എന്നാൽ പണമിടപാട് പൂർണമായും ഓൺലൈനിലേക്ക് മാറ്റാൻ കഴിഞ്ഞിരുന്നില്ല. സംസ്ഥാനത്ത് 14148 കടകളാണുള്ളത്. 9393277 റേഷൻ കാർഡുകളുമുണ്ട്. ഓൺലൈൻ പണമിടപാട് സംവിധാനം സജ്ജമാക്കാൻ ബാങ്കുകളുമായി ചർച്ചകൾ നടക്കുകയാണ്.

ഓരോ വ്യാപാരികൾക്കും പ്രത്യേകം അക്കൗണ്ട് നൽകും. സപ്ലൈകോയിൽ നേരത്തെ ക്യുആർ കോഡ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. അതിന്റെ തുടർച്ചയായാണ് റേഷൻ കടകളിലും ക്യു.ആ‌ർ കോഡ് നടപ്പിലാക്കുന്നത്.

അതിനിടെ, റേഷൻ കടകൾ സൂപ്പർമാർക്കറ്റുകളും ബാങ്കിംഗ് കേന്ദ്രങ്ങളുമടക്കമുള്ള കെ-സ്റ്റോറുകളായി രൂപം മാറിത്തുടങ്ങിയിട്ടുണ്ട്. വീട്ടിലേക്കാവശ്യമായ നിത്യോപയോഗ സാധനങ്ങൾ മുതൽ ഗ്യാസ് വരെ വാങ്ങാവുന്ന തരത്തിലാണ് റേഷൻ കടകൾ സ്മാർട്ടാകുന്നത്.

മിനി ബാങ്കിങ്, അക്ഷയകേന്ദ്രം, മാവേലി സ്റ്റോർ, മിനി ഗ്യാസ് ഏജൻസി, മിൽമാ ബുത്ത് – ഇവയെല്ലാം ഒന്നിച്ചുചേർത്ത് ‘കെ-സ്റ്റോർ’ (കേരള സ്റ്റോർ) ആയാണ് റേഷൻ കടകളുടെ ന്യൂജൻ പരിവേഷം. നിലവിലെ റേഷൻ കടകളിൽനിന്ന് തിരഞ്ഞെടുത്ത ആയിരത്തോളം കടകളാണ് ഇത്തരത്തിൽ സ്മാർട്ടാകുന്നത്.

എല്ലാ റേഷൻ കാർഡുകാർക്കും കെ-സ്റ്റോർ ആനുകൂല്യങ്ങൾ ലഭിക്കും. മാവേലി സ്റ്റോറുകൾവഴി നിലവിൽ നൽകിവരുന്ന 13 ഇന സബ്‌സിഡി സാധനങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും കെ-സ്റ്റോറിലൂടെ വിൽക്കും.

5000 രൂപ വരെയുള്ള പണമിടപാടും റേഷൻ കടകൾ വഴി നടത്താം. പാൽ ഉൾപ്പെടെയുള്ള മിൽമ ഉത്പന്നങ്ങളും അഞ്ച് കിലോവരുന്ന ചോട്ടു ഗ്യാസ് സിലിൻഡറും റേഷൻ കടകളിൽ നിന്ന് വാങ്ങാം. വെള്ളം, വൈദ്യുതി തുടങ്ങിയ ബില്ലുകൾ അടയ്ക്കാനും വിവിധ സർക്കാർ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാനുള്ള സൗകര്യവും കെ-സ്റ്റോറിലുണ്ടാവും.

രണ്ട് കിലോമീറ്റർ പരിധിയിൽ എടിഎം, ബാങ്ക്, അക്ഷയ, മാവേലി സ്റ്റോർ, ഗ്യാസ് ഏജൻസി എന്നിവ ഇല്ലാത്ത സ്ഥലങ്ങളിലെ റേഷൻ കടകളെയാണ് പ്രാരംഭഘട്ടത്തിൽ കെ സ്റ്റോറുകൾ ആക്കി മാറ്റിയിരിക്കുന്നത്. ബാങ്കിങ് സേവനങ്ങൾ ഡിജി പേ എന്ന സാങ്കേതിക ഉപകരണം വഴിയാണു നടത്തുക.

പണമെടുക്കാനും നിക്ഷേപിക്കാനും ഈ ഉപകരണം മതി. ഇതിന് കെ സ്റ്റോറുകൾക്കുള്ള സർവീസ് ചാർജ് ‌‌‌‌‌‌ബാങ്ക് നൽകും. പുതുതായി അക്കൗണ്ട് ചേരാനും കഴിയും.

1000 രൂപയുടെ അക്കൗണ്ട് ചേർത്താൽ 28 രൂപ വരെയാണ് വ്യാപാരിക്ക് കമ്മിഷൻ. അക്ഷയ സെന്ററുകൾ വഴിയും കോമൺ സർവീസ് സെന്ററുകൾ വഴിയുമുള്ള സേവനങ്ങളും ഭാവിയിൽ കെ സ്റ്റോറുകളിൽ ലഭ്യമാക്കും.