
മുൻഗണനേതര വിഭാഗങ്ങളുടെ റേഷനരിവില വർധിപ്പിക്കണമെന്ന് സർക്കാർ സമിതിയുടെ ശുപാർശ; വിലകൂട്ടിയാൽ അരിവിലയിനത്തിൽ വർഷം അധികമായി സർക്കാർ ഖജനാവിലെത്തുന്നത് 50 കോടി രൂപ; 3,782 റേഷൻ കടകൾ പൂട്ടാനും ശുപാർശ
തിരുവനന്തപുരം: മുൻഗണനേതര വിഭാഗങ്ങൾക്ക് സബ്‌സിഡിയിനത്തിൽ നൽകുന്ന റേഷനരിവില കൂട്ടണമെന്ന് സർക്കാർ സമിതിയുടെ ശുപാർശ. ഒരു കിലോഗ്രാമിന് ഇപ്പോഴുള്ള നാലുരൂപ ആറുരൂപയായി വർധിപ്പിക്കണമെന്നാണ് ആവശ്യം.
8.30 രൂപയ്ക്ക് സർക്കാർ വാങ്ങുന്ന അരിക്കാണ് ബാക്കി സബ്സിഡി നൽകുന്നത്. വിലകൂട്ടിയാൽ മാസം 3.14 കോടിരൂപ അധികം കണ്ടെത്താനാവും. റേഷൻകടകളുടെ പ്രവർത്തനസമയം ഒൻപതുമുതൽ ഒരുമണിവരെയും നാലുമുതൽ ഏഴുവരെയുമാക്കി പുനഃക്രമീകരിക്കണമെന്നും ശുപാർശയുണ്ട്.
സബ്‌സിഡിയുള്ള മുൻഗണനേതര കാർഡുകാർക്കും സബ്‌സിഡിയില്ലാത്ത മുൻഗണനേതര കാർഡുകാർക്കും അരി വിതരണം ചെയ്യാൻ കേന്ദ്രസർക്കാർ ഒരു സഹായവും നൽകുന്നില്ല. എൻപിഎൻഎസ് അരിയുടെ വിലയായി എഫ്‌സിഐയിൽ കിലോഗ്രാമിന് 8.30 രൂപയാണ് സർക്കാർ അടയ്‌ക്കേണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ അരിക്ക് റേഷൻ വ്യാപാരികൾ 8.90 രൂപനൽകും. വിലകൂട്ടിയാൽ രണ്ടുവിഭാഗങ്ങൾക്കുമുള്ള അരിവിലയിനത്തിൽ വർഷം 50 കോടി രൂപ അധികമായി സർക്കാർ ഖജനാവിലെത്തും. ഇതിലെ ഒരു ഭാഗം വ്യാപാരികളുടെ വേതനം കൂട്ടാനും ക്ഷേമനിധി ശക്തിപ്പെടുത്താനും വിനിയോഗിക്കാമെന്നും സമിതി ശുപാർശചെയ്തു. 3782 റേഷൻ കടകൾ പൂട്ടാനും ശുപാർശയുണ്ട്. ഇതിനെതിരേ വ്യാപാരികൾ രംഗത്തുവന്നതിനാൽ ചർച്ചനടത്തുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.