
തിരുവനന്തപുരം: സംസ്ഥാനത്ത് 11 മാസത്തിനിടെ എലിപ്പനിബാധിച്ച് മരിച്ചവരുടെ എണ്ണം 356 ആയി. എലിപ്പനിക്ക് പ്രതിരോധമരുന്നും ചികിത്സയും ലഭ്യമാണെങ്കിലും രോഗം തിരിച്ചറിഞ്ഞുള്ള ചികിത്സ വൈകുന്നതും പെട്ടെന്ന് ഗുരുതരമാവുന്നതുമാണ് പലരുടെയും ജീവൻ അപകടത്തിലാക്കുന്നത്.
പനി, ശരീരവേദന തുടങ്ങിയ സാധാരണ പനി ലക്ഷണങ്ങളോടെ ആരംഭിക്കുന്ന രോഗം ആദ്യ ആഴ്ചയിൽത്തന്നെ ഗുരുതരമാവുന്ന സ്ഥിതിയും ഇപ്പോൾ കണ്ടുവരുന്നുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. മഴക്കാലത്തും അല്ലാതെയുമുള്ള ഇടവിട്ടുള്ള മഴകാരണമുണ്ടാവുന്ന വെള്ളക്കെട്ടും മലിനജല സമ്പർക്കവുമാണ് എലിപ്പനിയടക്കമുള്ള രോഗങ്ങൾ കൂടാൻ കാരണമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
മലിനജലസമ്പർക്കത്തിലൂടെ പകരുന്നുവെന്ന് കരുതുന്ന അമീബിക് മസ്തിഷ്കജ്വരം 11 മാസത്തിനിടെ ബാധിച്ചത് 172 പേർക്കാണ്. 42 പേർ മരിച്ചു. ഡെങ്കിപ്പനി മരണം 71-ഉം. ചെള്ളുപനി പിടിപെട്ട 887 പേരിൽ 14 പേർ മരിച്ചു. ജലാശയങ്ങളും ജലസ്രോതസ്സുകളും മാലിന്യക്കൂമ്പാരമായി മാറിയതാണ് ഏറ്റവും വലിയ ആരോഗ്യപ്രശ്നമെന്ന് തിരുവനന്തപുരം മെഡിക്കൽകോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. എ. അൽത്താഫ് ചൂണ്ടിക്കാട്ടുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


