
തേർഡ് ഐ ബ്യൂറോ
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ വിചാരണ കോടതി കുറ്റപത്രം വായിച്ചു കേൾപ്പിച്ചിട്ടും ബിഷപ്പ് ഫ്രാങ്കോ ഇപ്പോഴും സഭയ്ക്കു വിശുദ്ധൻ. ബിഷപ്പ് ഫ്രാങ്കോയുടെ കോട്ടയത്തേയ്ക്കുള്ള യാത്രയും, കോടതി ചിലവും, വക്കീൽ ഫീസും അടക്കമുള്ളത് ചിലവഴിക്കുന്നത് ഇപ്പോഴും ജലന്ധർ രൂപതാ അധികൃതർ തന്നെയാണ്.
ബലാൽസംഗക്കേസിൽ വിചാരണ നേരിട്ട് കുറ്റം ചുമത്തപ്പെട്ട ശേഷവും സഭ ഒരു ബിഷപ്പിനെ എങ്ങിനെ സംരക്ഷിക്കുന്നു എന്നു വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തു വിടുന്ന വിവരങ്ങൾ. ബിഷപ്പിനെതിരേ ആരോപണം ഉന്നയിച്ചത് സഭയുടെ സന്യാസ സമൂഹത്തിലെ ഒരു അംഗം തന്നെയാണെന്നത് പ്രശ്നത്തിന്റെ ഗൗരവം ഉയർത്തുന്നു. വ്യാഴാഴ്ചയാണ് ബിഷപ്പ് ഫ്രാങ്കോയെ കോട്ടയം അഡീഷനൽ സെഷൻസ് കോടതിയിൽ അദ്ദേഹത്തിനെതിരേയുളള ബലാൽസംഗക്കേസിൽ കുറ്റപത്രം വായിച്ചുകേൾപ്പിച്ചത്. ആരോപണം അദ്ദേഹം നിഷേധിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആഗസ്റ്റ് 16 മുതൽ വിചാരണ ആരംഭിക്കും. ഈ സാഹചര്യത്തിൽ തൽക്കാലത്തേക്ക് പദവിൽ നിന്ന് മാറ്റിനിർത്താത്തതിനെതിരേയാണ് പൊതുസമൂഹത്തിൽ നിന്ന് പ്രതിഷേധം ഉയർന്നിട്ടുള്ളത്. ഇതു സംബന്ധിച്ച് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിൽ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്നത്.
കത്തോലിക്കാസഭയിലെ പ്രധാന കൂട്ടായ്മകളായ സിബിസിഐ, കെസിബിസി തുടങ്ങിയവർ പ്രതികരിക്കാത്തതിനെതിരേയും പ്രതിഷേധമുയർന്നിട്ടുണ്ട്.
തന്റെ അധീനതയിലുള്ള സന്യാസി സമൂഹത്തിലെ ഒരു സിസ്റ്ററെ നിരവധി കാലം തന്റെ അധികാരമുപയോഗിച്ച് തടഞ്ഞുവച്ചും അടിച്ചമർത്തിയും ലൈംഗികപീഡനത്തിനിരയാക്കിയെന്നാണ് ഫ്രാങ്കോയ്ക്കെതിരേ ഉന്നയിക്കപ്പെട്ട ആരോപണം. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ തന്നെയാണ് ആരോപണം ഉന്നയിച്ചത്. സഭയിലെ തന്നെ നിരവധി അധികാരികളും സഭാവിശ്വാസികൾതന്നെയും ഇതിനെതിരേ രംഗത്തുവന്നു. കേരളം കണ്ട ഏറ്റവും വലിയ പ്രതിഷേധമായി അത് മാറി. തുടക്കത്തിൽ ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ വഴുതിക്കളിച്ച സർക്കാർ ഒടുവിൽ ജനങ്ങളുടെ പ്രതിഷേധത്തിനു മുന്നിൽ മുട്ടുമടക്കി അറസ്റ്റ് ചെയ്തു. പക്ഷേ, ഏറെ താമസിയാതെ ബിഷപ്പിന് ജാമ്യം ലഭിക്കുകയും ചെയ്തു.
അന്യായമായി തടഞ്ഞുവയ്ക്കൽ(സെക്ഷൻ 342), അധികാര ദുർവിനിയോഗം നടത്തി ലൈംഗികമായി ദുരുപയോഗം ചെയ്യൽ(സെക്ഷൻ 376 സി, എ), പ്രകൃതിവിരുദ്ധ ലൈംഗികപീഡനം(സെക്ഷൻ 377), ഭീഷണിപ്പെടുത്തൽ(സെക്ഷൻ 506(1)), മേലധികാരം ഉപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ(സെക്ഷൻ 376(2)(കെ)), സ്ത്രീത്വത്തെ അപമാനിക്കൽ(സെക്ഷൻ 354) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇതിൽ പലതും ജീവപര്യന്തം വരെയും ജീവിതാവസാനം വരെയും മറ്റും ശിക്ഷ അനുഭവിക്കേണ്ടവയാണ്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ജിതേഷ് ജെ. ബാബുവും പ്രതിക്ക് വേണ്ടി സി.എസ്സ് അജയനും കോടതിയിൽ ഹാജരായി.