
22 സിംഗിള്‍ സീറ്റർ ജെറ്റുകളും നാല് ട്വിൻ സീറ്റർ വിമാനങ്ങളും; 26 റഫാല്‍-എം യുദ്ധവിമാനങ്ങള്‍ വാങ്ങാൻ ഇന്ത്യ; ഫ്രാൻസുമായി 63,000 കോടിയുടെ കരാറില്‍ ഒപ്പുവച്ചു
ഡൽഹി: ഫ്രാൻസില്‍ നിന്ന് 26 റഫാല്‍ എം യുദ്ധവിമാനങ്ങള്‍ വാങ്ങാൻ കരാർ ഒപ്പിട്ട് ഇന്ത്യ.
63,000 കോടി രൂപയുടെ കരാറിലാണ് ഇന്ത്യയും ഫ്രാൻസും ഒപ്പുവച്ചത്. 22 സിംഗിള്‍ സീറ്റർ ജെറ്റുകളും നാല് ട്വിൻ സീറ്റർ വിമാനങ്ങളുമാണ് വാങ്ങുന്നത്. 2031ഓടെ മുഴുവൻ യുദ്ധ വിമാനങ്ങളും ഇന്ത്യയ്ക്ക് ലഭിക്കും.
അറ്റകുറ്റപ്പണി, ലോജിസ്റ്റിക്കല്‍ സപ്പോർട്ട്, പരിശീലനം എന്നിവയും കരാറില്‍ ഉള്‍പ്പെടുന്നു. ലോകത്തിലെ ഏറ്റവും നൂതനമായ നാവിക യുദ്ധവിമാനങ്ങളില്‍ ഒന്നായി റഫാല്‍ എം കണക്കാക്കപ്പെടുന്നു. നിലവില്‍ ഫ്രഞ്ച് നാവികസേനയ്ക്ക് മാത്രമേ ഈ ജെറ്റ് ഉള്ളൂ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാവികസേനയുടെ പുതിയ യുദ്ധവിമാനങ്ങള്‍ വിമാനവാഹിനിക്കപ്പലുകളായ ഐഎൻഎസ് വിക്രാന്തിലും ഐഎൻഎസ് വിക്രമാദിത്യയിലും വിന്യസിക്കും. ഇത് ഇന്ത്യൻ മഹാസമുദ്രത്തിലെ ഭീഷണികളെ നേരിടാൻ രാജ്യത്തെ സഹായിക്കും.
മിഗ്-29കെയുടെ സ്ഥാനം ഇനി റഫാല്‍ വിമാനങ്ങള്‍ക്കായിരിക്കും. ഏത് ഭീഷണിയും നേരിടാൻ തയ്യാറാണെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് ത്രിപാഠി ഡിസംബറില്‍ പറഞ്ഞിരുന്നു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (ഡിആർഡിഒ) വികസിപ്പിച്ചെടുക്കുന്ന തദ്ദേശീയ അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ കൂടി സ്വന്തമാക്കാൻ നാവികസേന ആലോചിക്കുന്നുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ കൈവശം ഇതിനകം 36 റഫാല്‍ യുദ്ധവിമാനങ്ങളുണ്ട്.