
ന്യൂഡൽഹി: വിവാഹ വാഗ്ദാനം നല്‍കി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തുവെന്ന പരാതിയുമായി വനിതാ ക്രിക്കറ്റ് താരം രംഗത്ത്.
ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരമായ വിപ്രജ് നിഗത്തിനെതിരെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
ഓണ്‍ലൈൻ വഴിയാണ് വിപ്രജിനെ പരിചയപ്പെട്ടതെന്നും, സൗഹൃദം പിന്നീട് പ്രണയമായി മാറുകയും വിവാഹം കഴിക്കാമെന്ന് താരം ഉറപ്പ് നല്‍കുകയും ചെയ്തതായി വനിതാ താരം പറയുന്നു. ഇതിൻ്റെ അടിസ്ഥാനത്തില്‍ വിപ്രജ് വിളിച്ചതനുസരിച്ച് നോയിഡയിലെ ഹോട്ടലില്‍ വെച്ച് ഇരുവരും കണ്ടുമുട്ടി. അവിടെ വെച്ച് വിപ്രജ് ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് വിവാഹക്കാര്യം സംസാരിച്ചപ്പോള്‍ വിപ്രജിൻ്റെ സ്വരം മാറിയെന്നും, വിവാഹം നടക്കില്ലെന്ന് പറഞ്ഞതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തില്‍ തന്നെ ഹോട്ടല്‍ മുറിയില്‍ നിന്ന് പുറത്തേക്ക് വലിച്ചിട്ടുവെന്നും യുവതി പറയുന്നു. ഇരുവരും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ യുവതി പോലീസിന് കൈമാറിയിട്ടുണ്ട്.
താരത്തിൻ്റെ പ്രതികരണം
എന്നാല്‍ യുവതിയുടെ പരാതിക്ക് പിന്നാലെ വിപ്രജ് നിഗവും പോലീസിനെ സമീപിച്ചു. യുവതി തന്നെ പിന്തുടർന്ന് നിരന്തരം ശല്യപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് താരത്തിൻ്റെ പരാതി. തൻ്റെ പ്രശസ്തിക്ക് കോട്ടം വരുത്തുന്ന തരത്തിലുള്ള ഒരു വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും, ഇത് തൻ്റെ കരിയറിനെയും മാനസികാരോഗ്യത്തെയും സാരമായി ബാധിച്ചെന്നും വിപ്രജ് ആരോപിക്കുന്നു.
നിലവില്‍ ഇരുവരുടെയും പരാതികളില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി മികച്ച പ്രകടനം പുറത്തെടുത്ത വിപ്രജ്, അടുത്തിടെ ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ അനൗദ്യോഗിക ഏകദിന പരമ്ബരയില്‍ ഇന്ത്യ എ ടീമിനായും കളിച്ചിട്ടുണ്ട്.



