പ്രാർത്ഥിച്ച് രോഗം മാറ്റാമെന്ന് പറഞ്ഞ് പീഡനം ; വ്യാജ സിദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തു

പ്രാർത്ഥിച്ച് രോഗം മാറ്റാമെന്ന് പറഞ്ഞ് പീഡനം ; വ്യാജ സിദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖിക

ആലപ്പുഴ : തൃക്കുന്നപ്പുഴയിൽ പ്രകൃതി വിരുദ്ധ പീഡനത്തിനു ശ്രമിച്ച വ്യാജ സിദ്ധനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. പത്തനാപുരം പുന്നല ചാലുവിളയിൽ അബ്ദുൽ കരീമിനെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. പത്ത് വർഷത്തിലേറെയായി സിദ്ധനാണെന്ന് പ്രചരിപ്പിച്ച് വീടുകളിലെത്തി മന്ത്രവാദ ക്രിയകൾ നടത്തി വരികയായിരുന്നു ഇയാൾ. കഴിഞ്ഞ ദിവസം രാവിലെ തൃക്കുന്നപ്പുഴയിലെ വീട്ടിലെത്തിയ ഇയാൾ കിടപ്പുമുറിയിൽ വച്ച് പ്രാർത്ഥനയ്ക്കിടെ പതിനേഴുകാരനായ വിദ്യാർത്ഥിയെ പീഡിപ്പിക്കുവാൻ ശ്രമിക്കുകയായിരുന്നു. വീട്ടുടമസ്ഥനുമായുള്ള പരിചയത്തിന്റെ പുറത്താണ് പ്രാർത്ഥനയ്ക്കായി ഇയാൾ സഹായിക്കൊപ്പം വീട്ടിലെത്തിയത്. ബലമായി പീഡിപ്പിക്കാൻ ശ്രമിച്ച അബ്ദുൽ കരീമിനെ തള്ളിമാറ്റി വിദ്യാർത്ഥി ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച സിദ്ധനെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിലേൽപ്പിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.