വാളയാർ കേസ് അന്വേഷിക്കാൻ സി.ബി.ഐ: ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ കേസ് അന്വേഷിക്കണമെന്ന് പെൺകുട്ടികളുടെ മാതാപിതാക്കൾ; നിർണ്ണായക നീക്കവുമായി കുടുംബം
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: രണ്ടു പെൺകുട്ടികളുടെ ജീവൻ അകാലത്തിൽ പൊലിഞ്ഞ കേസിൽ നീതി തേടി സി.ബി.ഐ എത്തുന്നു. കേസ് പുനരന്വേഷിക്കാനുള്ള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസ് സി.ബി.ഐയ്ക്കു കൈമാറാൻ തയ്യാറെടുക്കുന്നത്. കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച വാളയാർ കേസ് ദുർബലമാക്കിയ ഡിവൈഎസ്പി സോജന് ഡബിൾ പ്രമോഷൻ നൽകി എസ്പിയാക്കിയ പിണറായി സർക്കാർ നടപടിക്കെതിരെ ശക്തമായ രോഷം കേരളത്തിൽ ഉയർന്നിരുന്നു.
എന്നാൽ ഹൈക്കോടതി ഈ ഉദ്യോഗസ്ഥനെ കുറ്റപ്പെടുത്തുന്നില്ല. ആദ്യം അന്വേഷിച്ചവർക്കാണ് വീഴ്ച വന്നെന്നാണ് കണ്ടെത്തിയെന്നാണ് വിലയിരുത്തൽ. വാളയാർ കേസിൽ പ്രതിപ്പട്ടികയിൽ വന്നത് ശരിക്കുള്ള പ്രതികളല്ലാ എന്നാണ് നിലവിലെ ആരോപണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസ് തേച്ച് മായ്ച്ച് കളയാൻ സിപിഎം ഇടപെട്ടു നടത്തിയ ശ്രമത്തിന്റെ ഭാഗമായി വന്ന പ്രതികൾ ആണ് കേസിലുള്ളത്. യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്തുകയും പാർട്ടിക്ക് വേണ്ടി ഓപ്പറേഷൻസ് നടത്തുന്ന താഴെത്തട്ടിലുള്ള ചിലരെ പിടിച്ച് പ്രതികളാക്കി മാറ്റുകയായിരുന്നു എന്നാണ് വാളയാർ കേസിനെക്കുറിച്ച് നിലനിൽക്കുന്ന ശക്തമായ ആക്ഷേപം. അതുകൊണ്ട് കൂടിയാണ് സിബിഐ അന്വേഷണമെന്ന ആവശ്യം ഉയരുന്നത്. നിലവിൽ ഇതിനെ ഹൈക്കോടതി അനുകൂലിച്ചിട്ടില്ല. എന്നാൽ പുനർവിചാരണയുമായി ബന്ധപ്പെട്ട് പുനരന്വേഷണത്തിന് സാധ്യതയുണ്ട്. ഈ ഘട്ടത്തിൽ സർക്കാരിന് ഈ കേസ് സിബിഐ്ക്ക് വിടാവുന്നതുമാണ്.
വാളയാറിൽ അതിക്രൂരമായ ലൈംഗിക പീഡനത്തിന്നിരയായ പെൺകുട്ടികൾ കൊല്ലപ്പെട്ടു. യഥാർത്ഥ പ്രതികൾ കാണാമറയത്ത്. പ്രതിപ്പട്ടികയിൽ ചിലർ പ്രതികളായി ചേർക്കപ്പെട്ടു. ദുർബലമായ ചാർജ് ഷീറ്റിന്റെ ബലത്തിൽ അവർ പാലക്കാട് സെഷൻസ് കോടതിയിൽ നിന്നും ഊരിപ്പോരുകയും ചെയ്തു. കേസ് അന്വേഷണത്തിനു നേതൃത്വം നൽകി പ്രതിപ്പട്ടികയിലുള്ളവരെ രക്ഷിക്കാൻ നേതൃത്വം നൽകിയത് പൊലീസും. ഇതാണ് വാളയാറിൽ ഉയർന്ന ആരോപണം. വാളയാർ കേസിന്റെ എല്ലാ ഘട്ടത്തിലും ഒത്തുകളി ദൃശ്യമാണ്. അതിനാൽ കേസിൽ പുനരന്വേഷണം ആവശ്യമാണ്.
വാളയാർ കുട്ടികൾക്ക് നീതി നിഷേധിക്കപ്പെട്ടു എന്ന് മനസിലാക്കി സാമൂഹിക-സാംസ്‌കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ രൂപീകൃതമായ ജസ്റ്റിസ് ഫോർ വാളയാർ കിഡ്‌സ് ഫോറമാണ് വാളയാറിൽ പ്രതിഷേധം ശക്തമാക്കിയത്.. വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ ലൈംഗിക പീഡനത്തിനിരയായി മരിച്ച സംഭവത്തിൽ പൊലീസിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചതായി ജുഡീഷ്യൽ കമ്മിഷനും റിപ്പോർട്ട് നൽകിയിരുന്നു.
മുൻ ജില്ലാ ജഡ്ജിയും സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അധ്യക്ഷനുമായ പി.കെ.ഹനീഫയെയാണു ജുഡീഷ്യൽ കമ്മിഷനായി നിയോഗിച്ചിരുന്നത്. ഏറെ കോളിളക്കമുണ്ടാക്കിയ ഈ കേസിൽ കുറ്റക്കാർക്കെതിരെ കർശന നടപടിക്കാണ് കമ്മിഷൻ റിപ്പോർട്ടിൽ ശുപാർശ ചെയ്തത്.
ഡിവൈഎസ്പി സോജനെ ക്രൈംബ്രാഞ്ച് എസ്പിയാക്കുന്നതാണ് പിന്നീട് കണ്ടത്. പ്രായപൂർത്തിയാകാത്ത ഈ രണ്ടു പെൺകുട്ടികൾ സ്വമനസോടെ ലൈംഗിക ആവശ്യങ്ങൾക്ക് നിന്ന് കൊടുത്തതാണ് എന്നാണ് ഒരു ചാനലിൽ ഡിവൈഎസ്പി പറഞ്ഞത്. ഇതേ ഡിവൈഎസ്പിയാണ് എസ്പിയായി നിയമിതനായി. സോജനെ എസ്പിയാക്കിയ പ്രമോട്ട് ചെയ്ത സർക്കാർ നടപടിക്കെതിരെ വ്യാപക പ്രതിഷേധവും ഉയർന്നിട്ടുണ്ട്. 52 ദിവസത്തെ ഇടവേളയിൽ പതിമൂന്നും ഒമ്പതും വയസ്സുള്ള രണ്ട് ദളിത് സഹോദരിമാർ വാളയാറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കേസ് ആണിത്.
പതിമൂന്നുകാരിയായ മൂത്ത പെൺകുട്ടി മരിക്കുന്നത് 2017 ജനുവരി 13 -ന് വൈകുന്നേരം നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ്. മാർച്ച് 4 -ന് ഇളയകുട്ടിയും ഇതേ രീതിയിൽ മരിച്ചു. ക്രൂരമായ ലൈംഗിക പീഡനത്തിന് ഈ പിഞ്ചു കുട്ടികൾ ഇരകളായിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വെളിപ്പെടുത്തിയത്.
പാലക്കാട് സെഷൻസ് കോടതി പുച്ഛത്തോടെ കണ്ട എഫ്ഐആർ ആയിരുന്നു വാളയാർ കേസിലേത്. അത്രയും ദുർബലമായ ചാർജ് ഷീറ്റ് ആണ് കോടതിയിൽ സമർപ്പിക്കപ്പെട്ടത്. അതുകൊണ്ട് തന്നെ പ്രതികളായി പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്ന ആറു പ്രതികളും രക്ഷപ്പെട്ടു. സിപിഎമ്മുകാരായിരുന്നു പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടത്. ആദ്യ പെൺകുട്ടി തൂങ്ങിമരിച്ച നിലയിൽ കണ്ടപ്പോൾ ഇളയ സഹോദരി വീട്ടിൽ നിന്ന് മുഖം മറച്ച രണ്ടു പേർ ഓടിപ്പോകുന്നതായി കണ്ടതായി പറഞ്ഞിരുന്നു. തുടർന്നാണ് ഈ പെൺകുട്ടിയെയെയും അതേ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇളയ പെൺകുട്ടിയുടെ മൊഴി കേസിലില്ല. പൊലീസ് മരണങ്ങൾ ആത്മഹത്യയാക്കി മാറ്റി.
രണ്ടുമാസത്തിനിടെ ഉണ്ടായ ഈ മരണങ്ങളിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യമാണ് പിന്നീട് ഉയർന്നു വന്നത്. വാളയാർ പോക്‌സോ കേസ് പ്രതിയുടെ അഭിഭാഷകനെ ജില്ല ശിശുക്ഷേമ സമിതി ചെയർമാനാക്കി മാറ്റിയതും വിവാദമായിരുന്നു.