
സ്വന്തം ലേഖകൻ
കൊച്ചി: വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാരോപിച്ചുള്ള കേസ് നിലനിൽക്കില്ലെന്നു കേരള ഹൈക്കോടതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പുനലൂർ പൊലീസ് റജിസ്റ്റർ ചെയ്ത് കേസിൽ പ്രതിയായ കൊല്ലം സ്വദേശി ടിനോ തങ്കച്ചൻ നൽകിയ ഹർജി അനുവദിച്ചാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്.
പരാതിക്കാരി വിവാഹിതയാണെങ്കിൽ നിയമപരമായി മറ്റൊരു വിവാഹം സാധിക്കാത്ത നിലയ്ക്ക് വ്യാജ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാരോപിച്ച് നടപടിയെടുക്കാനാവില്ല. ഇത്തരം സാഹചര്യത്തിൽ വ്യാജ വിവാഹ വാഗ്ദാനത്തിന്റെ പ്രശ്നം ഉദിക്കുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓസ്ട്രേലിയയിൽ വച്ച് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹം ചെയ്യാമെന്നു പറഞ്ഞതു കൊണ്ടു സമ്മതിച്ചു എന്നാണു യുവതിയുടെ പരാതി. എന്നാൽ, വിവാഹിതയായ യുവതി പ്രണയത്തിലുള്ള വ്യക്തിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട കേസ് ആണിതെന്നു കോടതി പറഞ്ഞു. യുവതി ഭർത്താവിൽ നിന്നു പിരിഞ്ഞു താമസിക്കുകയാണെങ്കിലും വിവാഹമോചന നടപടികൾ പുരോഗമിക്കുന്നതേ ഉള്ളൂ.
വിവാഹിതരാകാൻ തീരുമാനിച്ചുവെന്നും പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേർപ്പെട്ടുവെന്നും പ്രഥമ വിവര മൊഴിയിൽ പറയുന്നുണ്ട്. നിയമപരമായി നടപ്പാക്കാനാകാത്ത വിവാഹ വാഗ്ദാനം പീഡനക്കേസിലെ പ്രോസിക്യൂഷൻ നടപടികൾക്ക് ആധാരമാക്കാൻ കഴിയില്ലെന്നു വിലയിരുത്തിയ കോടതി കേസ് റദ്ദാക്കി.